Tuesday, August 2, 2011

അഴിമതി തിരിച്ചുവന്നു ചെക്ക്പോസ്റ്റുകളില്‍ ദല്ലാള്‍മാരുടെ ആധിപത്യം

പാലക്കാട്: ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ദല്ലാള്‍മാര്‍ സജീവമായി. അട്ടപ്പാടിയിലെ ആനക്കട്ടി മുതല്‍ മുതലമട പഞ്ചായത്തിലെ ചമ്മണാംപതി വരെയുള്ള ചെക്ക്പോസ്റ്റുകളിലാണ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി കൈക്കൂലി വാങ്ങാന്‍ ദല്ലാള്‍മാര്‍ രംഗത്തുവന്നിട്ടുള്ളത്. ചെക്ക്പോസ്റ്റിനോടനുബന്ധിച്ച് ചെറുകിട കച്ചവടം നടത്തുന്നവരില്‍ ചിലരാണ് ദല്ലാള്‍പണി ആരംഭിച്ചിട്ടുള്ളത്. ചെക്ക്പോസ്റ്റില്‍ കയറാതെ തന്നെ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ ഇവരെക്കണ്ട് പണം നല്‍കിയാല്‍ പരിശോധനകൂടാതെ കേരളത്തിലേക്ക് കടക്കാം. അഴിമതിരഹിത വാളയാര്‍പദ്ധതിയുടെ നടത്തിപ്പിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരുന്ന ജീവനക്കാരെ മാറ്റി, യുഡിഎഫ് അനുകൂല ജീവനക്കാരെ നിയമിച്ചതോടെയാണ് ദല്ലാള്‍മാര്‍ സജീവമായത്.

ചെക്ക്പോസ്റ്റുകളില്‍നിന്ന് അഴിമതി തുടച്ചുനീക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ "അഴിമതിരഹിത വാളയാര്‍ പദ്ധതി" നടപ്പാക്കിയത്. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നതോടെ അഴിമതിയും തിരിച്ചുവന്നിരിക്കുകയാണ്. ആര്‍ടി ചെക്ക്പോസ്റ്റുകളിലാണ് അഴിമതി വ്യാപകമായിട്ടുള്ളത്. വാളയാറടക്കമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞുനിര്‍ത്തി ഓരോന്നായി പരിശോധിച്ചാണ് വാണിജ്യനികുതി ചെക്ക്പോസ്റ്റിലേക്കയ്ക്കുന്നത്. ഇത് കൈക്കുലി സംഭരിക്കാനാണെന്ന് ആരോപണമുണ്ട്. സ്വകാര്യ വേ ബ്രിഡ്ജിലാണ് ചരക്ക് വാഹനങ്ങളുടെ തൂക്കം നോക്കുന്നത്. ഇങ്ങനെ രേഖപ്പെടുത്തുന്ന തൂക്കത്തില്‍ വന്‍തോതില്‍ കൃത്രിമം നടത്തുന്നുണ്ട്. ചരക്ക് വാഹനങ്ങളില്‍നിന്ന് കൈക്കൂലി പിരിക്കാനായി ചില സ്വകാര്യ വ്യക്തികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരാണ് ക്യൂനില്‍ക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍നിന്ന് പണം ഈടാക്കുന്നത്. ഗോപാലപുരം ആര്‍ടി, വാണിജ്യനികുതി ചെക്ക്പോസ്റ്റുകളില്‍ ഇപ്പോള്‍ ചരക്ക് വാഹനങ്ങള്‍ക്ക് കാത്തുകിടക്കേണ്ടി വരുന്നില്ല. ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി ജോലിചെയ്യുന്നതുകൊണ്ടല്ല ഇത്. മറിച്ച് ചരക്ക് വാഹനങ്ങളുമായി വരുന്നവര്‍ക്ക് ചെക്ക്പോസ്റ്റ് ഓഫീസുകളില്‍നിന്നും അടുത്തുള്ള മൂന്നു കടകളിലേക്ക് ചീട്ട് നല്‍കുകയാണ്. ചീട്ടില്‍ എഴുതിയ രൂപ ദല്ലാള്‍മാരായ കടക്കാരുടെ കൈയില്‍ നല്‍കിയാല്‍ വാഹനം ഓടിച്ചുപോകാം. ഗോപാലപുരത്ത് കൈക്കൂലിപണം പിരിച്ചെടുക്കാന്‍ ചായക്കടക്കാരന്‍ , എസ്ടിഡി ബൂത്ത് നടത്തിപ്പുകാരന്‍ , സിഡി വില്‍പ്പനകടക്കാരന്‍ എന്നിവരെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ ശേഖരിച്ചു വയ്ക്കുന്ന പണം ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ ഉദ്യോഗസ്ഥര്‍ വാങ്ങിക്കൊണ്ടുപോകും. ദല്ലാള്‍പണി ചെയ്യുന്ന ഇവര്‍ക്ക് നിശ്ചിത ശതമാനം പണം നല്‍കും. ഒരു ദിവസം ദല്ലാള്‍മാര്‍ക്കു മാത്രം 10,000ത്തിലധികം രൂപയുടെ വരുമാനമുണ്ടെന്നാണ് ഗോപാലപുരത്തുകാര്‍ പറയുന്നത്.

കൈക്കൂലി വ്യാപകമായതോടെ ചെക്ക്പോസ്റ്റ്കളിലെ ബാരിക്കേഡുകള്‍ എപ്പോഴും തുറന്നുതന്നെയാണ് കിടക്കുന്നത്. ഇറച്ചിക്കോഴി കൊണ്ടുവരാനുള്ള പ്രധാന ചെക്ക്പോസ്റ്റായ നടുപ്പുണിയില്‍ കോഴിക്കടത്തിന് പൈലറ്റ് പോകുന്ന ഗുണ്ടാസംഘങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ വീണ്ടും സജീവമായി രംഗത്തെത്തി. തത്തമംഗലത്തെ കോണ്‍ഗ്രസ് നേതാവിന്റെ പേരുപറഞ്ഞാണ് നടുപ്പുണിയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഇറച്ചിക്കോഴി വണ്ടി കടത്തിവിട്ടാല്‍ 600 രൂപയാണ് ഗുണ്ടാസംഘം വാങ്ങുന്നത്. ഇറച്ചിക്കോഴി വണ്ടിക്ക് പൈലറ്റായി പോകുന്ന യുവാക്കള്‍ക്ക് 500 രൂപയും രണ്ട് കോഴിയുമാണ് കൂലി. വേലന്താവളം ചെക്ക് പോസ്റ്റിനു സമീപത്തും ദല്ലാള്‍മാരെയാണ് കൈക്കൂലി വാങ്ങാന്‍ നിയോഗിച്ചിട്ടുള്ളത്. വാളയാറില്‍ ആര്‍ടി ചെക്ക്പോസ്റ്റിലെ കൈക്കൂലി വാങ്ങലിനെക്കുറിച്ച് വ്യാപക പരാതിയാണ് ഡ്രൈവര്‍മാര്‍ക്കുള്ളത്. ദല്ലാള്‍മാര്‍ കൈക്കൂലി പണം പിരിക്കുന്നതിനാല്‍ വിജിലന്‍സ് റെയ്ഡ് നടന്നാലും ഒന്നും കണ്ടെത്താനാവില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചെക്ക്പോസ്റ്റുകളില്‍ നിയമനത്തിനായി ലക്ഷങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥരാണ് കൈക്കൂലിവാങ്ങുന്നത്. കള്ളക്കടത്തും നികുതിവെട്ടിപ്പും കൂടിയതോടെ നികുതിവരുമാനത്തില്‍ ഗണ്യമായ കുറവുവന്നതായാണ് അറിയുന്നത്.

deshabhimani 020811

1 comment:

  1. ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ദല്ലാള്‍മാര്‍ സജീവമായി. അട്ടപ്പാടിയിലെ ആനക്കട്ടി മുതല്‍ മുതലമട പഞ്ചായത്തിലെ ചമ്മണാംപതി വരെയുള്ള ചെക്ക്പോസ്റ്റുകളിലാണ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി കൈക്കൂലി വാങ്ങാന്‍ ദല്ലാള്‍മാര്‍ രംഗത്തുവന്നിട്ടുള്ളത്. ചെക്ക്പോസ്റ്റിനോടനുബന്ധിച്ച് ചെറുകിട കച്ചവടം നടത്തുന്നവരില്‍ ചിലരാണ് ദല്ലാള്‍പണി ആരംഭിച്ചിട്ടുള്ളത്. ചെക്ക്പോസ്റ്റില്‍ കയറാതെ തന്നെ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ ഇവരെക്കണ്ട് പണം നല്‍കിയാല്‍ പരിശോധനകൂടാതെ കേരളത്തിലേക്ക് കടക്കാം. അഴിമതിരഹിത വാളയാര്‍പദ്ധതിയുടെ നടത്തിപ്പിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചിരുന്ന ജീവനക്കാരെ മാറ്റി, യുഡിഎഫ് അനുകൂല ജീവനക്കാരെ നിയമിച്ചതോടെയാണ് ദല്ലാള്‍മാര്‍ സജീവമായത്.

    ReplyDelete