Friday, February 17, 2012

ബംഗാളില്‍ 4 വര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 602 പ്രവര്‍ത്തകര്‍


കര്‍ഷക ആത്മഹത്യ തടയാന്‍ നടപടി വേണം: സിപിഐ എം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യ തടയാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മമത സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 32 കര്‍ഷകര്‍ ആത്മഹത്യചെയ്തു. കൃഷിച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതും കാര്‍ഷികോല്‍പ്പന്നങ്ങള്‍ ന്യായവില നല്‍കി സംഭരിക്കാത്തതുമാണ് കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് കാരണം. കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണനയം കാരണം രാസവളത്തിന്റെ സബ്സിഡി ഗണ്യമായി കുറച്ചത് രാസവളത്തിന്റെ വില ഇരട്ടിയായി ഉയരുന്നതിന് ഇടയാക്കി. മമത ബാനര്‍ജി കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് കര്‍ഷകര്‍ക്ക് ദ്രോഹമായ ഈ തീരുമാനമെടുത്തത്. കൃഷിച്ചെലവ് കുതിച്ചുയര്‍ന്നപ്പോള്‍ കര്‍ഷകര്‍ വായ്പ വാങ്ങി കൃഷിയിറക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ , വിളവെടുപ്പ് കഴിഞ്ഞപ്പോള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഗണ്യമായി കുറയുന്ന സ്ഥിതിയുണ്ടായി. താങ്ങുവില നല്‍കി നെല്ല് സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനമൊരുക്കിയില്ല. ഇത് മുതലെടുത്ത് ഇടനിലക്കാര്‍ നിസ്സാരവിലയ്ക്ക് കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിതമായി ധാന്യം വാങ്ങിയെടുത്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയുടെ പകുതിയാണ് കര്‍ഷകര്‍ക്ക് കിട്ടിയത്. ഉരുളക്കിഴങ്ങ് കര്‍ഷകരും സമാനപ്രതിസന്ധിയാണ് നേരിടുന്നത്. കര്‍ഷക ആത്മഹത്യ തടയാനും കാര്‍ഷികമേഖലയിലെ തകര്‍ച്ച പരിഹരിക്കാനും അടിയന്തരനടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമംകൂലിയും ആനുകൂല്യങ്ങളും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുനേരെ പൊതുവിലും സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ പ്രത്യേകിച്ചും നടക്കുന്ന ആക്രമണങ്ങളില്‍ സമ്മേളനം ശക്തിയായി പ്രതിഷേധിച്ചു. തെരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുനേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ജനാധിപത്യം കശാപ്പുചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താന്തോന്നിത്തമാണ് പഞ്ചായത്ത് സ്ഥാപനങ്ങളില്‍ നടക്കുന്നത്. പഞ്ചായത്തുകളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയ- സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ വ്യാഴാഴ്ച 27 പേര്‍ പങ്കെടുത്തു. ചര്‍ച്ച വെള്ളിയാഴ്ചയും തുടരും.
(വി ജയിന്‍)

ബംഗാളില്‍ 4 വര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 602 പ്രവര്‍ത്തകര്‍

കൊല്‍ക്കത്ത: കഴിഞ്ഞ നാലു വര്‍ഷം പശ്ചിമബംഗാളില്‍ 602 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ, സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റ്, കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ആക്രമണത്തിലാണ് ഇത്രയും ജീവന്‍ നഷ്ടപ്പെട്ടത്. 2011 മെയില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരം ഏറ്റ ശേഷം മാത്രം 56 പാര്‍ടിപ്രവര്‍ത്തകര്‍ വധിക്കപ്പെട്ടു. അക്രമം രൂക്ഷമായതിനെത്തുടര്‍ന്ന് ആയിരങ്ങള്‍ സ്വന്തം വീട് ഉപേക്ഷിച്ച് അന്യദേശത്തേക്ക് കുടിയേറുന്ന സാഹചര്യവും ഉണ്ടായി. പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. 226 പേര്‍ . പുരുളിയ, ബാങ്കുറ, കിഴക്കന്‍ മേദിനിപ്പുര്‍ എന്നീ ജില്ലകളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. മൂര്‍ഷിദാബാദ് ജില്ലയില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമണത്തില്‍ 61 പാര്‍ടി പ്രവര്‍ത്തകരാണ് കഴിഞ്ഞ നാലുവര്‍ഷം കൊല്ലപ്പെട്ടത്.

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ അംഗ സംഖ്യയില്‍ നേരിയ കുറവുണ്ടായി. 2008ല്‍ 3,18,025 അംഗങ്ങളായിരുന്നു. അത് ഇപ്പോള്‍ 3,01,252 ആയി. പാര്‍ടി അംഗങ്ങളില്‍ 60 ശതമാനവും പാവപ്പെട്ട കൃഷിക്കാരും തൊഴിലാളികളുമാണ്. 1,77,144 പേരാണ് ഈ വിഭാഗത്തിലുള്ളത്. തൊഴിലാളികള്‍ 44,517ഉം കര്‍ഷകത്തൊഴിലാളികള്‍ 55,700ഉം ദരിദ്രകര്‍ഷകര്‍ 76,873ഉം വീതമാണ് പാര്‍ടി അംഗങ്ങളായിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങളിലായി 85,491 പേരും മുസ്ലിംവിഭാഗത്തില്‍പ്പെട്ട 44,952 പേരും പാര്‍ടിയിലുണ്ട്. മഹിളാ അംഗങ്ങള്‍ 31,666 ആണ്. സംസ്ഥാനത്ത് പാര്‍ടിക്ക് 26,742 ബ്രാഞ്ചും 1949 ലോക്കല്‍കമ്മിറ്റിയും 343 സോണല്‍ (ഏരിയ) കമ്മിറ്റികളുമാണുള്ളത്. 19 ജില്ലാ കമ്മിറ്റികളുമാണുള്ളത്. അംഗങ്ങളില്‍ 33,521 പേര്‍ 30 വയസ്സിനുതാഴെയുള്ളവരാണ്.
(ഗോപി)

ബംഗാളില്‍ 3 സമ്മേളനം കൂടുതല്‍

കൊല്‍ക്കത്ത: 20-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി 20-ാം സംസ്ഥാനസമ്മേളനമാണ് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതെങ്കിലും ബംഗാളില്‍ ഇത് 23-ാം സമ്മേളനമാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രഥമ പാര്‍ടികോണ്‍ഗ്രസ് 1943ല്‍ ബോംബെയിലാണ് നടന്നത്. അതിനുമുമ്പ് 1934ല്‍ ബംഗാളില്‍ പ്രഥമ സംസ്ഥാനസമ്മേളനം നടത്തി ബംഗാള്‍ പ്രാദേശികകമ്മിറ്റി രൂപീകരിച്ചു. ഒളിവില്‍ നടന്ന ആ സമ്മേളനം ഇന്നത്തെ പടിഞ്ഞാറന്‍ കൊല്‍ക്കത്തയുടെ ഭാഗമായ മെട്ടിയാബുര്‍സ് എന്ന സ്ഥലത്താണ് നടന്നത്. രണ്ടാംസമ്മേളനം 1938ല്‍ ഹൂഗ്ലി ജില്ലയിലെ ചന്ദന്‍നഗറില്‍നടന്നു. മൂന്നാംസമ്മേളനം നടന്നത് 1943ല്‍ കൊല്‍ക്കത്തയിലാണ്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നുസമ്മേളനം കൂടുതല്‍ നടന്നതിനാലാണ് ബംഗാളില്‍ ഇപ്പോള്‍ 23-ാം സമ്മേളനം.

deshabhimani 170212

1 comment:

  1. കഴിഞ്ഞ നാലു വര്‍ഷം പശ്ചിമബംഗാളില്‍ 602 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ, സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റ്, കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ആക്രമണത്തിലാണ് ഇത്രയും ജീവന്‍ നഷ്ടപ്പെട്ടത്. 2011 മെയില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ അധികാരം ഏറ്റ ശേഷം മാത്രം 56 പാര്‍ടിപ്രവര്‍ത്തകര്‍ വധിക്കപ്പെട്ടു. അക്രമം രൂക്ഷമായതിനെത്തുടര്‍ന്ന് ആയിരങ്ങള്‍ സ്വന്തം വീട് ഉപേക്ഷിച്ച് അന്യദേശത്തേക്ക് കുടിയേറുന്ന സാഹചര്യവും ഉണ്ടായി. പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. 226 പേര്‍ . പുരുളിയ, ബാങ്കുറ, കിഴക്കന്‍ മേദിനിപ്പുര്‍ എന്നീ ജില്ലകളിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. മൂര്‍ഷിദാബാദ് ജില്ലയില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമണത്തില്‍ 61 പാര്‍ടി പ്രവര്‍ത്തകരാണ് കഴിഞ്ഞ നാലുവര്‍ഷം കൊല്ലപ്പെട്ടത്.

    ReplyDelete