Saturday, February 4, 2012

സംസ്ഥാനത്ത് 4,280 സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ലാഭകരമല്ലെന്ന പേരില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് 4,280 സ്‌കൂളുകള്‍. സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളാണ് ഈ പട്ടികയിലുള്ളത്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകളും ഇതിലുണ്ട്. ലാഭകരമല്ലാത്ത സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകേണ്ടതില്ലെന്ന യു ഡി എഫ് നയം പ്രാവര്‍ത്തികമായാല്‍ ഈ സ്‌കൂളുകള്‍ക്ക് പൂട്ടുവീഴും. സര്‍ക്കാരിന്റെ കണക്കനുസരിച്ചുതന്നെ 2,77,935 വിദ്യാര്‍ഥികള്‍ ഇതോടെ പെരുവഴിയിലാവും.'ജനമുന്നേറ്റം' എന്ന സംഘടന വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച കണക്കിലാണ് സംസ്ഥാനത്തെ 4,280 സ്‌കൂളുകളെ സര്‍ക്കാര്‍ ലാഭകരമല്ലെന്ന വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 318 സ്‌കൂളുകളാണ് ഇപ്പോഴത്തെ കണക്കെടുപ്പില്‍ ലാഭകരമല്ലാത്ത പട്ടികയില്‍ കടന്നു കൂടിയിട്ടുള്ളത്.

സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ള സ്‌കൂളുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മേഖലകളിലാണ്. ലാഭകരമല്ലെന്ന് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളവയില്‍ 80 ശതമാനം സ്‌കൂളുകളും പ്രാഥമിക വിദ്യാലയങ്ങളാണ്. സംസ്ഥാനത്തെ മൊത്തം പ്രാഥമിക വിദ്യാലയങ്ങളില്‍ പകുതിയും ലാഭകരമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇതിലൂടെ സര്‍ക്കാര്‍ പറയാതെ പറയുന്നത്.

ആകെ 2,77,935 വിദ്യാര്‍ഥികളാണ് ലാഭകരമല്ലെന്ന് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ള സ്‌കൂളുകളില്‍ പഠിക്കുന്നത്. ഇവരില്‍ 64,289 പേര്‍ ദളിത് വിദ്യാര്‍ഥികളും, 14,462 പേര്‍ ആദിവാസി വിദ്യാര്‍ഥികളുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലാഭകരമല്ലെന്ന് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്ന സ്‌കൂളുകളില്‍ പഠിക്കുന്ന 2,77,935 വിദ്യാര്‍ഥികളില്‍ 30 ശതമാനവും ദളിത് ആദിവാസി മേഖലയിലെ വിദ്യാര്‍ഥികളാണെന്നതാണ് വസ്തുത.

സംസ്ഥാനത്തെ മൊത്തം സ്‌കൂളുകളിലെ 34.09 ശതമാനം സ്‌കൂളുകളും ലാഭകരമല്ലെന്നാണ് കണക്കുകള്‍പ്രകാരം സര്‍ക്കാര്‍ പറയുന്നത്. തീരദേശത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 35 ശതമാനവും ലാഭകരമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ലാഭകരമല്ലാത്ത പ്രൈമറി സ്‌കൂളുകളുടെ എണ്ണം 3,422 ആണ്. സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളുടെ എണ്ണം 6,788 ആയിരിക്കെയാണിത്. അതായത് സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളില്‍ 50.41 ശതമാനം സ്‌കൂളുകളും ലാഭകരമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
കണ്ണൂരിലാണ് ലാഭകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണം കൂടുതല്‍-637, ഏറ്റവും കുറവ് വയനാടും-69. തിരുവനന്തപുരം-269, കൊല്ലം 221, പത്തനംതിട്ട-461, ആലപ്പുഴ-328, കോട്ടയം-459, ഇടുക്കി-181, എറണാകുളം-426, തൃശൂര്‍-289, പാലക്കാട്-237, മലപ്പുറം-107, കോഴിക്കോട്-444, കാസര്‍ഗോഡ്-159 എന്നിങ്ങനെയാണ് സര്‍ക്കാര്‍ കണക്ക് പ്രകാരം ലാഭകരമല്ലാത്ത സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ലാഭകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണത്തില്‍ 2126 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും, 2154 എണ്ണം എയ്ഡഡ് സ്‌കൂളുകളുമാണ്. ലാഭകരമല്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ എറ്റവും കൂടുതലുള്ളത് എറണാകുളത്താണ്-257, ലാഭകരമല്ലാത്ത എയ്ഡഡ് സ്‌കൂളുകള്‍ കൂടുതലുള്ളത് കണ്ണൂരിലും-511. ലാഭകരമല്ലാത്ത പ്രൈമറി സ്‌കൂളുകള്‍ കൂടുതലുള്ളതും കണ്ണൂര്‍ ജില്ലയിലാണ്, 548 എണ്ണം.

ലാഭകരമല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന ആശയമാണ് യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. അധികാരത്തിലെത്തിയപ്പോള്‍ തന്നെ അനിയന്ത്രിതമായി സി ബി എസ് ഇ സ്‌കൂളുകള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി അന്ന് തന്നെ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുത്തകകള്‍ ഈ രംഗത്തേയ്ക്ക് കടന്നുവന്നു തുടങ്ങിയപ്പോള്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. ഈ ആശങ്ക നിലനില്‍ക്കെ തന്നെയാണ് ലാഭകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണം സര്‍ക്കാരിന്റെ തന്നെ കണക്കുകളില്‍ നിന്ന് പുറത്ത് വരുന്നത്.

janayugom 040212

1 comment:

  1. ലാഭകരമല്ലെന്ന പേരില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് 4,280 സ്‌കൂളുകള്‍. സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളാണ് ഈ പട്ടികയിലുള്ളത്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകളും ഇതിലുണ്ട്. ലാഭകരമല്ലാത്ത സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകേണ്ടതില്ലെന്ന യു ഡി എഫ് നയം പ്രാവര്‍ത്തികമായാല്‍ ഈ സ്‌കൂളുകള്‍ക്ക് പൂട്ടുവീഴും. സര്‍ക്കാരിന്റെ കണക്കനുസരിച്ചുതന്നെ 2,77,935 വിദ്യാര്‍ഥികള്‍ ഇതോടെ പെരുവഴിയിലാവും.'ജനമുന്നേറ്റം' എന്ന സംഘടന വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച കണക്കിലാണ് സംസ്ഥാനത്തെ 4,280 സ്‌കൂളുകളെ സര്‍ക്കാര്‍ ലാഭകരമല്ലെന്ന വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 318 സ്‌കൂളുകളാണ് ഇപ്പോഴത്തെ കണക്കെടുപ്പില്‍ ലാഭകരമല്ലാത്ത പട്ടികയില്‍ കടന്നു കൂടിയിട്ടുള്ളത്.

    ReplyDelete