Friday, February 17, 2012

തത്ത്വമസി"കൊണ്ട് അഴീക്കോട് വര്‍ഗീയവാദികളെ തോല്‍പ്പിച്ചു: ചുള്ളിക്കാട്

ഭാരതീയ ദര്‍ശനങ്ങളെ വര്‍ഗീയവാദികള്‍ ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി ബലികൊടുക്കാന്‍ നോക്കിയപ്പോള്‍ "തത്ത്വമസി" എന്ന ഒറ്റ പുസ്തകത്താല്‍ അവരെ തോല്‍പ്പിച്ച ആളാണ് ഡോ. സുകുമാര്‍ അഴീക്കോടെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സുകുമാര്‍ അഴീക്കോട് അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചുകുട്ടികളുടെ വിശുദ്ധി ജീവിതാവസാനംവരെ കാത്തുസൂക്ഷിച്ച അതുല്യ വ്യക്തിയായിരുന്നു അഴീക്കോട്. അമ്മ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനംചെലുത്തി. ഒരിക്കല്‍ എന്താണ് ഏറ്റവും വലിയ അഗ്രഹമെന്ന് ഏതോ ടെലിവിഷന്‍ ചാനലുകാര്‍ ചോദിച്ചപ്പോള്‍ - "എനിക്ക് എന്റെ അമ്മയെ ഒരിക്കല്‍ ക്കൂടി ജീവനോടെ കണ്ടാല്‍മതിയെന്ന്" പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞത് കണ്ടിട്ടുണ്ട്. "അമ്മ എന്റെ ഹൃദയത്തില്‍ സ്തംഭിച്ചുപോയ അഗ്നിയാണെന്ന്" അദ്ദേഹം എഴുതി. തൃശൂരില്‍ പുതിയ വീട് വച്ചപ്പോള്‍ ഇത്രയും വലിയ വീട്ടില്‍ എങ്ങനെ ഒറ്റയ്ക്ക് കഴിച്ചുകൂട്ടുമെന്ന് താന്‍ അന്വേഷിച്ചപ്പോള്‍ - "ഞാന്‍ എന്റെ അമ്മയെ ഓര്‍ത്ത് ഉറങ്ങാന്‍ കിടക്കും. അപ്പോള്‍ ഒരു പേടിയും തോന്നില്ല" എന്നാണ് അഴീക്കോട് മറുപടി പറഞ്ഞത്.

എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റണമെന്ന ആഗ്രഹം കൊച്ചുകുട്ടികളെപ്പോലെ അദ്ദേഹത്തിനുണ്ടായിരുന്നു. റേഷന്‍ വാങ്ങാന്‍ പോകുന്ന സാധാരണക്കാര്‍ പോലും അഴീക്കോടിന്റെ വാക്കുകള്‍ കേട്ടുനില്‍ക്കുമായിരുന്നു. തെരുവിലും അങ്ങാടിയിലും മൈതാനത്തും പുരുഷാരത്തെ സാക്ഷിയാക്കി അദ്ദേഹം പ്രസംഗിച്ചു. സോക്രട്ടീസും ശ്രീബുദ്ധനും യേശുക്രിസ്തുവും നബിയുമൊക്കെ ഈ രീതിയില്‍ ആളുകളെ ആകര്‍ഷിച്ചവരാണ്. ഏകാന്തത അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നെന്നും ചുള്ളിക്കാട് പറഞ്ഞു.

ഉപനിഷത്ത് സാരത്തെ സാധാരണ ജനങ്ങള്‍ക്കുകൂടി മനസ്സിലാക്കാവുന്ന രീതിയില്‍ ആവിഷ്കരിച്ച "തത്ത്വമസി"യാണ് അഴീക്കോടിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് അധ്യക്ഷയായ ഡോ. എം ലീലാവതി പറഞ്ഞു. മലയാളത്തിലെ എല്ലാ വിമര്‍ശകര്‍ക്കും മുകളിലെത്താന്‍ ഈ പുസ്തകം അഴീക്കോടിനെ സഹായിച്ചുവെന്നാണ് വിശ്വാസം. മേല്‍പ്പത്തൂര്‍ ഭട്ടതിരിപോലും ഉപനിഷത്ത് സാരം മനസ്സിലാക്കുക പ്രയാസമാണെന്നു പറഞ്ഞ ഇടത്താണ് അഴീക്കോട് വിജയിച്ചതെന്ന കാര്യം ശ്രദ്ധേയമാണെന്നും അവര്‍ പറഞ്ഞു. ഡോ. എം അച്യുതന്‍ , എം വി ബെന്നി, എം കെ ഹരികുമാര്‍ , പ്രൊഫ. പി എ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

deshabhimani 170212

1 comment:

  1. ഭാരതീയ ദര്‍ശനങ്ങളെ വര്‍ഗീയവാദികള്‍ ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി ബലികൊടുക്കാന്‍ നോക്കിയപ്പോള്‍ "തത്ത്വമസി" എന്ന ഒറ്റ പുസ്തകത്താല്‍ അവരെ തോല്‍പ്പിച്ച ആളാണ് ഡോ. സുകുമാര്‍ അഴീക്കോടെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സുകുമാര്‍ അഴീക്കോട് അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete