Tuesday, August 2, 2011

ചേര്‍പ്പിലും കൈപ്പറമ്പിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

ചേര്‍പ്പ്: യൂത്ത്കോണ്‍ഗ്രസ്, ഗുണ്ടാ ആക്രമണങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചേര്‍പ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടി. കൈപ്പറമ്പില്‍ മേഖലാ ജോയിന്റ് സെക്രട്ടറിയെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചത്. ഡിവൈഎഫ്ഐ കോടന്നൂര്‍ വില്ലേജ് ജോയിന്റ് സെക്രട്ടറി കള്ളിയത്ത് ഷിബു (35)വിനെയാണ് അഞ്ചംഗസംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത്കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ കയ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറി പുറ്റേക്കര മുരിങ്ങത്തേരി നിജോണി(25)നെ ഗുരുതര പരിക്കുകളോടെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കാറില്‍ വരികയായിരുന്ന ഷിബുവിനെ ഞായറാഴ്ച പകല്‍ നാലിന് കോടന്നൂര്‍ സെന്ററില്‍ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് തോപ്പില്‍ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. മുല്ലക്കല്‍ സുരേഷ്, ചേനം പെരുമ്പിള്ളി അജി, ചേര്‍ക്കര കണ്ണന്‍ , മടത്തിശേരി വിനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് ഷിബുവിന്റെ കൈക്ക് ഗുരുതരമായ മുറിവുണ്ട്. മുഖത്തും പുറത്തും ഇടിക്കട്ട ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് ചതവുമുണ്ട്. ഒരു മാസം മുന്‍പ് അമ്മാടത്ത് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഇതേസംഘം ആക്രമിച്ചിരുന്നു. പ്രദേശത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ഈ ക്രിമിനല്‍ സംഘം നിരന്തരം ഭീഷണിയും ആക്രമണവും നടത്തിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് ആക്ഷേപമുണ്ട്. സിപിഐ എം ചേര്‍പ്പ് ഏരിയാ സെക്രട്ടറി പി ആര്‍ വര്‍ഗീസ്, കമ്മിറ്റിയംഗം സെബി ജോസഫ് എന്നിവര്‍ ഷിബുവിനെ സന്ദര്‍ശിച്ചു. ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും വര്‍ഗീസ് പറഞ്ഞു ഞായറാഴ്ച പകല്‍ രണ്ടിന് ബൈക്കില്‍ വരികയായിരുന്ന നിജോണിനെ യൂത്ത് കോണ്‍ഗ്രസുകാരായ അഭിലാഷ്, ധനേഷ്, മണി, വിജിത് എന്നിവര്‍ ആക്രമിക്കുകയായിരുന്നു. കരിങ്കല്ലുകൊണ്ടുള്ള മര്‍ദനമേറ്റ് നിജോണിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായ പരിക്കുണ്ട്. ഇയാളുടെ ബൈക്കും അക്രമികള്‍ തകര്‍ത്തു.

തച്ചനടിയില്‍ കോണ്‍ഗ്രസ് അക്രമം; 6 സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വടക്കഞ്ചേരി: തച്ചനടിയില്‍ സിപിഐ എം പ്രതിഷേധ പ്രകടനത്തെ കോണ്‍ഗ്രസ് - ഐഎന്‍ടിയുസി സംഘം ആക്രമിച്ചു. സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ആറ് പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ജി ബാബു, സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ചെല്ലമണി, ലോക്കല്‍ കമ്മിറ്റിയംഗം മോഹനന്‍ , പ്രവര്‍ത്തകരായ ബാലന്‍ , വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് പാട്ടോലയില്‍ രാജേഷിനെ ഒരു സംഘം കോണ്‍ഗ്രസ് -ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഞായറാഴ്ച രാവിലെ രാജേഷിന്റെ വിടാക്രമിക്കുകയും രാജേഷിന്റെ സഹോദരനെയും ഭാര്യയേയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തച്ചനടിയില്‍ പ്രകടനം നടത്തുന്നതിനിടെ ഐഎന്‍ടിയുസി ഓഫീസില്‍ നിന്ന് കല്ലെറിയുകയും മാരകായുധങ്ങളുമായി പ്രകടനത്തെ ആക്രമിക്കുകയുമായിരുന്നു. പ്രതിഷേധ പ്രകടനത്തെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചതിലാണ് മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റത്.

പഞ്ചായത്ത് ഭരണം ലഭിച്ചതിന്റെ അഹങ്കാരത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോക്കല്‍ സെക്രട്ടറി എ കെ സെയ്ത്മുഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകിട്ട് പ്രകടനം നടത്തിയ സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സ്ഥലത്ത് സംഘര്‍ഷ സാധ്യതയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ പൊലീസ് സംഘം തച്ചനടിയില്‍ ക്യാമ്പ് ചെയ്യുന്നു. പ്രതിഷേധ പ്രകടനത്തിന് കെ ബാലന്‍ , പി ഗംഗാധരന്‍ , ടി കണ്ണന്‍ , സി കെ നാരായണന്‍ , കെ വി കുമാരന്‍ , എം കെ സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

deshabhimani 020811

1 comment:

  1. യൂത്ത്കോണ്‍ഗ്രസ്, ഗുണ്ടാ ആക്രമണങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചേര്‍പ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടി. കൈപ്പറമ്പില്‍ മേഖലാ ജോയിന്റ് സെക്രട്ടറിയെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചത്. ഡിവൈഎഫ്ഐ കോടന്നൂര്‍ വില്ലേജ് ജോയിന്റ് സെക്രട്ടറി കള്ളിയത്ത് ഷിബു (35)വിനെയാണ് അഞ്ചംഗസംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത്കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ കയ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറി പുറ്റേക്കര മുരിങ്ങത്തേരി നിജോണി(25)നെ ഗുരുതര പരിക്കുകളോടെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

    ReplyDelete