Monday, February 6, 2012

ജനശ്രീക്ക് വഴിവിട്ട് 50 കോടി നല്‍കാന്‍ നീക്കം

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജനശ്രീ സുസ്ഥിര വികസനമിഷന് ഖജനാവില്‍നിന്ന് വഴിവിട്ട് 50 കോടി രൂപ അനുവദിക്കാന്‍ തിരക്കിട്ട നീക്കം. ജനശ്രീ ചെയര്‍മാന്‍ എം എം ഹസ്സന്‍ ഗ്രാമവികസനവകുപ്പിന് നല്‍കിയ അപേക്ഷയില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ മന്ത്രി കെ സി ജോസഫ് നിര്‍ദേശിച്ചു. തുക ഉടന്‍ അനുവദിച്ചേക്കും. സംസ്ഥാനത്തെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീ മിഷന്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ കടുത്ത സാമ്പത്തികപ്രതിസന്ധയില്‍ അകപ്പെട്ടിരിക്കുന്നതിനിടെയാണ് ജനശ്രീക്ക് ഈ ഔദാര്യം.

സ്വയംസഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കാനും സംഘങ്ങള്‍ക്ക് സബ്സിഡി അനുവദിക്കാനുമുള്ള പദ്ധതികള്‍ക്കായി 50 കോടി രൂപ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഗ്രാമവികസനമന്ത്രി കെ സി ജോസഫിനും നല്‍കിയ അപേക്ഷയില്‍ ഹസ്സന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഈ രണ്ട് പദ്ധതികളും ഉള്‍പ്പെടുത്തിയതാണെന്നും അപേക്ഷയിലുണ്ട്. ഗ്രാമവികസനവകുപ്പില്‍ നിന്നുള്ള ചില എതിര്‍പ്പുകള്‍മൂലം തുക ഇതുവരെ അനുവദിച്ചിട്ടില്ലെന്നാണ് സൂചനകള്‍ . കോഴിക്കോട്ട് കഴിഞ്ഞദിവസം നടന്ന ജനശ്രീ സമ്മേളനത്തില്‍ പണം അനുവദിക്കാന്‍ കടുത്ത സമ്മര്‍ദം ഉയര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന്് മന്ത്രിതലയോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലുള്ള കുടുംബശ്രീ മിഷന്‍ ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്തവിധം സാമ്പത്തികപ്രതിസന്ധിയിലായി. 100 കോടി രൂപ കുടുംബശ്രീക്ക് അനുവദിക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഇത് 45 കോടിയായി ചുരുക്കി. ഇതില്‍ 20 കോടി കഴിഞ്ഞ ആഗസ്തില്‍ അനുവദിച്ചു. അവശേഷിക്കുന്ന 25 കോടി അനുവദിച്ച് കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പണം ഇനിയും കുടുംബശ്രീക്ക് ലഭ്യമായിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയാണെന്നും 45 കോടി രൂപ കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബശ്രീ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

2005-06 സാമ്പത്തികവര്‍ഷം 29.23 കോടിയായിരുന്നു കുടുംബശ്രീയുടെ ചെലവ്. 2006-07ല്‍ 19.67 കോടിയും തുടര്‍വര്‍ഷങ്ങളില്‍ 27.79 കോടി, 50.48 കോടി, 121.88 കോടിയും ചെലവിട്ടു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവ് 89.88 കോടിയായിരുന്നു. പ്രവര്‍ത്തനമേഖലകള്‍ വിപുലമാകുന്ന സാഹചര്യത്തില്‍ ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ഇതിനിടെയാണ് കുടുംബശ്രീയുടെ അപേക്ഷ പരിഗണിക്കാതെ ജനശ്രീക്കായി സര്‍ക്കാര്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്.
(ആര്‍ സാംബന്‍)

deshabhimani 060212

1 comment:

  1. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജനശ്രീ സുസ്ഥിര വികസനമിഷന് ഖജനാവില്‍നിന്ന് വഴിവിട്ട് 50 കോടി രൂപ അനുവദിക്കാന്‍ തിരക്കിട്ട നീക്കം. ജനശ്രീ ചെയര്‍മാന്‍ എം എം ഹസ്സന്‍ ഗ്രാമവികസനവകുപ്പിന് നല്‍കിയ അപേക്ഷയില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ മന്ത്രി കെ സി ജോസഫ് നിര്‍ദേശിച്ചു. തുക ഉടന്‍ അനുവദിച്ചേക്കും. സംസ്ഥാനത്തെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീ മിഷന്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ കടുത്ത സാമ്പത്തികപ്രതിസന്ധയില്‍ അകപ്പെട്ടിരിക്കുന്നതിനിടെയാണ് ജനശ്രീക്ക് ഈ ഔദാര്യം.

    ReplyDelete