സംസ്ഥാനത്തെ വികസന, ജനക്ഷേമ പദ്ധതികള്‍ക്ക് മരവിപ്പിക്കാന്‍ യു ഡി എഫ് നീക്കം. സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വരുന്ന ബജറ്റില്‍ വികസന, ജനക്ഷേമ വികസന പദ്ധതികളുടെ മേല്‍ കൈവയ്ക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സംസ്ഥാനം വരും നാളുകളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെടും എന്ന സൂചന നല്‍കി മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തത്.
എ കെ ആന്റണിയുടെ വഴിയെയാണ് താനെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. 2001-06 ല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സമാനമായ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതും നിയമ നിരോധനം സംസ്ഥാനത്ത് നടപ്പാക്കിയതും.
കേന്ദ്രത്തില്‍നിന്നുള്ള നികുതിവിഹിതം കുറയുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. കേന്ദ്രവിഹിതത്തില്‍ കുറവുവരുന്നത് ആദ്യമായല്ല. കേരളം ഇടതുപക്ഷം ഭരിക്കുമ്പോഴെല്ലാം കേന്ദ്രസഹായം കുറയാറുണ്ട്. അപ്പോഴൊക്കെ എല്‍ ഡി എഫ് സര്‍ക്കാരുകള്‍ ഇൗ നടപടിയില്‍ പ്രതിഷേധിച്ചിട്ടുമുണ്ട്. അന്നൊക്കെ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തിറങ്ങുന്ന യു ഡി എഫ് ഇപ്പോള്‍ അതേ അവഗണന വിഴുങ്ങേണ്ട അവസ്ഥയിലാണെന്നതാണ് വിരോധാഭാസം.
ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തെ ധനസ്ഥിതിയെ സംബന്ധിച്ചുള്ള വിലയിരുത്തലാണ് കഴിഞ്ഞദിവസം മന്ത്രിസഭായോഗത്തില്‍ നടന്നത്. ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയ് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത് ധനസ്ഥിതിയെ സംബന്ധിച്ച വിശദീകരണം നടത്തി.
നികുതി വരുമാനം കുറയുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കമില്ലായ്മയും സര്‍ക്കാരിന്റെ ധൂര്‍ത്തും സംസഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്നതാണ് വസ്തുത. ബജറ്റില്‍ വകയിരുത്തിയ വിഹിതത്തെക്കാള്‍ 5,000 കോടിയോളം രൂപ വകുപ്പുകള്‍ക്ക് അനുവദിച്ചതും സാമ്പത്തിക പ്രയാസം രൂക്ഷമാക്കി. പൊതുമരാമത്ത് വകുപ്പിന് മാത്രം ഇത്തരത്തില്‍ 1,000 കോടി രൂപ നല്‍കിയിരുന്നു.
സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ധനവകുപ്പിന്റെ നീക്കം. ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോടികളുടെ ധൂര്‍ത്ത് നടത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് ധനവകുപ്പ് വിമര്‍ശിച്ചത്. നടപടിക്രമങ്ങള്‍ ലംഘിച്ച് കോടിക്കണക്കിന് രൂപ മുഖ്യമന്ത്രി നേരിട്ട് വിതരണം ചെയ്തുവെന്നായിരിന്നു പ്രധാന ആരോപണം. വിവിധ ജില്ലകളില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതിനായി ഖജനാവില്‍ നിന്ന് കോടികളാണ് പൊടിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന സാമ്പത്തിക വിദഗ്ധന്മാരുടെ യോഗം രാജ്യത്ത് നടപ്പിലാക്കൊനൊരുങ്ങുന്ന പല പ്രൊജക്ടുകളും മുന്നോട്ടുകൊണ്ട് പോകാനാകില്ലെന്ന് നിര്‍ദേശിച്ചു. 2008 ന് സമാനമായ സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യമില്ലെങ്കിലും മാന്ദ്യം തുടരുന്നത് സ്ഥിതി ഇനിയും പ്രയാസകരമാക്കുമെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷം കേന്ദ്ര നികുതി വിഹിതം 1000 കോടി രൂപ കൂടിയെങ്കില്‍ ഇപ്പോള്‍ നികുതി വിഹിതം കുത്തനെ കുറഞ്ഞിരിക്കുകയാണ്.
ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ മാത്രം മാനുഫാക്ചറിംഗ് മേഖലയിലെ നികുതി വിഹിതം -5 ആയി കുറഞ്ഞു. ഡിസംബറില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ എട്ടു ശതമാനത്തിന്റെ ഇടിവുണ്ടായി. സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലാണെന്നത് വസ്തുതയാണെന്ന് ആസൂത്രണബോര്‍ഡംഗം പറഞ്ഞു. ഏഴുമാസത്തിനുള്ളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മൂവായിരം കോടിയില്‍പരം രൂപ ട്രഷറിയില്‍ ബാക്കിവച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കവും വിഭവസമാഹരണവും കേന്ദ്രസര്‍ക്കാരിന്റെ പോലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ദിവസം പോലും ട്രഷറി അടച്ചിടേണ്ടി വന്നില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം 2006 ല്‍ സംസ്ഥാനത്തിന് കോടികളുടെ ബാധ്യത ബാക്കിവച്ചാണ് യു ഡി എഫ് സര്‍ക്കാര്‍ പടിയിറങ്ങിയത്. കരാറുകാര്‍ക്ക് മാത്രം 1000 കോടിയുടെ ബാധ്യത വരുത്തി. കര്‍ഷക തൊഴിലാളിക്ഷേമ പെന്‍ഷന്‍, ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, തൊഴിലില്ലായ്മ വേതനം എന്നിവയിലെല്ലാം വന്‍ കുടിശ്ശിക വരുത്തിയാണ് യു ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ ബാധിക്കാതെ തന്നെ ഈ ബാധ്യതകള്‍ എല്ലാം എല്‍ ഡി എഫ് സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തു.
(രാജേഷ് വെമ്പായം)
janayugom 030212
സംസ്ഥാനത്തെ വികസന, ജനക്ഷേമ പദ്ധതികള്‍ക്ക് മരവിപ്പിക്കാന്‍ യു ഡി എഫ് നീക്കം. സംസ്ഥാനം സാമ്പത്തിക പ്രയാസത്തിലാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വരുന്ന ബജറ്റില്‍ വികസന, ജനക്ഷേമ വികസന പദ്ധതികളുടെ മേല്‍ കൈവയ്ക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സംസ്ഥാനം വരും നാളുകളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെടും എന്ന സൂചന നല്‍കി മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തത്.
ReplyDelete