Sunday, February 5, 2012

സര്‍ക്കാര്‍ കരിനിഴലില്‍തന്നെ

മന്ത്രി ചിദംബരത്തിനെതിരായ ഹര്‍ജി സിബിഐ കോടതി തള്ളിയത് യുപിഎ സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒട്ടും ഉതകില്ല. സുപ്രീംകോടതി 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയത് രാഷ്ട്രീയവും ധാര്‍മികവുമായി സര്‍ക്കാരിനെ അത്രയേറെ ക്ഷീണിപ്പിച്ചിട്ടുണ്ട്. 2ജി ഇടപാടില്‍ നടന്നതെല്ലാം തോന്ന്യാസമാണെന്നാണ് സുപ്രീംകോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയത്. യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ 2ജി അഴിമതി ചൂടേറിയ ചര്‍ച്ചാവിഷയമാണ്. യുപിഎ സര്‍ക്കാരിന് അഴിമതി പരമ്പരകളുടെ കരിനിഴല്‍ മായ്ച്ചുകളയാന്‍ ശനിയാഴ്ചത്തെ കോടതിവിധി മാത്രംകൊണ്ട് കഴിയില്ല. മേല്‍ കോടതികളില്‍ അപ്പീല്‍ നല്‍കി പോരാട്ടം തുടരുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പ്രഖ്യാപിച്ചതും സര്‍ക്കാരിനെ തുടര്‍ന്നും സമ്മര്‍ദത്തിലാക്കും. 2ജി അഴിമതിയിലെ മറ്റു കേസുകളില്‍ കീഴ്കോടതി ഉത്തരവിനു വിപരീതമായി മേല്‍ കോടതി വിധിയുണ്ടായിട്ടുണ്ട്. സര്‍ക്കാരിലെ പല ഉന്നതരും അറിഞ്ഞുനടത്തിയതാണ് 2ജി ഇടപാടെന്ന് വ്യക്തമായ സാഹചര്യത്തില്‍ സ്വാമിയുടെ ഭാവി നിയമപോരാട്ടവും കേന്ദ്രസര്‍ക്കാരിന് നിര്‍ണായകമാകും.

പ്രത്യേക കോടതി വിധി ചിദംബരവും കേന്ദ്രത്തിലെ പ്രബലരായ മന്ത്രിമാരും പരിപാടികള്‍ മാറ്റിവച്ചാണ് കാത്തിരുന്നത്. വിധി വന്നശേഷമാണ് കൂടംകുളത്തെ തന്റെ ശനിയാഴ്ചത്തെ പരിപാടിക്ക് പോകാന്‍ ചിദംബരം തീരുമാനിച്ചത്. ചിദംബരത്തിനുമേല്‍ വാളായി തൂങ്ങുന്ന മറ്റൊരു കേസിലും താമസിയാതെ വിധിയുണ്ടാകും. തമിഴ്നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എഐഎഡിഎംകെയുടെ രാജ കണ്ണപ്പന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസാണ് അത്. കണ്ണപ്പന്‍ 3384 വോട്ടിന് ജയിച്ചതായി ആദ്യം പ്രഖ്യാപിച്ചെങ്കിലും ഇലക്ടറല്‍ ഓഫീസറെ സ്വാധീനിച്ച് റീകൗണ്ടിങ് നടത്തി കൃത്രിമം കാണിച്ച് ചിദംബരം ജയിച്ചെന്നാണ് പരാതി. ചിദംബരം 4000 വോട്ടിന് ജയിച്ചെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.
(ദിനേശ്വര്‍മ)

തീരുമാനങ്ങളില്‍ ചിദംബരത്തിന് പങ്ക്: കോടതി

2ജി സ്പെക്ട്രം അഴിമതിക്ക് വഴിയൊരുക്കിയ നിര്‍ണായകമായ രണ്ട് തീരുമാനത്തിലും മന്ത്രി പി ചിദംബരം പങ്കാളിയാണെന്നതിന് തെളിവുണ്ടെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തി. എന്നാല്‍ , ദുരുദ്ദേശ്യത്തോടെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയാണ് മന്ത്രി ഈ നിലപാട് എടുത്തതെന്ന് തെളിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ചിദംബരത്തെ കൂടി പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജനതാ പാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി തള്ളി. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു.

രണ്ടു തീരുമാനത്തിലാണ് ചിദംബരത്തിനു പങ്കെന്ന് പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്നി പറഞ്ഞു. 2ജി ലൈസന്‍സിനുള്ള പ്രവേശനഫീസായി 2001ലെ നിരക്ക് തന്നെ നിശ്ചയിക്കാനുള്ള തീരുമാനം അന്നത്തെ ടെലികോം മന്ത്രി രാജയും ധനമന്ത്രി ചിദംബരവും ചേര്‍ന്നെടുത്തതാണ്. കുറഞ്ഞനിരക്കില്‍ ലൈസന്‍സ് ലഭിച്ച യൂണിടെക്, സ്വാന്‍ എന്നീ ടെലികോം കമ്പനികള്‍ക്ക് പിന്നീട് അവയുടെ ഓഹരികള്‍ വന്‍ലാഭത്തില്‍ വിദേശ കമ്പനികള്‍ക്ക് മറിച്ച് വില്‍ക്കാന്‍ അനുമതി നല്‍കിയതും ചിദംബരമാണ്. ഇതിനു രണ്ടിനും തെളിവുണ്ട്. എന്നാല്‍ , ദുരുദ്ദേശ്യത്തോടെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയാണ് ഈ തീരുമാനങ്ങളെന്നതിന് തെളിവില്ല. അവിടെയും ഇവിടെയും ചില തെളിവുണ്ടെന്നത് സമ്മതിക്കുന്നു. എന്നാല്‍ , അത് പ്രഥമദൃഷ്ട്യാ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള തെളിവാകില്ല- പ്രത്യേക കോടതി പറഞ്ഞു. ചിദംബരത്തിനെതിരെ നടപടിയെടുക്കാന്‍ തക്കകാരണം കാണുന്നില്ലെന്ന വിശദീകരണത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്.

പട്യാല ഹൗസിലെ പ്രത്യേക കോടതിയില്‍ ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമിയുടെയും ഭാര്യ റൊക്സാനയുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് വിധി പ്രസ്താവിച്ചത്. അടച്ചിട്ട കോടതിമുറിയില്‍ ഒരു മണിക്കൂറോളം സ്വാമിയുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ ജഡ്ജി ചര്‍ച്ച ചെയ്തു. ഒന്നരയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കായി കോടതി മുറി തുറന്നു. 1.35ന് ചേമ്പറിലെത്തിയ ജസ്റ്റിസ് സെയ്നി സ്വാമിയുടെ ഹര്‍ജി തള്ളുന്നതായും ചിദംബരത്തിനെതിരെ അന്വേഷണത്തിന് കാരണമൊന്നും കാണുന്നില്ലെന്നും മാത്രം അറിയിക്കുകയായിരുന്നു. അഴിമതിക്ക് വഴിയൊരുക്കിയ തീരുമാനങ്ങളില്‍ ചിദംബരത്തിന് പങ്കുണ്ടെന്ന വസ്തുത കോടതി സമ്മതിച്ചത് ശ്രദ്ധേയമായ കാര്യമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചിദംബരത്തിന് കുറ്റകരമായ പങ്കുണ്ടോ എന്നത് അന്വേഷിക്കാന്‍ തീരുമാനങ്ങളില്‍ പങ്കാളിയാണെന്ന തെളിവ് ധാരാളമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനി പറഞ്ഞു. ഇക്കാര്യത്തില്‍ വിചാരണ കോടതിയുടെ നിലപാടാകണമെന്നില്ല മേല്‍കോടതികള്‍ക്ക്- ജെത്മലാനി അഭിപ്രായപ്പെട്ടു.
(എം പ്രശാന്ത്)

deshabhimani 050212

1 comment:

  1. മന്ത്രി ചിദംബരത്തിനെതിരായ ഹര്‍ജി സിബിഐ കോടതി തള്ളിയത് യുപിഎ സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒട്ടും ഉതകില്ല. സുപ്രീംകോടതി 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയത് രാഷ്ട്രീയവും ധാര്‍മികവുമായി സര്‍ക്കാരിനെ അത്രയേറെ ക്ഷീണിപ്പിച്ചിട്ടുണ്ട്. 2ജി ഇടപാടില്‍ നടന്നതെല്ലാം തോന്ന്യാസമാണെന്നാണ് സുപ്രീംകോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയത്. യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ 2ജി അഴിമതി ചൂടേറിയ ചര്‍ച്ചാവിഷയമാണ്. യുപിഎ സര്‍ക്കാരിന് അഴിമതി പരമ്പരകളുടെ കരിനിഴല്‍ മായ്ച്ചുകളയാന്‍ ശനിയാഴ്ചത്തെ കോടതിവിധി മാത്രംകൊണ്ട് കഴിയില്ല. മേല്‍ കോടതികളില്‍ അപ്പീല്‍ നല്‍കി പോരാട്ടം തുടരുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പ്രഖ്യാപിച്ചതും സര്‍ക്കാരിനെ തുടര്‍ന്നും സമ്മര്‍ദത്തിലാക്കും. 2ജി അഴിമതിയിലെ മറ്റു കേസുകളില്‍ കീഴ്കോടതി ഉത്തരവിനു വിപരീതമായി മേല്‍ കോടതി വിധിയുണ്ടായിട്ടുണ്ട്. സര്‍ക്കാരിലെ പല ഉന്നതരും അറിഞ്ഞുനടത്തിയതാണ് 2ജി ഇടപാടെന്ന് വ്യക്തമായ സാഹചര്യത്തില്‍ സ്വാമിയുടെ ഭാവി നിയമപോരാട്ടവും കേന്ദ്രസര്‍ക്കാരിന് നിര്‍ണായകമാകും.

    ReplyDelete