Saturday, February 4, 2012

റവന്യൂമന്ത്രിയുടെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍

കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്കില്‍ താരം ഫ്‌ളക്‌സ് ബോര്‍ഡ്

കോട്ടയം: നാട്ടില്‍ ഫ്ലക്‌സ് ബോര്‍ഡുകളുടെ വിവാദം കൊഴുക്കട്ടെ. നേതാക്കന്മാര്‍ തമ്മില്‍ തല്ലട്ടെ. അതിലൊന്നും വലിയ പുതുമയില്ല. വിവാദങ്ങള്‍ ഉണ്ടാവുന്നതുപോലെ തന്നെ തണുക്കും.
എന്നാല്‍ ഫാന്‍സുകാരെ ഉണ്ടാക്കാന്‍ അതിലേറെ എളുപ്പമാണെന്നാണ് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയും പൃഥിരാജുമൊക്കെ നെടുനീളത്തില്‍ ഡയലോഗുകള്‍ പറഞ്ഞും തോക്കെടുത്തുമൊക്കെ ഉണ്ടാക്കിയെടുത്ത ഫാന്‍സിനെ ഒരു പണിയും ചെയ്യാതെ സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റവന്യൂ മന്ത്രി. റവന്യൂമന്ത്രി ഫാന്‍സിനെക്കൊണ്ട് ബോര്‍ഡുകള്‍ വയ്പിക്കുമ്പോള്‍ സുധാകരന് വേണ്ടി ബോര്‍ഡ് വയ്ക്കാന്‍ ഐ ഗ്രൂപ്പുകാരും രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിലെ ബോര്‍ഡ് വിവാദങ്ങളുടെപേരിലുണ്ടായ പ്രശ്‌നങ്ങളില്‍ കെപിസിസി ഇടപെട്ട് വെടിനില്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും കോട്ടയത്തെ  സുധാകരന്‍ ഫാന്‍സിന് കുലുക്കമില്ല.

തങ്ങളുടെ പ്രിയ നേതാവിന് എല്ലാ പിന്തുണകളും നല്‍കി അവര്‍ നഗരത്തിലുടനീളം കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സുധാകരനുള്ള അഭിവാദ്യത്തേക്കാള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിശിതമായി വിമര്‍ശിക്കുന്നതാണ് ബോര്‍ഡിലെ വാചകങ്ങള്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി തന്നെയോ? കേരളം ഭരിക്കുന്നത് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിയാണോ? എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ബോര്‍ഡില്‍ ഉയര്‍ത്തിയിരിക്കുന്നത്.

പ്രാദേശിക പ്രശ്‌നം എന്ന വിധത്തില്‍ നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ തന്നെ എതിരാളികള്‍ രംഗത്തിറങ്ങിയത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. എ ഗ്രൂപ്പിന്റെ കയ്യില്‍ സുരക്ഷിതമെന്ന് കരുതിയിരുന്ന കോട്ടയത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാപിച്ച ബോര്‍ഡുകള്‍ ഐ ഗ്രൂപ്പ് നേതൃത്വം അറിഞ്ഞുതന്നെയുള്ളതാണെന്നാണ് എ ഗ്രൂപ്പുകാരുടെ വിശ്വാസം. ഇന്നല ഉച്ചയ്ക്കു ശേഷം എ ഗ്രൂപ്പിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ നഗരത്തില്‍ പ്രകടനമായെത്തി ബോര്‍ഡുകള്‍ നശിപ്പിക്കുകയും എടുത്തുമാറ്റുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷം മറനീക്കി പുറത്തുവന്ന ഗ്രൂപ്പുവഴക്കിന് കണ്ണൂരിലെ ബോര്‍ഡ് വിവാദത്തോടെയാണ് പുതിയ മാനം കൈവന്നത്. എന്നാല്‍ പ്രസ്താവനകള്‍ പരസ്യമായ സംഘട്ടനങ്ങളിലേക്ക് വഴിവെക്കുമെന്ന സാഹചര്യത്തിലെത്തിയപ്പോള്‍ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പുകാര്‍ക്ക് വിഷയത്തില്‍ പ്രതികരിക്കാനും അഭിപ്രായ പ്രകടനം നടത്താനും അവസരം നല്‍കി നടത്തുന്ന നിയന്ത്രണങ്ങള്‍ എ ഗ്രൂപ്പുകാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പുവഴക്കുമൂലം ബോര്‍ഡ് -കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനിടയില്‍ ഉണ്ടായ പുതിയ വിവാദം യുഡിഎഫിനെ അങ്കലാപ്പിലാക്കിയിരുന്നു. ഇതിനിടയില്‍ തിരക്കിട്ട് പൊലീസുകാരെ സസ്‌പെന്‍ഡ്‌ചെയ്തും അടുത്ത ദിവസം അവരെ തിരിച്ചെടുത്തുമൊക്കെ നടത്തിയ നാടകങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ എങ്ങനെ വിശദീകരിക്കാന്‍ കഴിയുമെന്ന ജാള്യതയിലാണ് നേതൃത്വം. അത് നിലനില്‍ക്കുമ്പോള്‍ തന്നെ അടുത്ത വിവാദവുമായി ജില്ലയില്‍ ഐഗ്രൂപ്പുകാര്‍ രംഗത്തെത്തിയത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ നേതാക്കന്മാര്‍ നെട്ടോട്ടം ഓടുമ്പോള്‍ റവന്യൂമന്ത്രി സ്വന്തം ഫാന്‍സുകാരെക്കൊണ്ട് തനിക്ക് വേണ്ടി ബോര്‍ഡ് വയ്പിക്കുന്ന പണിയാണിപ്പോള്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസില്‍ തന്നെ അടക്കം പറച്ചില്‍ തുടങ്ങി.

പണ്ട് എല്‍ ഡി എഫ്  മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിച്ചിടത്തൊക്കെ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പോയി ബോര്‍ഡ് സ്ഥാപിച്ചത് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന സമയത്താണ്. അതു കഴിഞ്ഞപ്പോള്‍ ചില പഞ്ചായത്ത് മെമ്പര്‍മാര്‍ ചെയ്യുന്നതുപോലെ ഓടി നടന്ന് കടകള്‍ ഉദ്ഘാടനം ചെയ്തു നോക്കി. അതും ഏല്‍ക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതെന്നാണ് ഐ ഗ്രൂപ്പുകാരുടെ ഇടയിലെ സംസാരം.

'അഭിനയിക്കുന്ന നേതാവിനെയല്ല, പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ് ഞങ്ങള്‍ക്ക് വേണ്ടതെന്ന വാചകമാണ് ഫാന്‍സുകാരുടെ ഫഌക്‌സ് ബോര്‍ഡില്‍ എഴുതിചേര്‍ത്തിരിക്കുന്നത്.  കൂക്കുവിളികളും തമ്മില്‍തല്ലുമായി സിനിമാ ഫാന്‍സിനെക്കൊണ്ട് പൊറുതി മുട്ടിയ നാട്ടില്‍ രാഷ്ട്രീയക്കാരുടെ ഫാന്‍സിനെ ആശങ്കയോടെയാണ് ജനം കാണുന്നത്. ഗ്രൂപ്പ് പോരില്‍ നട്ടം തിരിയുന്നതിനിടയില്‍ ഫാന്‍സ് അസോസിയേഷനുമായി നടക്കുന്ന റവന്യൂമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ എം മാണിയും  പ്രതിനിധാനം ചെയ്യുന്ന കോട്ടയം ജില്ലയില്‍ പുതിയ ഫാന്‍സ് അസോയിഷനുകള്‍ പിറവിയെടുത്താന്‍ ഒട്ടും അതിശയിക്കേണ്ടെന്നാണ് ഇപ്പോള്‍ കോട്ടയത്തെ സംസാരം.
(സരിതകൃഷ്ണന്‍)

janayugom 040212

1 comment:

  1. നാട്ടില്‍ ഫ്ലക്‌സ് ബോര്‍ഡുകളുടെ വിവാദം കൊഴുക്കട്ടെ. നേതാക്കന്മാര്‍ തമ്മില്‍ തല്ലട്ടെ. അതിലൊന്നും വലിയ പുതുമയില്ല. വിവാദങ്ങള്‍ ഉണ്ടാവുന്നതുപോലെ തന്നെ തണുക്കും.
    എന്നാല്‍ ഫാന്‍സുകാരെ ഉണ്ടാക്കാന്‍ അതിലേറെ എളുപ്പമാണെന്നാണ് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയും പൃഥിരാജുമൊക്കെ നെടുനീളത്തില്‍ ഡയലോഗുകള്‍ പറഞ്ഞും തോക്കെടുത്തുമൊക്കെ ഉണ്ടാക്കിയെടുത്ത ഫാന്‍സിനെ ഒരു പണിയും ചെയ്യാതെ സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റവന്യൂ മന്ത്രി. റവന്യൂമന്ത്രി ഫാന്‍സിനെക്കൊണ്ട് ബോര്‍ഡുകള്‍ വയ്പിക്കുമ്പോള്‍ സുധാകരന് വേണ്ടി ബോര്‍ഡ് വയ്ക്കാന്‍ ഐ ഗ്രൂപ്പുകാരും രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിലെ ബോര്‍ഡ് വിവാദങ്ങളുടെപേരിലുണ്ടായ പ്രശ്‌നങ്ങളില്‍ കെപിസിസി ഇടപെട്ട് വെടിനില്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും കോട്ടയത്തെ സുധാകരന്‍ ഫാന്‍സിന് കുലുക്കമില്ല.

    ReplyDelete