Sunday, August 21, 2011

കരിമണല്‍ കവരാന്‍ കറുത്ത വഴികള്‍

കൊല്ലം: സമൃദ്ധി നിറഞ്ഞ വെള്ളനാതുരുത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ പഴമക്കാരുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. പാടശേഖരവും താമരപ്പൊയ്കയും നിറഞ്ഞതായിരുന്നു ഈ കടലോര ഗ്രാമം. കമ്പോളത്തില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന കറുത്ത മണലിന്റെ (ധാതുമണല്‍) സാന്നിധ്യമാണ് അവയെല്ലാം തകിടം മറിച്ചത്. ഈ മേഖലയില്‍നിന്ന് പോയ ആലപ്പാടന്‍ കയറില്‍ ധാതുമണലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് വെള്ളക്കാര്‍ എത്തിയത് ചരിത്രം. 85 ശതമാനംവരെ ധാതുക്കള്‍ അടങ്ങിയതാണ് വെള്ളനാതുരുത്തിലെ മണല്‍ . ഇത് കൈക്കലാക്കാന്‍ ബ്രിട്ടീഷ് കമ്പനിയായ എച്ച്എന്‍ഡബ്ല്യൂ ആണ് ആദ്യം എത്തിയത്. പിന്നീട് ഇന്ത്യന്‍ സ്വകാര്യ കമ്പനിയായ എഫ് എഫ് പെരേരയുടെ ഊഴമായി. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് എന്ന ഐആര്‍ഇയുടെ ഉദയത്തോടെ ഖനനം പൊതുമേഖലയിലായി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ആണവോര്‍ജവകുപ്പിനു കീഴില്‍ 1963 മുതല്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍ഇ വെള്ളനാതുരുത്തില്‍നിന്ന് ഖനനം ആരംഭിക്കുന്നത് 1970ല്‍ ആണ്. വെള്ളനാതുരുത്തില്‍നിന്ന് ദിവസേന 70 ലോഡ് വരെ കമ്പനിയില്‍ എത്തുന്നു. ധാതുസമ്പുഷ്ടമാണ് ഇവിടത്തെ മണല്‍ . 80 ശതമാനം വരെ ഇല്‍മനൈറ്റ് ഇതിലുണ്ട്. 8500 രൂപയാണ് ഒരു ടണ്‍ ഇല്‍മനൈറ്റിന്റെ ഇപ്പോഴത്തെ വില. ടണ്ണിന് 1.08 ലക്ഷം രൂപ വിലയുള്ള സില്‍ക്കണും 98,000 രൂപ വിലയുള്ള റൂട്ടൈലും അടങ്ങിയ മണ്ണ് കമ്പനിക്ക് വന്‍ ലാഭമുണ്ടാക്കി. ഉല്‍പ്പാദന പ്രതിസന്ധികള്‍ നിരവധിയുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 35 കോടിയായിരുന്നു കമ്പനിയുടെ ലാഭം.
കമ്പനിയുടെ ഗ്രാഫ് കുത്തനെ ഉയരുന്നതിനിടെ വെള്ളനാതുരുത്തിന്റെ വിസ്തൃതി പ്രതിവര്‍ഷം കുറഞ്ഞുവന്നു. കടലിനും ടി എസ് കായലിനും മധ്യേ മൂന്നു കിലോമീറ്റായിരുന്ന വീതി ഇന്ന് വെറും 400 മീറ്ററായി കുറഞ്ഞു. കടല്‍ഭിത്തിയുടെ നിര്‍മാണം സര്‍ക്കാരില്‍നിന്ന് കമ്പനി ഏറ്റെടുക്കുക കൂടി ചെയ്തതോടെ തകര്‍ച്ചയുടെ ആക്കം കൂടി. 400 മീറ്റര്‍നീളത്തില്‍ കടല്‍ഭിത്തി ഇനിയും നിര്‍മിച്ചിട്ടില്ല. ഇരച്ചെത്തിയ കടല്‍ വെളുത്തമണല്‍ കോളനിയിലേക്കും കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലേക്കുമുള്ള വഴികള്‍ താറുമാറാക്കി. വാരിയിട്ടിരിക്കുന്ന കരിമണല്‍ കൊണ്ടുപോകാന്‍ കമ്പനിക്ക് മാര്‍ഗമില്ലാതായി. പുതിയ ഖനനവും മുടങ്ങി. ഇതോടെ കമ്പനിക്ക് പ്രയോജനപ്പെടും വിധം റോഡ് പുനര്‍നിര്‍മിക്കാനുള്ള പണികള്‍ ദ്രുതഗതിയില്‍ നടക്കുന്നു. കടല്‍ ഭിത്തികെട്ടി അവശേഷിക്കുന്ന വെള്ളനാതുരുത്തിനെ സംരക്ഷിക്കാന്‍ അപ്പോഴും നടപടിയില്ല.

കരിമണല്‍ എടുക്കാന്‍ ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്കുള്ള പാക്കേജ് വര്‍ഷങ്ങളായി ചര്‍ച്ചയിലാണ്. സെന്റിന് ഒരു ലക്ഷം രൂപ നല്‍കുക, ധാതുക്കള്‍ എടുത്തശേഷമുള്ള മണലിട്ട് മൂന്നു വര്‍ഷത്തിനകം ഭൂമി തിരിച്ചുകൊടുക്കുക, വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ വീട് വയ്ക്കാന്‍ പുതിയ പിഡബ്ല്യുഡി നിരക്കുപ്രകാരമുള്ള തുക നല്‍കുക, അതുവരെയുള്ള കാലത്തേക്ക് താമസിക്കാനുള്ള വീട്ടുവാടക തരുക തുടങ്ങിയവയാണ് നാട്ടുകാരുടെ ഡിമാന്റുകള്‍ . എന്നാല്‍ , ഇവ അംഗീകരിക്കാന്‍ കമ്പനി തയ്യാറാകുന്നില്ല. കടലാക്രമണത്തിന്റെ ഭീഷണിയില്‍ ഭൂമി വിട്ടുകൊടുക്കാന്‍ വെള്ളനാതുരുത്തുകാര്‍ നിര്‍ബന്ധിതരാകുമെന്ന് അവര്‍ക്കറിയാം. കുറഞ്ഞ ചെലവില്‍ കരിമണല്‍ കിട്ടാന്‍ ഈ കറുത്ത വഴിയുള്ളപ്പോള്‍ വെള്ളനാതുരുത്തിന്റെ ദുരിതം ആര്‍ക്കു കാണണം.
(ആര്‍ സാംബന്‍)

ദേശാഭിമാനി 210811

1 comment:

  1. സമൃദ്ധി നിറഞ്ഞ വെള്ളനാതുരുത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ പഴമക്കാരുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. പാടശേഖരവും താമരപ്പൊയ്കയും നിറഞ്ഞതായിരുന്നു ഈ കടലോര ഗ്രാമം. കമ്പോളത്തില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന കറുത്ത മണലിന്റെ (ധാതുമണല്‍) സാന്നിധ്യമാണ് അവയെല്ലാം തകിടം മറിച്ചത്. ഈ മേഖലയില്‍നിന്ന് പോയ ആലപ്പാടന്‍ കയറില്‍ ധാതുമണലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് വെള്ളക്കാര്‍ എത്തിയത് ചരിത്രം. 85 ശതമാനംവരെ ധാതുക്കള്‍ അടങ്ങിയതാണ് വെള്ളനാതുരുത്തിലെ മണല്‍ . ഇത് കൈക്കലാക്കാന്‍ ബ്രിട്ടീഷ് കമ്പനിയായ എച്ച്എന്‍ഡബ്ല്യൂ ആണ് ആദ്യം എത്തിയത്. പിന്നീട് ഇന്ത്യന്‍ സ്വകാര്യ കമ്പനിയായ എഫ് എഫ് പെരേരയുടെ ഊഴമായി. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് എന്ന ഐആര്‍ഇയുടെ ഉദയത്തോടെ ഖനനം പൊതുമേഖലയിലായി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ആണവോര്‍ജവകുപ്പിനു കീഴില്‍ 1963 മുതല്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍ഇ വെള്ളനാതുരുത്തില്‍നിന്ന് ഖനനം ആരംഭിക്കുന്നത്

    ReplyDelete