Monday, August 15, 2011

ഡല്‍ഹിയില്‍ ഇനി "രസ"മില്ല

ന്യൂഡല്‍ഹി: മാരകവിഷമായ മെര്‍ക്കുറി (രസം) വിമുക്തമായ ആദ്യ ഇന്ത്യന്‍ സംസ്ഥാനമെന്ന് പദവി ഡല്‍ഹിക്ക്. ഇവിടെ 60 വന്‍കിട ആശുപത്രികള്‍ കൂടി മെര്‍ക്കുറി ഉപയോഗിച്ചുള്ള പരിശോധന ഉപകരണങ്ങള്‍ ഉപേക്ഷിച്ചതോടെ ഘട്ടം ഘട്ടമായ മെര്‍ക്കുറി നിരോധനം ഒരുവര്‍ഷം കൊണ്ട് യാഥാര്‍ഥ്യമായി. ആശുപത്രികള്‍ പുറന്തള്ളുന്ന മെര്‍ക്കുറി ഉപകരണങ്ങള്‍ മറ്റ് മാലിന്യത്തിനൊപ്പം കത്തിക്കുന്നത് ഗുരുതരമായ പരിസ്ഥിതി-ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിലെത്തുന്ന മെര്‍ക്കുറി ഗര്‍ഭിണികളിലും ഗര്‍ഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കും. ഇന്ത്യന്‍ ആശുപത്രികളില്‍നിന്നുള്ള മെര്‍ക്കുറി മലിനീകരണം അമേരിക്കയിലുള്ളതിന്റെ നാലുമുതല്‍ 12 മടങ്ങുവരെ അധികമാണെന്ന് കണ്ടെത്തിയിരുന്നു.

ഡല്‍ഹി മലിനീകരണ നിയന്ത്രണബോര്‍ഡ് 2010ല്‍ മെര്‍ക്കുറി ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് ഒരുവര്‍ഷം കൊണ്ട് എല്ലാ ആശുപത്രികളിലും നടപ്പാക്കിയത്. 50 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികളിലാണ് ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്. കേടാകുന്ന മെര്‍ക്കുറി ഉപകരണങ്ങള്‍ മാലിന്യക്കൂമ്പാരത്തിലേക്ക് തള്ളുന്നതിനുപകരം പുനരുല്‍പ്പാദനത്തിനായി നിര്‍മാതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കാനാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് പദ്ധതി. മെര്‍ക്കുറിക് ഉപകരണങ്ങള്‍ക്കുബദലായി ഡിജിറ്റല്‍ , അനറോയിഡ് ഉപകരണങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. തെര്‍മോമീറ്റര്‍ , രക്തസമ്മര്‍ദം അളക്കാനുള്ള ഉപകരണം, ദന്താശുപത്രികളില്‍ ഉപയോഗിക്കുന്ന മിശ്രിതം തുടങ്ങിയവയാണ് മെര്‍ക്കുറി കൂടുതലായി ആവശ്യം. വന്‍കിട ആശുപത്രികളില്‍ മാസത്തില്‍ 70 മുതല്‍ 100 വരെ തെര്‍മോമീറ്റര്‍ കേടാകുന്നുവെന്നാണ് കണക്ക്. ചില ആശുപത്രികള്‍ കേടായ മെഡിക്കല്‍ ഉപകരണങ്ങളില്‍നിന്നും മെര്‍ക്കുറി ശേഖരിച്ച് വില്‍പ്പന നടത്താറുണ്ട്. ഇത്തരം മെര്‍ക്കുറി ശേഖരിച്ച് വീണ്ടും തെര്‍മോമീറ്ററും മറ്റു ഉപകരണങ്ങളും നിര്‍മിച്ച് വില്‍ക്കുന്ന ഏജന്‍സികളുണ്ട്. ഡല്‍ഹിയില്‍നിന്ന് 50 കിലോയിലധികം മെര്‍ക്കുറി ലഭിക്കാറുണ്ടെന്ന് തെര്‍മോമീറ്റര്‍ നിര്‍മാതാക്കളായ അനിത ഇന്‍ഡസ്ട്രീസ് മലിനീകരണ നിയന്ത്രണബോര്‍ഡിനെ അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ പുറന്തള്ളപ്പെടുന്ന മെര്‍ക്കുറി മാലിന്യം അളവ് നിശ്ചയിക്കപ്പെട്ട അളവിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ , ഇതുസംബന്ധിച്ച് കേരളത്തില്‍ പഠനം ഉണ്ടായിട്ടില്ല.

deshabhimani 140811

1 comment:

  1. മാരകവിഷമായ മെര്‍ക്കുറി (രസം) വിമുക്തമായ ആദ്യ ഇന്ത്യന്‍ സംസ്ഥാനമെന്ന് പദവി ഡല്‍ഹിക്ക്. ഇവിടെ 60 വന്‍കിട ആശുപത്രികള്‍ കൂടി മെര്‍ക്കുറി ഉപയോഗിച്ചുള്ള പരിശോധന ഉപകരണങ്ങള്‍ ഉപേക്ഷിച്ചതോടെ ഘട്ടം ഘട്ടമായ മെര്‍ക്കുറി നിരോധനം ഒരുവര്‍ഷം കൊണ്ട് യാഥാര്‍ഥ്യമായി. ആശുപത്രികള്‍ പുറന്തള്ളുന്ന മെര്‍ക്കുറി ഉപകരണങ്ങള്‍ മറ്റ് മാലിന്യത്തിനൊപ്പം കത്തിക്കുന്നത് ഗുരുതരമായ പരിസ്ഥിതി-ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിലെത്തുന്ന മെര്‍ക്കുറി ഗര്‍ഭിണികളിലും ഗര്‍ഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കും. ഇന്ത്യന്‍ ആശുപത്രികളില്‍നിന്നുള്ള മെര്‍ക്കുറി മലിനീകരണം അമേരിക്കയിലുള്ളതിന്റെ നാലുമുതല്‍ 12 മടങ്ങുവരെ അധികമാണെന്ന് കണ്ടെത്തിയിരുന്നു.

    ReplyDelete