Monday, August 22, 2011

എഫ് സി ഐയ്ക്ക് പണം നല്‍കിയില്ല; ഒരു രൂപ അരി വൈകും

സംസ്ഥാനത്ത് ഒരു രൂപയ്ക്ക് അരി വിതരണം ചെയ്യുന്ന പദ്ധതി 27ന് ഉദ്ഘാടനം ചെയ്യാനിരിക്കെ ഈ റേഷനരിക്കുള്ള തുക എഫ് സി ഐയില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതോടെ പദ്ധതി വൈകിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 30.88 ലക്ഷം സ്‌കൂള്‍കുട്ടികള്‍ക്ക് അഞ്ചു കിലോ അരി നല്‍കുന്ന പദ്ധതിയും തടസ്സപ്പെടും. അടുത്തമാസത്തേക്കുള്ള അരിയുടെ പണം ഈ മാസം 20ന് മുമ്പ് എഫ് സി ഐയില്‍ അടയ്‌ക്കേണ്ടതായിരുന്നു. ഓണക്കാലത്തെ വിതരണത്തിനായി ഇത്തവണ കൂടുതല്‍ അരി എടുക്കേണ്ടതുണ്ട്. ഇതിനുള്ള തുകയും സര്‍ക്കാര്‍ കെട്ടിവെച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിമാസം അനുവദിച്ചിട്ടുള്ള 36,000 ടണ്‍ അരിയുടെ വിലയാണ് അടയ്‌ക്കേണ്ടിയിരുന്നത്. ഇതിനു പുറമെ ഓണക്കാല വിതരണത്തിനുള്ള അധിക അരിയുടെ പണവും അടയ്‌ക്കേണ്ടതുണ്ട്. ഈ മാസം 27ന് തുക അടയ്ക്കുമെന്നും പദ്ധതി വൈകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കുറഞ്ഞവിലയ്ക്ക് അധിക അരി ഉത്സവകാല പരിധിയില്‍ അനുവദിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തിന് ആവശ്യമെങ്കില്‍ സാധാരണ വിലയ്ക്ക് അരിയെടുക്കാം. എല്ലാ വര്‍ഷവും ഓണത്തിന് ഒരുമാസം മുമ്പാണ് ഈ അരി വിതരണത്തിന് എടുക്കുന്നത്. തിരുവോണത്തിന് 18 ദിവസം മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ അധികം അരിയെടുക്കാതിരിക്കുന്നത് പൊതുവിപണിയിലെ വിലക്കയറ്റത്തിന് വഴിവയ്ക്കും.

അടുത്തമാസം ഒന്നു മുതല്‍ ബി പി എല്‍ കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോ അരി വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എ പി എല്‍ കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കിലും അരി നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിനായുള്ള അരി കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 5.90 രൂപയ്ക്കാണ് നല്‍കുന്നത്. ഇതിനു പുറമെയുള്ള അരി ആവശ്യമെങ്കില്‍ കിലോയ്ക്ക് 8.90 രൂപയ്ക്ക് നല്‍കും. 5.90 രൂപയ്ക്ക് നല്‍കുന്ന അരിയാണ് പതിവ് വിതരണത്തിന് റേഷന്‍ കടക്കാര്‍ക്ക് നല്‍കുന്നത്. ഒരു രൂപയ്ക്കുള്ള അരി പ്രത്യേകം നല്‍കാത്തത് കൊണ്ട് ഈ അരി തന്നെ ഒരു രൂപയ്ക്ക് നല്‍കണം. ചരക്ക് കൂലി, കയറ്റിറക്ക് കൂലി ഇനത്തിലെ വില കൂടി ചേര്‍ത്താണ് റേഷന്‍ കടക്കാര്‍ വിതരണം നടത്തുന്നത്. 5.90 രൂപ അരി ഒരു രൂപയ്ക്ക് നല്‍കുമ്പോള്‍ ഉണ്ടാകുന്ന 4.90 രൂപയുടെ നഷ്ടം സര്‍ക്കാര്‍ പിന്നീട് നികത്തി നല്‍കും. ബി പി എല്‍ പട്ടികയില്‍ 24.5 ലക്ഷം പേരെ ഒഴിവാക്കിയതോടെ ഗുണഭോക്താക്കളിലുണ്ടായ കുറവ് റേഷന്‍ കടക്കാരുടെ നഷ്ടം നികത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 36,000 ടണ്‍ അരി പണം അടച്ച് എടുത്താലും ഒരു രൂപ നിരക്കില്‍ 25 കിലോ അരി എല്ലാവര്‍ക്കും നല്‍കാനാകില്ല. ഇതിന് 8.90 രൂപയ്ക്ക് അരി എടുക്കേണ്ടിവരും. ഇതാകട്ടെ റേഷന്‍ കടക്കാര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. 14,203 റേഷന്‍ കടകള്‍ക്ക് കഴിഞ്ഞ നാലുമാസത്തെ കുടിശിക ഇതുവരെ പൂര്‍ണമായും നല്‍കാത്ത സാഹചര്യത്തില്‍ അവര്‍ കൂടുതല്‍ പണം നല്‍കിയെടുക്കുന്ന അരി വിതരണം ചെയ്യാന്‍ തയ്യാറാകില്ല. അരിയെടുക്കുന്നതിനും റേഷന്‍ വ്യാപാരികള്‍ മടിക്കുന്നുണ്ട്. എഫ് സി ഐയില്‍ പണം അടയ്ക്കാത്തത് കൊണ്ട് റേഷന്‍ കടക്കാര്‍ ആവശ്യപ്പെട്ടാലും ഓണവിതരണത്തിന് അരി നല്‍കാന്‍ കഴിയാത്ത സ്ഥിതി വരും. ഒപ്പം ഓണച്ചന്തകളിലും സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിലും സൗജന്യ നിരക്കിലുള്ള അരി വിതരണവും തടസ്സപ്പെടും.

janayugom 220811

1 comment:

  1. സംസ്ഥാനത്ത് ഒരു രൂപയ്ക്ക് അരി വിതരണം ചെയ്യുന്ന പദ്ധതി 27ന് ഉദ്ഘാടനം ചെയ്യാനിരിക്കെ ഈ റേഷനരിക്കുള്ള തുക എഫ് സി ഐയില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതോടെ പദ്ധതി വൈകിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 30.88 ലക്ഷം സ്‌കൂള്‍കുട്ടികള്‍ക്ക് അഞ്ചു കിലോ അരി നല്‍കുന്ന പദ്ധതിയും തടസ്സപ്പെടും. അടുത്തമാസത്തേക്കുള്ള അരിയുടെ പണം ഈ മാസം 20ന് മുമ്പ് എഫ് സി ഐയില്‍ അടയ്‌ക്കേണ്ടതായിരുന്നു. ഓണക്കാലത്തെ വിതരണത്തിനായി ഇത്തവണ കൂടുതല്‍ അരി എടുക്കേണ്ടതുണ്ട്. ഇതിനുള്ള തുകയും സര്‍ക്കാര്‍ കെട്ടിവെച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിമാസം അനുവദിച്ചിട്ടുള്ള 36,000 ടണ്‍ അരിയുടെ വിലയാണ് അടയ്‌ക്കേണ്ടിയിരുന്നത്. ഇതിനു പുറമെ ഓണക്കാല വിതരണത്തിനുള്ള അധിക അരിയുടെ പണവും അടയ്‌ക്കേണ്ടതുണ്ട്. ഈ മാസം 27ന് തുക അടയ്ക്കുമെന്നും പദ്ധതി വൈകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

    ReplyDelete