Monday, February 6, 2012

കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നത് മതതീവ്രവാദത്തെ: വി എസ്

മതത്തെയല്ല, മതതീവ്രവാദത്തെയും വര്‍ഗീയതെയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'മതേതര ജനാധിപത്യ സംസ്‌കാരത്തിനുവേണ്ടി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതതീവ്രവാദവും വര്‍ഗീയതയും മാനവരാശിക്കാകെ ആപത്കരമാണ്. വര്‍ഗീയതയെയും മതതീവ്രവാദത്തെയും എതിര്‍ത്തു പരാജയപ്പെടുത്തേണ്ടത് മതവിശ്വാസികളുടെ ആവശ്യമാണെന്നും വി എസ് പറഞ്ഞു.

യേശുവിന്റെ ജീവിതം തങ്ങള്‍ക്കുമാത്രമല്ല, മാനവരാശിക്കാകെ വഴികാട്ടിയാണ്. അതുപോലെ രാമായണവും മഹാഭാരതവുമെല്ലാം പൈതൃകസ്വത്താണ്. രാമന്റെ കാര്യത്തില്‍ ബി ജെ പിക്ക് എന്തെങ്കിലും അവകാശമില്ല. പുരാണേതിഹാസങ്ങളും ചരിത്രവും സംസ്‌കാരവുമെല്ലാം മാനവരാശിയുടെ പൊതുസ്വത്താണെന്നാണ് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട്. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചതിനെ അഭിനന്ദിക്കുന്നതിനുപകരം അതെന്തോ വലിയ അപരാധമായിപ്പോയെന്ന് ആക്ഷേപിക്കുകയാണ് രമേശ് ചെന്നിത്തലയെപ്പോലുള്ള ചിലര്‍. തന്റെ കാലഘട്ടത്തിലെ ജീര്‍ണതകളെ ചോദ്യം ചെയ്തതിനും വ്യവസ്ഥിതിയെ വെല്ലുവിളിച്ചതിനുമാണ് ഭരണകൂടം യേശുവിനെ കുരിശില്‍ തറച്ച് കൊലചെയ്തത്.

അന്നത്തെ പൗരോഹിത്യത്തിന്റെ അധാര്‍മികതകള്‍ക്കെതിരെ ആഞ്ഞടിച്ച വിമോചന നായകനായിരുന്നു യേശു. അതുകൊണ്ടാണ് യേശുവിനെ നിഷ്ഠൂരമായി കൊലചെയ്യാന്‍ അന്നത്തെ പൗരോഹിത്യം കൂട്ടുനിന്നത്. ആരാധനാലയങ്ങളില്‍ കച്ചവടം നടത്തിയവരെ അടിച്ചുപുറത്താക്കുകയാണ് യേശു ചെയ്തത്. യേശുവിനെയും ക്രിസ്ത്യാനികളെയും അറിയാത്ത പള്ളിഭക്തര്‍ക്ക് ഇത് മനസിലാവണമെന്നില്ല.

നഴ്‌സുമാര്‍ക്ക് ശമ്പളം നിഷേധിക്കുന്ന ആശുപത്രികളും സ്വാശ്രയ കോളജുകളും മറ്റുമാണ് അവര്‍ക്ക് മതം. ''ക്രിസ്തു നിങ്ങളെ സ്വാതന്ത്ര്യത്തിനായി സ്വതന്ത്രരാക്കി എന്ന ബൈബിള്‍ വാക്യത്തിന്റെ അര്‍ഥം ഇനിയെങ്കിലും മനസിലാക്കണം. അല്ലാതെ യേശുവിനും ഏതെങ്കിലും ചിത്രങ്ങള്‍ക്കും പകര്‍പ്പവകാശം നേടാന്‍ ശ്രമിക്കുകയല്ല വേണ്ടത്'' -വി എസ് പറഞ്ഞു.
മനുഷ്യസംസ്‌കാരത്തിന്റെ തുടക്കം മുതലുള്ള എല്ലാ നന്മകളെയും അംഗീകരിക്കുകയും അതെല്ലാം പുരോഗതിക്കായി പ്രയോജനപ്പെടുത്തണമെന്ന ഉത്തമവിശ്വാസം പുലര്‍ത്തുകയും ചെയ്യുന്നവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. അറിയപ്പെട്ടിടത്തോളം ആദ്യകാലത്തെ ഏറ്റവും ശക്തമായ പോരാട്ടവും ഏറ്റവും മഹത്തായ ത്യാഗവുമാണ് യേശുക്രിസ്തുവിന്റേത്. ശ്രീബുദ്ധനും മുഹമ്മദ് നബിയും ഉള്‍പ്പെടെയുള്ള മഹാന്മാര്‍ സമാനമായ പോരാട്ടങ്ങള്‍ നടത്തുകയും പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ മാനവരാശിക്ക് നേര്‍വഴികാട്ടാന്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കാനും അവരുടെ മഹനീയമായ സംഭാവനകള്‍ സ്മരിക്കാനും അവകാശമില്ലെന്നാണ് ചിലര്‍ പറയുന്നത്.

യേശുക്രിസ്തുവിന്റെ ചിത്രം വച്ച തങ്ങള്‍ എന്തുകൊണ്ട് ശ്രീരാമന്റെ ചിത്രം വച്ചില്ല എന്നതാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ ചോദ്യം. ഈ ചോദ്യങ്ങളിലും ആക്ഷേപങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് സങ്കുചിതത്വമാണ്. പാര്‍ട്ടിയുടെ പ്രചാരണത്തിന് വച്ച ബോര്‍ഡല്ല അത്. പൊലീസ് അസോസിയേഷന്‍ കെ സുധാകരന് സിന്ദാബാദ് വിളിച്ച് പതിച്ച ഫഌക്‌സ് ബോര്‍ഡുപോലുള്ളതുമല്ല ഇത്. മാനവപുരോഗതിയുടെ ചരിത്രം പറയുന്ന, അതിലെ മഹാന്മാരായ രക്തസാക്ഷികളെ അനുസ്മരിക്കുന്ന പ്രാതിനിധ്യ സ്വഭാവമുള്ള പ്രദര്‍ശനമാണത്. യേശുവിനെ ഒഴിവാക്കിക്കൊണ്ട് അത്തരമൊരു പ്രദര്‍ശനം തുടങ്ങാനാകുമെന്ന് പറയാന്‍ എങ്ങനെ ധൈര്യമുണ്ടായി എന്നും വി എസ് ചോദിച്ചു.

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത് എന്നതാണ് മതനിരപേക്ഷതയുടെ അടിസ്ഥാനതത്വം. യഥാര്‍ഥ ജനാധിപത്യം പുലരുന്നതിന് ഇത് അതാവശ്യവുമാണ്. എന്നാല്‍ വലതുപക്ഷരാഷ്ട്രീയം തിരഞ്ഞെടുപ്പ് നേട്ടത്തിന് തരാതരം മതവികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയും സാമുദായിക-വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുകയും ചെയ്യുന്നു. സാമുദായികശക്തികള്‍ തിരിച്ച് ഭരണത്തില്‍ ഇടപെടുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ വര്‍ഗീയ-സാമുദായിക ശക്തികളെ പ്രീണിപ്പിക്കുന്നതില്‍ മുന്‍ യു ഡി എഫ് സര്‍ക്കാരുകളുടെയെല്ലാം റെക്കോഡ് തകര്‍ത്തിരിക്കുന്നു. വര്‍ഗീയ- സാമുദായിക ശക്തികള്‍ ഭരണത്തില്‍ നേരിട്ട് ഇടപെടുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ മാധ്യമങ്ങള്‍  ഇതിനകം തന്നെ പുറത്തുകൊണ്ടുവന്നു. യു ഡി എഫിന് 72 സീറ്റെങ്കിലും കിട്ടിയത് തങ്ങളുടെ കഴിവുകൊണ്ടാണെന്ന് സാമുദായിക-വര്‍ഗീയ ശക്തികള്‍ അവകാശപ്പെടുന്നുണ്ട്. വര്‍ഗീയ-സാമുദായിക വികാരമിളക്കിവിട്ടുകൊണ്ട് കഷ്ടിച്ചാണെങ്കിലും അധികാരത്തിലെത്തിയ യു ഡി എഫ് അത്തരം ശക്തികളുടെ ആജ്ഞാനുവര്‍ത്തികളാകുന്നുവെന്നതില്‍ അദ്ഭുതമില്ലെന്നും വി എസ് പറഞ്ഞു.

എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ എന്‍ പണിക്കര്‍, മാലശ്രീ ഹഷ്മി, പ്രഫ. നൈനാന്‍കോശി, ഹമീദ് ചേന്ദമംഗല്ലൂര്‍, പ്രഭാവര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.

janayugom 060212

1 comment:

  1. മതത്തെയല്ല, മതതീവ്രവാദത്തെയും വര്‍ഗീയതെയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'മതേതര ജനാധിപത്യ സംസ്‌കാരത്തിനുവേണ്ടി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതതീവ്രവാദവും വര്‍ഗീയതയും മാനവരാശിക്കാകെ ആപത്കരമാണ്. വര്‍ഗീയതയെയും മതതീവ്രവാദത്തെയും എതിര്‍ത്തു പരാജയപ്പെടുത്തേണ്ടത് മതവിശ്വാസികളുടെ ആവശ്യമാണെന്നും വി എസ് പറഞ്ഞു.

    ReplyDelete