ഒമ്പത് രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുകയാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഇടതുപക്ഷ-മതേതര പാര്‍ടികള്‍ ദേശീയതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ സുപ്രധാന ചവിട്ടുപടിയായാണ് ഈ ദേശീയ പ്രക്ഷോഭം വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ചൊവ്വാഴ്ച സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാമണ്ഡലങ്ങളില്‍ കലക്ടറേറ്റുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലേക്കാണ് മാര്‍ച്ച് ചെയ്യുക. രാജ്യത്താകെ നടമാടുന്ന അഴിമതിക്കും അഴിമതിയെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ സമീപനത്തിനും എതിരായ കരുത്തന്‍ ബഹുജന മുന്നേറ്റം ഈ പ്രക്ഷോഭത്തിലൂടെ സവിശേഷഘട്ടത്തിലേക്ക് കടക്കുകയാണ്. കേരളത്തില്‍ പാമൊലിന്‍ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം എല്‍ഡിഎഫ് ഉയര്‍ത്തുന്നു.
കോടതിതന്നെ കുറ്റം ചൂണ്ടിക്കാട്ടിയിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിക്കും ആ മുഖ്യമന്ത്രിയെ വഴിവിട്ട് സംരക്ഷിക്കുന്ന യുഡിഎഫ് നേതൃത്വത്തിനുമെതിരായ; മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മൂര്‍ത്തരൂപത്തിനാണ് ചൊവ്വാഴ്ച തുടക്കമാവുക. അഴിമതിക്കെതിരെ ശക്തമായ ജനവികാരമാണ് രാജ്യത്താകെ ഉണര്‍ന്നിട്ടുള്ളത്. അണ്ണ ഹസാരെ അഴിമതിവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തോട് ആഭിമുഖ്യമോ എതിര്‍പ്പോ ഇല്ലാത്തവര്‍പോലും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടത് അഴിമതി കണ്ട് മനംമടുത്താണ്. ലക്ഷക്കണക്കിന് കോടികള്‍ കൊള്ളയടിക്കപ്പെട്ട 2ജി സ്പെക്ട്രം മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിവരെ ജനങ്ങളുടെ ക്ഷമാശക്തിയെ ചോദ്യംചെയ്യും വിധം ഭയാനകമാണ്. ഒരു സര്‍ക്കാര്‍സംവിധാനത്തിന് വിശ്വാസ്യതയുടെ തരിമ്പുപോലും അവകാശപ്പെടാനില്ലാതെ നഗ്നമായി ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കേണ്ടിവരുന്ന ഇത്തരമൊരു ദുരവസ്ഥ ചരിത്രത്തില്‍ കണ്ടെത്തുക പ്രയാസം. ജനങ്ങള്‍ കൂട്ടമായി അഴിമതിവിരുദ്ധ സമരവുമായി കൈകോര്‍ക്കുകയാണ്. ഹസാരെയെ ഞങ്ങള്‍ക്കറിയില്ല; ഞങ്ങള്‍ അഴിമതിക്കെതിരെ സമരം ചെയ്യുന്നവരാണ് എന്ന് സമരത്തില്‍ അണിചേര്‍ന്ന പലരും പറഞ്ഞതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. രാജ്യത്തിന്റെ പൊതുവായ വികാരം തിരിച്ചറിഞ്ഞ് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാവുന്ന നടപടികള്‍ക്ക് യുപിഎ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. എ രാജ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജയിലിലടയ്ക്കപ്പെട്ടത് കോടതിയുടെ കര്‍ക്കശമായ ഇടപെടല്‍മൂലമാണ്. പുറത്തുവന്നത് വലിയൊരു മഞ്ഞുമലയുടെ ചെറിയ അറ്റംമാത്രമാണെന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്കാകെ അറിയാം. പക്ഷേ, യുപിഎ നേതൃത്വംമാത്രം അത് അറിഞ്ഞില്ലെന്ന് ഭാവിക്കുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ദുര്‍ബലവും അഴിമതി തടയാന്‍ കെല്‍പ്പില്ലാത്തതുമാണ്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പോന്നത്രയും പരിഹാസ്യമായ അഭ്യാസങ്ങളിലൂടെ ജനപ്രതിനിധി സഭകളെയുള്‍പ്പെടെ മറികടന്ന് അഴിമതി സംരക്ഷണഭരണം നടത്തുകയാണ് യുപിഎ സര്‍ക്കാര്‍ . ഈ സാഹചര്യത്തിലാണ്, യുപിഎ ഇതര, എന്‍ഡിഎ ഇതര കക്ഷികള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് സംയുക്ത പ്രക്ഷോഭത്തിന് തീരുമാനമെടുത്തത്. അഴിമതി തടയാന്‍ കര്‍ശനമായ നിയമമുണ്ടാക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ദേശീയ പ്രതിഷേധദിനത്തില്‍ ഉന്നയിക്കുക. ശക്തവും ഫലപ്രദവുമായ പുതിയ ബില്‍ കൊണ്ടുവരണം. ഒപ്പം ജുഡീഷ്യല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കണം. ദേശീയ ജുഡീഷ്യല്‍ കമീഷന് വഴിയൊരുക്കുന്ന ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ പാസാക്കണം. പണാധിപത്യവും ക്രിമിനല്‍വല്‍ക്കരണവും തടയുന്നതിന് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും നടപ്പാക്കണം. കള്ളപ്പണം കണ്ടെത്താനും വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം വീണ്ടെടുക്കാനും നടപടികളുണ്ടാകണം. ജനാധിപത്യ അവകാശങ്ങള്‍ക്കും സമാധാനപരമായ സമരങ്ങള്‍ക്കുമെതിരായ ആക്രമണം അവസാനിപ്പിക്കണം-ഇങ്ങനെയുള്ള സുപ്രധാന പ്രശ്നങ്ങളാണ് ഇടതു-മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ മുന്നോട്ടുവച്ചിട്ടുള്ളത്. പ്രതിഷേധ ദിനാചരണത്തിന് ശേഷം ഒമ്പത് പാര്‍ടികളുടെ യോഗം വീണ്ടും ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ അഴിമതിവഴിയില്‍തന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് വിജിലന്‍സ് കോടതി സംശയരഹിതമായാണ് വ്യക്തമാക്കിയത്. സാക്ഷിമൊഴികളും ഇതിനകം പുറത്തുവന്ന തെളിവുകളും ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. പ്രതിചേര്‍ക്കണം എന്ന നിയമോപദേശംപോലും അട്ടിമറിച്ച് ഉമ്മന്‍ചാണ്ടിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കാന്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗിച്ചതായും തെളിഞ്ഞുകഴിഞ്ഞു. ധാര്‍മികവും രാഷ്ട്രീയവുമായ നീതിബോധം തനിക്കുണ്ടെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചവകാശപ്പെടാറുണ്ട്. കേരളചരിത്രത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഇതുവരെ ഉണ്ടാവാത്തത്ര രൂക്ഷമായ വിമര്‍ശം നീതിപീഠത്തില്‍നിന്ന് ഏറ്റുവാങ്ങേണ്ടിവന്നിട്ടും വിജിലന്‍സ് വകുപ്പ് ഒഴിയുക എന്ന കണ്ണില്‍പൊടിയിടല്‍ വിദ്യകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഉമ്മന്‍ചാണ്ടി. മന്ത്രിസഭയിലെ പലരും അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുകയാണ്. മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിതന്നെ ഇപ്പോള്‍ ആ പട്ടികയില്‍ അംഗമായിരിക്കുന്നു. കേന്ദ്രത്തിലുള്ള അഴിമതിവീരന്‍മാരില്‍നിന്ന് ഒട്ടും ഭിന്നരല്ല കേരളത്തിലെ യുഡിഎഫിനെ നയിക്കുന്നവര്‍ . അതുകൊണ്ടുതന്നെ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭം വന്‍വിജയമാക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കാകെയുണ്ട്. ഈ പ്രക്ഷോഭത്തിലും പ്രതിഷേധ ദിനാചരണത്തിലും പങ്കാളികളാവുക എന്നതാണ് ദേശാഭിമാനപരമായ കര്‍ത്തവ്യം.
deshabhimani editorial 230811
കേന്ദ്രത്തിലുള്ള അഴിമതിവീരന്‍മാരില്‍നിന്ന് ഒട്ടും ഭിന്നരല്ല കേരളത്തിലെ യുഡിഎഫിനെ നയിക്കുന്നവര്‍ . അതുകൊണ്ടുതന്നെ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭം വന്‍വിജയമാക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കാകെയുണ്ട്. ഈ പ്രക്ഷോഭത്തിലും പ്രതിഷേധ ദിനാചരണത്തിലും പങ്കാളികളാവുക എന്നതാണ് ദേശാഭിമാനപരമായ കര്‍ത്തവ്യം.
ReplyDelete