Monday, February 6, 2012

വിലക്കുകളെ തകര്‍ത്തെറിയാനുള്ള ശക്തി സ്ത്രീ സ്വയം സൃഷ്ടിക്കണം: മാലശ്രീ ഹഷ്മി

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിലക്കുകളെ തകര്‍ത്തെറിയാനുള്ള ശക്തി സ്ത്രീ സ്വയം സൃഷ്ടിക്കണമെന്ന് കലാകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലശ്രീ ഹഷ്മി അഭിപ്രായപ്പെട്ടു. സി പി എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഓപ്പണ്‍ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാലശ്രീ.

ഭാരതത്തിലെ സ്ത്രീകളില്‍ നല്ലൊരു വിഭാഗം നാടകമുള്‍പ്പടെയുള്ള കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ താത്പര്യമുള്ളവരാണ്. എന്നാല്‍ ഭൂരിപക്ഷം പേരുടെയും കലാവാസനകള്‍ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങികൂടുന്നു. ഇത് ദുഖകരമാണ്. രാത്രി വരെ നീളുന്ന കലാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ വീട്ടില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണം എന്തായിരിക്കുമെന്നുള്ള ഭയവും രാത്രി യാത്രകളിലെ സുരക്ഷാഭീതിയും കലാപ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ യുവതികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് മാലശ്രീ ഹഷ്മി പറഞ്ഞു.

ഇന്ന് നാടകപ്രവര്‍ത്തനങ്ങളില്‍ ധാരാളം വനിതകള്‍ പങ്കാളികളാകുന്നുണ്ടെങ്കിലും പുരുഷന്മാരുടെ അളവില്‍ സ്ത്രീകളുടെ പങ്കാളിത്തമുണ്ടാകുന്നില്ല. സ്ത്രീകള്‍ കൂടുതലായി കടന്ന് വരാത്തതുമൂലം തെരുവ് നാടകങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കനുസരിച്ച് സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് പതിവ്. എഴുപതുകളില്‍ ഔരത് എന്ന തെരുവ് നാടകം ജനനാട്യമഞ്ച് അവതരിപ്പിച്ചപ്പോള്‍ അതില്‍ വനിത സാനിധ്യമെന്ന് പറയാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

തെരുവുനാടകങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാണികള്‍ മോശമായി പെരുമാറിയാലോയെന്ന് ഭയന്നാണ് സ്ത്രീകള്‍ ഈ രംഗത്ത് വരാന്‍ മടിക്കുന്നത്. കാണികളെ ഭയക്കേണ്ട കാര്യമില്ല. നാടകങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാണികളില്‍നിന്നാണ് തനിക്ക് സുരക്ഷിതത്വ ബോധം ലഭിക്കുന്നത്. ഹരിയാനയിലെ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികള്‍ ചെറുസംഘങ്ങള്‍ രൂപീകരിച്ച് കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്നും ഇവര്‍ക്ക് ഗ്രാമവാസികളില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മാലശ്രീ ഹഷ്മി പറഞ്ഞു.

പല കുടുബങ്ങളും തങ്ങളുടെ പെണ്‍കുട്ടികളെ മിക്‌സഡ് സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ താത്പര്യം കാണിക്കാറില്ല. ഡല്‍ഹിയിലെ മിക്‌സഡ് സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെക്കാള്‍ വളരെ കുറവാണ്. വീടുകളില്‍ നിന്നാണ് ഇതിനെതിരെയുള്ള ബോധവത്കരണം ആരംഭിക്കേണ്ടത്. സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് ഈ വിഷയത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയും. കേരളത്തിലും പശ്ചിമബംഗാളിലും ശക്തമായ സ്ത്രീമുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ ഈ സംസ്ഥാനങ്ങൡപോലും കുടുംബത്തിനകത്തെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യാനുള്ള അവകാശം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടാറുണ്ടെന്ന് മാലശ്രീ ഹഷ്മി പറഞ്ഞു.  

ഡല്‍ഹിയില്‍ ഇന്ന് ഫാക്ടറികള്‍ ഒന്നൊന്നായി പൂട്ടുകയാണ്. പകരം പൊങ്ങുന്ന വ്യാപാര സമുച്ചയങ്ങള്‍ ഭൂമാഫിയകള്‍ക്ക് ഡല്‍ഹി ഭരണകൂടത്തിലുള്ള ശക്തമായ സ്വാധീനത്തിന്റെ തെളിവാണ്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താതിരിക്കുകയും അവര്‍ക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവകാശം നിഷേധിക്കുകയുമാണ് ഫാക്ടറി ഉടമകള്‍ ചെയ്യുന്നത്. തൊഴിലാളി സംഘടനകളുടെ അഭാവം ഫാക്ടറികള്‍ അടച്ചുപൂട്ടപെടുന്നതിന് പ്രധാനകാരണമാണ്.

ഡല്‍ഹി ഭരണകൂടം തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന കുറഞ്ഞ വേതനം 5,000 രൂപയാണ്. എന്നാല്‍ ഈ തുക മിക്ക തൊഴിലുടമകളും നല്‍കാറില്ല. കുറഞ്ഞ വേതനം 10,000 രൂപയായി ഉയര്‍ത്തണമെന്ന ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ ആവശ്യം പ്രശംസനീയമാണെന്ന് മാലശ്രീ ഹഷ്മി അഭിപ്രായപ്പെട്ടു.

ടി എന്‍ സീമ എം പി, ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല സെക്രട്ടറി മീനാംബിക, വനിത സാഹിതി സംസ്ഥാന സെക്രട്ടറി ഡോ പി എസ് ശ്രീകല, വനിത സാഹിതി പ്രവര്‍ത്തക അനസൂയ തുടങ്ങിയവര്‍ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു.

janayugom 060212

1 comment:

  1. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിലക്കുകളെ തകര്‍ത്തെറിയാനുള്ള ശക്തി സ്ത്രീ സ്വയം സൃഷ്ടിക്കണമെന്ന് കലാകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലശ്രീ ഹഷ്മി അഭിപ്രായപ്പെട്ടു. സി പി എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഓപ്പണ്‍ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാലശ്രീ.

    ReplyDelete