Wednesday, February 1, 2012

യൂറോ മേഖലയില്‍ തൊഴിലില്ലായ്മ 10.4 ശതമാനം

ബ്രസല്‍സ്: യൂറോ നാണ്യമായ 17 രാജ്യങ്ങള്‍ ചേര്‍ന്ന യൂറോ മേഖലയില്‍ തൊഴിലില്ലായ്മ 10.4 ശതമാനം. 2011 ഡിസംബര്‍ അവസാനിച്ചപ്പോഴുള്ള കണക്കാണിത്. 1999ല്‍ ഈ രാജ്യങ്ങള്‍ യൂറോ നാണ്യമായി അംഗീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. തൊഴില്‍രഹിതരുടെ എണ്ണം മുന്‍ വര്‍ഷം ഇതേസമയത്തുണ്ടായിരുന്നതിനെക്കാള്‍ 7,51,000 വര്‍ധിച്ചു. 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്യന്‍ യൂണിയന്‍ ആകെയെടുത്താല്‍ തൊഴിലില്ലായ്മയിലെ വര്‍ധന 9.23 ലക്ഷമാണ്. യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയായ യൂറോസ്റ്റാറ്റിന്റെ ഒടുവിലെ കണക്കനുസരിച്ച് യൂറോ മേഖലയില്‍ ഡിസംബറിലെ തൊഴിലില്ലായ്മ 1.65 കോടിയാണ്. ഇയു ആകെയെടുത്താല്‍ ഇത് 2.38 കോടിയിലധികവും. 2010 ഡിസംബറിലെ 10 ശതമാനത്തില്‍നിന്നാണ് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ 10.4 ശതമാനമായി യൂറോ മേഖലയില്‍ തൊഴിലില്ലായ്മ ഉയര്‍ന്നത്. പുരുഷന്മാരുടെ തൊഴിലില്ലായ്മ മുന്‍വര്‍ഷം 9.7 ശതമാനമായിരുന്നത് വര്‍ധിച്ച് 10.2 ശതമാനമായി. സ്ത്രീകളുടേത് 10.3 ശതമാനത്തില്‍നിന്ന് 10.6 ശതമാനമായും വര്‍ധിച്ചതായി യൂറോസ്റ്റാറ്റ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.
അമേരിക്കയില്‍ ഒടുവിലെ കണക്കനുസരിച്ച് തൊഴിലില്ലായ്മ 8.4 ശതമാനമാണ്. യൂറോപ്യന്‍ ധനവിപണിയിലെ കുഴപ്പങ്ങളും വായ്പാ പ്രതിസന്ധിയും തൊഴില്‍വിപണിയെയും കാര്യമായി ബാധിച്ചു. ഇതിനിടെ വായ്പാപ്രതിസന്ധിക്ക് പരിഹാരം തേടി ബ്രസല്‍സില്‍ ചേര്‍ന്ന ഇയു ഉച്ചകോടി കര്‍ക്കശമായ ബജറ്റ് നിയന്ത്രണം നടപ്പാക്കുന്നതിന് ധന ഉടമ്പടി ഉള്‍പ്പെടെ വിവിധ നടപടികള്‍ അടങ്ങുന്ന പാക്കേജിന് അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 25 എണ്ണം മാര്‍ച്ചില്‍ ചേരുന്ന അടുത്ത ഉച്ചകോടിയില്‍ ഉടമ്പടി ഒപ്പിടും. യൂറോസോണ്‍ ധനകാര്യ കൂട്ടായ്മയ്ക്കെതിരെ നേരത്തെ തന്നെ നിലപാടെടുത്ത ബ്രിട്ടനുപുറമെ ചെക് റിപ്പബ്ലിക്കും ഉടമ്പടിയെ എതിര്‍ത്തു. ഭരണഘടനയില്‍ വായ്പാ നിയന്ത്രണവകുപ്പ് എഴുതിച്ചേര്‍ക്കുന്നതിന് അംഗരാജ്യങ്ങളെ നിര്‍ബന്ധിതമാക്കി കടം ഭീമമായ തോതില്‍ പെരുകുന്നത് തടയുകയാണ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ബജറ്റ് ചട്ടങ്ങള്‍ ലംഘിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധവും കരട് ഉടമ്പടി നിര്‍ദേശിക്കുന്നു. രാജ്യങ്ങളുടെ ബജറ്റുകള്‍ പരിശോധിച്ച് ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ യൂറോപ്യന്‍ കമീഷന് പുതിയ അധികാരങ്ങള്‍ നല്‍കുന്നു.

deshabhimani 010212

1 comment:

  1. യൂറോ നാണ്യമായ 17 രാജ്യങ്ങള്‍ ചേര്‍ന്ന യൂറോ മേഖലയില്‍ തൊഴിലില്ലായ്മ 10.4 ശതമാനം. 2011 ഡിസംബര്‍ അവസാനിച്ചപ്പോഴുള്ള കണക്കാണിത്. 1999ല്‍ ഈ രാജ്യങ്ങള്‍ യൂറോ നാണ്യമായി അംഗീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. തൊഴില്‍രഹിതരുടെ എണ്ണം മുന്‍ വര്‍ഷം ഇതേസമയത്തുണ്ടായിരുന്നതിനെക്കാള്‍ 7,51,000 വര്‍ധിച്ചു. 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്യന്‍ യൂണിയന്‍ ആകെയെടുത്താല്‍ തൊഴിലില്ലായ്മയിലെ വര്‍ധന 9.23 ലക്ഷമാണ്.

    ReplyDelete