ചോരചിന്തിയ സമരങ്ങളുടെയും കൊടിയ ത്യാഗത്തിന്റെയും, ബലിദാനത്തിന്റെയും നീറുന്ന ഒരായിരം സംഭവങ്ങള്‍ ഇഴചേര്‍ന്നതാണ് ലോകത്തെവിടെയുമുള്ള കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ചരിത്രം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും അത് തന്നെ. ത്യാഗസുരഭിലമായ ഇതുപോലൊരു ചരിത്രത്തിന്റെ പിന്‍ബലം ഇന്ത്യയില്‍ ഏത് രാഷ്ട്രീയസംഘടനയ്ക്കുണ്ട്. ആ ചരിത്രമുഹൂര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശാനുള്ള ശ്രമമാണ് കൊല്ലം കെ സി പിള്ള നഗറില്‍ (കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്) ഒരുക്കിയ ചരിത്രപ്രദര്‍ശനം. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ആരംഭിച്ച പാര്‍ട്ടിയുടെ ഈ പ്രദര്‍ശനം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നവ്യാനുഭവമായിരിക്കും.
എത്രയെത്ര അഗ്നിപരീക്ഷകള്‍, എത്രയെത്ര മനുഷ്യസ്‌നേഹികളുടെ ചോരയും ജീവനുമാണ് ഈ പ്രസ്ഥാനത്തിനും ചെങ്കൊടിക്കുമായി പകര്‍ന്നുനല്‍കിയത്. തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതവും അഭിമാനവും ആദരവുമാണ് നമുക്ക് ഉണ്ടാവുക.
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവരില്‍ നിന്ന് തുടങ്ങി ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ഉഴുതുമറിച്ച കേരളത്തിന്റെ നവോത്ഥാന നാളുകളെ അനുസ്മരിച്ചുകൊണ്ടാണ് പ്രദര്‍ശനത്തിന്റെ തുടക്കം. ലോകമെങ്ങും മാറ്റത്തിന്റെ കാറ്റുവിതച്ച 1917ലെ റഷ്യന്‍ വിപ്ലവത്തോടെ ഇന്ത്യയിലെമ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രൂപ്പുകള്‍ ഇടംപിടിക്കുന്നു. ജര്‍മ്മനിയില്‍ രൂപം കൊണ്ട ഇന്ത്യക്കാരുടെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ്; തുടര്‍ന്ന് താഷ്‌ക്കന്റില്‍. 1920ലെ പെഷവാര്‍ ഗൂഢാലോചനക്കേസും 1924ലെ കാണ്‍പൂര്‍ ഗൂഢാലോചനക്കേസും വിപ്ലവപ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ പൊട്ടിമുളയ്ക്കുന്നതിന് നാന്ദി കുറിച്ചു. തുടര്‍ന്ന് ലാലാ ലജപത്‌റായി പ്രസിഡന്റായി എഐടിയുസി രൂപീകരണം. 1925 ഡിസംബര്‍ 25ന് കാണ്‍പൂരില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം. അതിനായി ചേര്‍ന്ന സമ്മേളനത്തിന് തുക സമാഹരിച്ച സംഭാവനരസീതും പ്രവേശനപാസും ബാഡ്ജും പ്രദര്‍ശനത്തിലെ അപൂര്‍വകാഴ്ചകളാണ്.
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാനായി കാറല്‍ മാര്‍ക്‌സിനെപ്പറ്റി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രചിച്ച പുസ്തകത്തിന്റെയും ഗാന്ധിക്കെതിരെ ലെനിന്‍ എന്ന ഡാങ്കേയുടെയും പുസ്തകത്തിന്റെ പുറംചട്ടകള്‍ മറ്റൊരാകര്‍ഷണമാണ്.
1927ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മദിരാശി സമ്മേളനത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ പൂര്‍ണസ്വരാജ് പ്രഖ്യാപിക്കുന്നതില്‍ തുടങ്ങി മീററ്റ് ഗൂഢാലോചനാക്കേസ്, തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് ലീഗിന്റെയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും രൂപീകരണം എന്നിവയൊക്കെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം, 1936ലെ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ രൂപീകരണസമ്മേളനം, ആദ്യമായി അരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചുവന്ന കൊടി ഉയര്‍ത്തിയ 1936ലെ ഫെയ്‌സ്പൂര്‍ സമ്മേളനം എന്നിവയൊക്കെ ചരിത്രത്തിന്റെ നാഴികക്കല്ലുകളാണ്. 1936ല്‍ എഐഎസ്എഫ് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത് ജവഹര്‍ലാല്‍ നെഹ്രു ആണെന്നത് പുത്തന്‍തലമുറയ്ക്ക് പുതിയ അറിവായിരിക്കും.
1939 ഡിസംബറിലെ ഒരു രാത്രിയില്‍ പിണറായിയിലെ പാറപ്രത്ത് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിന്റെ നഖചിത്രം പ്രദര്‍ശനത്തിലുണ്ട്. പി കൃഷ്ണപിള്ള, ഇഎംഎസ്, കെ ദാമോദരന്‍, എകെജി, എന്‍ഇ ബലറാം, സി ഉണ്ണിരാജ തുടങ്ങി പങ്കെടുത്ത 40 പേരില്‍ അവസാന കണ്ണിയായിരുന്ന സുബ്രഹ്മണ്യഷേണായി വിടപറഞ്ഞത് 2006 നവംബര്‍ 14നാണെന്ന വിവരവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
1956 നവംബര്‍ ഒന്നിലെ കേരളപ്പിറവി ദിനത്തില്‍ 'ജനയുഗം' പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റ്, 1943ല്‍ വിദ്യാര്‍ത്ഥിജാഥ നയിക്കുന്ന കവി പി ഭാസ്‌കരന്റെ ചിത്രം, 'ഇപ്റ്റ'യുടെ സമ്മേളനത്തില്‍ ഹിന്ദി ചലച്ചിത്രലോകത്തെ അതികായനായ പൃഥ്വിരാജ് കപൂര്‍ പ്രസംഗിക്കുന്നത്, ടിവിയുടെയും ഗൗരിയമ്മയുടെയും കുടുംബചിത്രം, 1951ല്‍ പുറത്തിറങ്ങിയ 'നവയുഗ'ത്തിന്റെ ആദ്യകോപ്പി, 'ന്യൂ ഏജ്' ആദ്യലക്കത്തിന്റെ പകര്‍പ്പ്, പ്രസിദ്ധീകരണം നിര്‍ത്തിയ 'ക്രോസ് റോഡ്‌സ്' മാസിക, 1936ല്‍ നിരോധിക്കപ്പെട്ട പാര്‍ട്ടി പത്രം 'ദി കമ്മ്യൂണിസ്റ്റ്' എന്നിവയൊക്കെ പ്രദര്‍ശനത്തിലുണ്ട്.
ഇടതുപക്ഷ മന്ത്രിസഭകള്‍ കേരളത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ പ്രത്യേകമായി എടുത്തുകാട്ടിയിട്ടുണ്ട്. 1957ലെ ചരിത്രം സൃഷ്ടിച്ച മന്ത്രിസഭയും അതിലെ മന്ത്രിമാരും മന്ത്രിസഭയുടെ തീരുമാനങ്ങളും ഉള്‍ക്കൊള്ളുന്ന പത്രവാര്‍ത്തകള്‍ സി അച്യുതമേനോന്‍ മന്ത്രിസഭയുടെ ഉജ്ജ്വല നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന രേഖകള്‍, പികെവിയുടെയും ഇ കെ നായനാരുടെയും മന്ത്രിസഭകള്‍ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ തുടങ്ങിയവയൊക്കെ പ്രദര്‍ശനത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.കയ്യൂര്‍ രക്തസാക്ഷികളെക്കുറിച്ചുള്ള ചിത്തപ്രസാദിന്റെ രേഖാചിത്രം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
യുവ ചിത്രകാര ദമ്പതികളായ ആര്‍ ബി ഷജിത്തും സ്മിത എം ബാബുവും വരച്ച 'സമര പുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍' എന്ന സീരിയല്‍ പെയിന്റിംഗുകള്‍ ചരിത്രം ചുവന്ന നാളുകളെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണയോഗത്തില്‍ ചെങ്കൊടിയുയര്‍ത്തുന്നത്, കോട്ടാത്തല സുരേന്ദ്രന്‍ പൊലീസ് ക്യാമ്പില്‍ മര്‍ദ്ദനത്തിന് വിധേയമാകുന്നത്. ശൂരനാട് കലാപത്തിന് വഴിമരുന്നിട്ട മനുഷ്യനെ കാളയ്‌ക്കൊപ്പം നുകത്തില്‍ പൂട്ടി വയല്‍ ഉഴുന്നത്, ചേലക്കോട്ടേത്ത് കുഞ്ഞുരാമന്‍ രോഗബാധിതയായ മകളേയും തോളിലെടുത്ത് ആയിരംതെങ്ങ് കടല്‍പ്പുറത്ത് നില്‍ക്കുന്നത്, കാവുമ്പായി, മുനയന്‍കുന്ന്, കരിവെള്ളൂര്‍, പുന്നപ്ര-വയലാര്‍ എന്നീ പോരാട്ടങ്ങളുടെ ദൃശ്യവല്‍ക്കരിച്ച ചിത്രങ്ങള്‍ എന്നിവ ആരുടെയും മനസ്സിനെ പിടിച്ചുലയ്ക്കും.
janayugom 050212
ചോരചിന്തിയ സമരങ്ങളുടെയും കൊടിയ ത്യാഗത്തിന്റെയും, ബലിദാനത്തിന്റെയും നീറുന്ന ഒരായിരം സംഭവങ്ങള്‍ ഇഴചേര്‍ന്നതാണ് ലോകത്തെവിടെയുമുള്ള കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ചരിത്രം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും അത് തന്നെ. ത്യാഗസുരഭിലമായ ഇതുപോലൊരു ചരിത്രത്തിന്റെ പിന്‍ബലം ഇന്ത്യയില്‍ ഏത് രാഷ്ട്രീയസംഘടനയ്ക്കുണ്ട്. ആ ചരിത്രമുഹൂര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശാനുള്ള ശ്രമമാണ് കൊല്ലം കെ സി പിള്ള നഗറില്‍ (കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്) ഒരുക്കിയ ചരിത്രപ്രദര്‍ശനം. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ആരംഭിച്ച പാര്‍ട്ടിയുടെ ഈ പ്രദര്‍ശനം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നവ്യാനുഭവമായിരിക്കും.
ReplyDeleteഎത്രയെത്ര അഗ്നിപരീക്ഷകള്‍, എത്രയെത്ര മനുഷ്യസ്‌നേഹികളുടെ ചോരയും ജീവനുമാണ് ഈ പ്രസ്ഥാനത്തിനും ചെങ്കൊടിക്കുമായി പകര്‍ന്നുനല്‍കിയത്. തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതവും അഭിമാനവും ആദരവുമാണ് നമുക്ക് ഉണ്ടാവുക.