ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഭരണം അവസാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാണുന്നു. സ്വേച്ഛാധിപത്യ വാഴ്ചയില്‍നിന്നുള്ള ലിബിയന്‍ ജനതയുടെ മോചനമായി ചിലര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. ഉത്തരാഫ്രിക്കയിലെ എണ്ണസമ്പന്നമായ ലിബിയയുടെ മേല്‍ അമേരിക്കയുടെ കഴുകന്‍കണ്ണ് പതിയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അഫ്ഗാനിസ്ഥാന്‍ , ഇറാഖ് എന്നീ രാഷ്ട്രങ്ങളെ സൈനികശേഷിയും ആയുധശക്തിയും ഉപയോഗിച്ച് കീഴ്പ്പെടുത്തിയതിന് ശേഷം പുതിയ മേച്ചില്‍പ്പുറം അന്വേഷിക്കുകയായിരുന്നു അമേരിക്ക. ടുണീഷ്യയില്‍ അടുത്തകാലത്ത് ഭരണമാറ്റമുണ്ടായി. ഈജിപ്തില്‍ ഹോസ്നി മുബാറക്കിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കണ്ടു. തൊഴിലാളിവര്‍ഗവും ജനങ്ങളുമാണ് മുബാറക്കിന്റെ ഭരണത്തിന് വിരാമമിട്ടത്. അവിടെ അമേരിക്കയുടെ ഇടപെടല്‍ വിജയം കണ്ടില്ല. ഈ പ്രത്യേക സാഹചര്യത്തിലാണ് ഗദ്ദാഫിക്കെതിരായ നീക്കം ആരംഭിച്ചത്.
ഗദ്ദാഫിയുടെ പതനം സ്വയംകൃതാനര്‍ഥമാണെന്നതില്‍ സംശയമില്ല. ഉറച്ച സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച ഭരണാധികാരിയായിരുന്നു ഗദ്ദാഫി. ലിബിയക്കു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ , ജനഹിതം മാനിക്കാതെ സ്വേച്ഛാധിപത്യ വാഴ്ചയിലേക്ക് അടുത്തകാലത്ത് ലിബിയ മാറി. ഭരണാധികാരം ഗദ്ദാഫി മക്കളെ ഏല്‍പ്പിച്ചു. അവര്‍ അഴിമതി നടത്തി. ദുര്‍ഭരണം കാരണം ജനങ്ങളില്‍നിന്ന് ഗദ്ദാഫി ഒറ്റപ്പെട്ടു. ഭാവിഭരണാധികാരിയായി ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാമിനെ ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ചതും ജനരോഷം ആളിക്കത്തിക്കാന്‍ ഇടവരുത്തി. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം ജനങ്ങളെ നേരിടാന്‍ പട്ടാളത്തെ ഉപയോഗിക്കാനാണ് ഗദ്ദാഫി തീരുമാനിച്ചത്. നിരപരാധികളായ പൗരന്‍മാര്‍ക്ക് ജീവഹാനിയുണ്ടാകാന്‍ ഇത് ഇടവരുത്തി. ഗദ്ദാഫി ഒരുപക്ഷേ ഇതൊക്കെ അതിജീവിക്കുമായിരുന്നു. നാറ്റോ സേനയുടെ നഗ്നമായ ഇടപെടലാണ് ഗദ്ദാഫിയുടെ പതനത്തിന് ഇടയാക്കിയത്. ലിബിയയിലെ ജനങ്ങള്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെടുന്ന ഭരണാധികാരിയെ അധികാരത്തിലെത്തിക്കാന്‍ അവകാശമുണ്ട്. ജനവിരുദ്ധനയം സ്വീകരിക്കുന്ന ഭരണാധികാരിയെ അധികാരത്തില്‍നിന്ന് ചവിട്ടിപ്പുറത്താക്കാനും അവര്‍ക്ക് കഴിയണം. എന്നാല്‍ , വിദേശശക്തികള്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ആഭ്യന്തര പ്രശ്നത്തില്‍ പക്ഷംപിടിച്ച് ഇടപെടുന്നത് ശരിയാണോ എന്ന പ്രസക്തമായ ചോദ്യമാണ് ലിബിയന്‍ പ്രശ്നത്തില്‍ ഉയര്‍ന്നുവരുന്നത്. ലിബിയയില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അനാവശ്യമായാണ് ഇടപെടുന്നത്.
ലിബിയന്‍ ജനതയുടെ ജീവന്‍ രക്ഷിക്കാനും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുമാണ് നാറ്റോ സേന ഇടപെട്ടതെന്ന വാദം പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ലിബിയയില്‍ യുദ്ധവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന വിധത്തില്‍ വ്യോമനിരോധിത മേഖല അടിച്ചേല്‍പ്പിക്കാന്‍ രക്ഷാസമിതി പ്രമേയം പാസാക്കുകയുണ്ടായി. ഈ പ്രമേയം സര്‍വസമ്മതമായി അല്ല പാസാക്കിയത്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പാശ്ചാത്യ ചേരിയിലെ ജര്‍മനിയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഈ പ്രമേയത്തിന്റെ മറവില്‍ നാറ്റോ സേന ലിബിയയില്‍ നഗ്നമായി ഇടപെടുകയാണുണ്ടായത്. ലിബിയയില്‍ ബോംബ് വര്‍ഷിച്ചു. ഗദ്ദാഫിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ വസതിക്ക് മുകളിലും ബോംബിട്ടു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നുവെന്ന വ്യാജേന ലിബിയയില്‍ ഇടപെട്ട നാറ്റോ സേനയുടെ ബോംബാക്രമണത്തില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമായി. വിമതന്‍മാര്‍ വിജയിച്ചത് നാറ്റോ സേനയുടെ സഹായംകൊണ്ട് മാത്രമാണെന്ന് അര്‍ഥം.
എണ്ണസമ്പന്നമായ ലിബിയയുടെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ കുതന്ത്രമാണ് താല്‍ക്കാലികമായെങ്കിലും വിജയിച്ചത്. ലിബിയന്‍ ജനതയുടെ മോചനമല്ല, മറിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പുനര്‍കോളനിവല്‍ക്കരണ നയമാണ് ലിബിയയില്‍ വിജയം കണ്ടത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുക തന്നെചെയ്യും. അമേരിക്കന്‍ സാമ്രാജ്യത്വം അഗാധമായ സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുന്ന സന്ദര്‍ഭമാണിത്. 2008ല്‍ ആരംഭിച്ച കുഴപ്പത്തില്‍നിന്ന് കരകയറാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. വായ്പാപരിധി വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റ് ബറാക് ഒബാമയുടെ ശ്രമം താല്‍ക്കാലികമായി വിജയിച്ചെങ്കിലും മറ്റ് കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിടുന്ന നടപടിയായി വേണം ഇതിനെ കാണാന്‍ . സമ്പന്നര്‍ക്ക് നികുതി ചുമത്തി റവന്യൂ വരുമാനം വര്‍ധിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ കക്ഷി ഒബാമയെ അനുവദിച്ചിട്ടില്ല. പൊതുചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്ന സമ്മര്‍ദം ശക്തിപ്പെടുത്തിയിരിക്കുകയുമാണ്. ജനജീവിതം കൂടുതല്‍ ദുഷ്കരമാക്കാനും തൊഴിലില്ലായ്മ വര്‍ധിക്കാനും ഇടവരുത്തും എന്നതാണ് ഇതിന്റെ ഫലം. അതാകട്ടെ കൂടുതല്‍ ദുരിതങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുക. സാമ്പത്തികക്കുഴപ്പത്തില്‍പ്പെട്ട് നട്ടംതിരിയുമ്പോഴും ലോകത്തിന്റെമേല്‍ സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം വര്‍ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും ആധിപത്യം ഉറപ്പിച്ചതായി അവകാശപ്പെടുമ്പോഴും അവിടെ അസ്വാസ്ഥ്യം തുടരുകയാണ്. ലിബിയയുടെമേല്‍ ആധിപത്യമുറപ്പിക്കുന്നതോടെ ഇറാന്റെമേല്‍ പിടിമുറുക്കാനായിരിക്കും അമേരിക്കയുടെ ശ്രമം. അമേരിക്കയുടെ വലംകൈയായ ഇസ്രയേലാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് സഹായകരമായ നിലപാട് എടുക്കുന്നത്. പലസ്തീന്‍ ജനതക്കെതിരായി ഇസ്രയേല്‍ യുദ്ധം തുടരുകയാണ്. എന്നാല്‍ , ഈജിപ്തിലെ ഭരണമാറ്റം ഇസ്രയേലിന് തിരിച്ചടിയായി മാറിയിരിക്കുന്നു. അവിടെനിന്ന് ഇസ്രയേല്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. ഗാസയിലേക്കുള്ള വഴി ഇസ്രയേല്‍ അടച്ചെങ്കിലും ഈജിപ്ത് അവരുടെ മേഖലയിലുള്ള വഴി തുറന്നുകൊടുത്തിരിക്കുകയാണ്. സിറിയയിലും ആഭ്യന്തരക്കുഴപ്പം നിലനില്‍ക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പുത്തന്‍ വിപത്ത് തിരിച്ചറിയുകതന്നെ വേണം. പാകിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നഗ്നമായ ഇടപെടലാണ് നടത്തുന്നത്. ചൈനക്കെതിരെ ഇന്ത്യയെ ആയുധമാക്കാന്‍ എല്ലാ കരുനീക്കങ്ങളും നടത്തുന്നുണ്ട്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നാറ്റോ സേന ഇടപെടുന്നത് തടഞ്ഞില്ലെങ്കില്‍ ഭാവി അപകടം നിറഞ്ഞതായിരിക്കും. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സേന ലിബിയയില്‍ ഇടപെട്ടതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ത്യ തയ്യാറാവുകതന്നെ വേണം.
deshabhimani editorial 240811
ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഭരണം അവസാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാണുന്നു. സ്വേച്ഛാധിപത്യ വാഴ്ചയില്‍നിന്നുള്ള ലിബിയന്‍ ജനതയുടെ മോചനമായി ചിലര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. ഉത്തരാഫ്രിക്കയിലെ എണ്ണസമ്പന്നമായ ലിബിയയുടെ മേല്‍ അമേരിക്കയുടെ കഴുകന്‍കണ്ണ് പതിയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അഫ്ഗാനിസ്ഥാന്‍ , ഇറാഖ് എന്നീ രാഷ്ട്രങ്ങളെ സൈനികശേഷിയും ആയുധശക്തിയും ഉപയോഗിച്ച് കീഴ്പ്പെടുത്തിയതിന് ശേഷം പുതിയ മേച്ചില്‍പ്പുറം അന്വേഷിക്കുകയായിരുന്നു അമേരിക്ക. ടുണീഷ്യയില്‍ അടുത്തകാലത്ത് ഭരണമാറ്റമുണ്ടായി. ഈജിപ്തില്‍ ഹോസ്നി മുബാറക്കിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കണ്ടു. തൊഴിലാളിവര്‍ഗവും ജനങ്ങളുമാണ് മുബാറക്കിന്റെ ഭരണത്തിന് വിരാമമിട്ടത്. അവിടെ അമേരിക്കയുടെ ഇടപെടല്‍ വിജയം കണ്ടില്ല. ഈ പ്രത്യേക സാഹചര്യത്തിലാണ് ഗദ്ദാഫിക്കെതിരായ നീക്കം ആരംഭിച്ചത്.
ReplyDelete