Friday, February 3, 2012

നഴ്‌സുമാര്‍ ചൂഷണത്തിന് ഇരയാകുന്നു: ഹൈക്കോടതി

നഴ്‌സുമാരും അധ്യാപകരുമാണ് ഏറ്റവുമധികം ചൂഷണത്തിന് വിധേയരാകുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നഴ്‌സുമാരുടെ സമരം മൂലം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് വൃക്കരോഗിയായ തൊടുപുഴ ചൂരക്കാട് സ്വദേശി ജോസ്മാത്യു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പത്തുവര്‍ഷത്തിലേറെ പ്രവൃത്തിപരിചയം ഉണ്ടായിട്ടും നഴ്‌സുമാര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്ക് മതിയായ വേതനം ലഭിക്കാതെ വരുമ്പോള്‍ അവര്‍ സമരം ചെയ്യുന്നില്ലേ? മാനേജുമെന്റുകളുടെ സ്വാര്‍ത്ഥതയാണ് ഈ സംഭവങ്ങള്‍ക്കെല്ലാം കാരണം. നഴ്‌സുമാര്‍ക്ക് മതിയായ വേതനം നല്‍കുന്നില്ല. അഞ്ചു വര്‍ഷം പഠിച്ചിറങ്ങിയ ജൂനിയര്‍ ഡോക്ടര്‍മാരുടെ സ്ഥിതിയും മെച്ചമല്ല. ഇവിടെ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് അധ്യാപകരും നഴ്‌സുമാരുമാണ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

നഴ്‌സുമാരുടെ സേവനം അവശ്യ സര്‍വീസാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവശ്യ സര്‍വീസിന്റെ പേരില്‍ നഴ്‌സുമാരെ ചൂഷണം ചെയ്യരുതെന്നും അവര്‍ക്ക് അടിസ്ഥാന ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചു. സമരത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. രോഗചികിത്സക്കു വേണ്ടിയുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച ഡിവിഷന്‍ ബെഞ്ച് രോഗം ചികിത്സിച്ചു ഭേദമാക്കുന്ന കാര്യത്തിനാണ് മുന്‍ഗണനയെന്നും പറഞ്ഞു. ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

കോഴിക്കോട് നാഷണല്‍ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡോ. മൊയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചു. 2009 ലെ മിനിമം വേതനവ്യവസ്ഥയനുസരിച്ച് നഴ്‌സുമാര്‍ക്ക് വേതനം നല്‍കുന്നുണ്ടോ എന്നു വ്യക്തമാക്കി ആശുപത്രി അധികൃതര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജോസ് മാത്യുവിനുവേണ്ടി അഡ്വ. ബെച്ചു കുര്യന്‍ തോമസും കോഴിക്കോട് നാഷണല്‍ ആശുപത്രിക്കു വേണ്ടി അഡ്വ. ആനന്ദും ഹാജരായി.

janayugom news

1 comment:

  1. നഴ്‌സുമാരും അധ്യാപകരുമാണ് ഏറ്റവുമധികം ചൂഷണത്തിന് വിധേയരാകുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നഴ്‌സുമാരുടെ സമരം മൂലം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് വൃക്കരോഗിയായ തൊടുപുഴ ചൂരക്കാട് സ്വദേശി ജോസ്മാത്യു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പത്തുവര്‍ഷത്തിലേറെ പ്രവൃത്തിപരിചയം ഉണ്ടായിട്ടും നഴ്‌സുമാര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്ക് മതിയായ വേതനം ലഭിക്കാതെ വരുമ്പോള്‍ അവര്‍ സമരം ചെയ്യുന്നില്ലേ? മാനേജുമെന്റുകളുടെ സ്വാര്‍ത്ഥതയാണ് ഈ സംഭവങ്ങള്‍ക്കെല്ലാം കാരണം. നഴ്‌സുമാര്‍ക്ക് മതിയായ വേതനം നല്‍കുന്നില്ല. അഞ്ചു വര്‍ഷം പഠിച്ചിറങ്ങിയ ജൂനിയര്‍ ഡോക്ടര്‍മാരുടെ സ്ഥിതിയും മെച്ചമല്ല. ഇവിടെ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് അധ്യാപകരും നഴ്‌സുമാരുമാണ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

    ReplyDelete