Wednesday, February 15, 2012

സംസ്ഥാന സഹകരണ ബാങ്കും പിടിച്ചെടുത്തു

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പിന്നാലെ സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതിയും സര്‍ക്കാര്‍ പിരിച്ചുവിട്ടു. സംസ്ഥാന സഹകരണ ബാങ്കിലേക്കുള്ള പ്രതിനിധികളെ പിന്‍വലിക്കുന്നതായി, ജില്ലാ ബാങ്കുകളില്‍ പുതുതായി ചുമതലയേറ്റ അഡ്മിനിസ്ടേറ്റര്‍മാരെക്കൊണ്ട് ഫാക്സ് അയപ്പിച്ചാണ് സഹകരണമേഖലയിലെ ജനാധിപത്യകശാപ്പ് യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. സഹകരണവകുപ്പ് സെക്രട്ടറി വി എം ഗോപാലമേനോന്‍ സംസ്ഥാന സഹകരണബാങ്കിലെത്തി ചൊവ്വാഴ്ച അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. സംസ്ഥാന സഹകരണ ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേല്‍ക്കുന്നത്. ഭരണ സമിതി ഇല്ലാതായാല്‍ മാനേജിങ് ഡയറക്ടറുടെ ചുമതലയില്‍ ഭരണം തുടരുകയാണ് സംസ്ഥാന സഹകരണ ബാങ്കിലെ കീഴ്വഴക്കം. എന്നാല്‍ , ഐഎഎസുകാരനായ മാനേജിങ് ഡയറക്ടര്‍എ ടി ജെയിംസിനെ മറികടന്ന് ചുമതലയേല്‍ക്കാന്‍ സഹകരണ സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ജില്ലാബാങ്കുകളുടെ പ്രതിനിധികളും മാനേജിങ് ഡയറക്ടര്‍ , നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ , സഹകരണ രജിസ്ട്രാര്‍ തുടങ്ങി എട്ട് സര്‍ക്കാര്‍ നോമിനികളും അടങ്ങുന്നതാണ് സംസ്ഥാന സഹകരണബാങ്ക് ഭരണസമിതി. ജില്ലാ ബാങ്കുകള്‍ പിരിച്ചുവിട്ട് തിങ്കളാഴ്ചയാണ് അഡിമിനിസ്ട്രേറ്റര്‍മാര്‍ ചുമതലയേറ്റത്. സംസ്ഥാന ബാങ്കിലേക്കുള്ള പ്രതിനിധികളെ പിന്‍വലിക്കുന്നതായുള്ള ഫാക്സ് സന്ദേശം അയക്കലായിരുന്നു അഡിമിനിസ്ട്രേറ്റര്‍മാരുടെ ആദ്യ ജോലി. കടലാസ് സംഘങ്ങളടക്കം എല്ലാവിധ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാസഹകരണ ബാങ്കില്‍ വോട്ടവകാശം നല്‍കുന്ന ഭരണഘടനാഭേദഗതിക്കുള്ള ഓര്‍ഡിനന്‍സില്‍ സംസ്ഥാന ഗവര്‍ണറുടെ ചുമതല വഹിക്കുന്ന കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ശനിയാഴ്ച രാത്രിയാണ് ഒപ്പിട്ടത്.

കാര്‍ഷികവായ് പ നല്‍കുന്ന സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രമായിരുന്നു ജില്ലാ ബാങ്കില്‍ വോട്ടവകാശം. ജില്ലാബാങ്കുകളുടെ ഭരണം പിടിക്കാന്‍ കടലാസ് സംഘങ്ങളുടെ വോട്ടുമാത്രം പോരെന്നുകണ്ട് നൂറോളം പ്രാഥമിക സഹകരണസംഘം ഭരണസമിതികളും യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പ്രാഥമിക സഹകരണബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റര്‍മാരുടെയും കൂടി വോട്ട് ഉപയോഗിച്ച് ജില്ലാ ബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കിന്റെയും ഭരണം പിടിച്ചെടുക്കലാണ് ലക്ഷ്യം. കോര്‍പറേഷന്‍ , ബോര്‍ഡ് വിഭജനങ്ങളില്‍ ഇടഞ്ഞുനില്‍ക്കുന്ന കക്ഷികളെയും നേതാക്കളെയും ജില്ലാ ബാങ്ക് പ്രസിഡന്റ് സ്ഥാനം നല്‍കി അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് ജില്ലാ-സംസ്ഥാന ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടത്.

ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: സര്‍ക്കാര്‍ പുറപ്പെടുവിച്ച സഹകരണ ഓര്‍ഡിനന്‍സിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി വിശദമായ വാദത്തിനായി ബുധനാഴ്ചത്തേക്കുമാറ്റി. ജില്ലാ ബാങ്ക് പ്രസിഡന്റുമാരായ സജി ചെറിയാന്‍ (ആലപ്പുഴ), പി ഹരീന്ദ്രന്‍ (കണ്ണൂര്‍), വി പി ശശീന്ദ്രന്‍ (എറണാകുളം), പി എന്‍ വിജയന്‍ (ഇടുക്കി), കെ പി രാധാകൃഷ്ണന്‍ (തൃശൂര്‍), സനല്‍കുമാര്‍ (പത്തനംതിട്ട), ഡി രാജപ്പന്‍നായര്‍ (കൊല്ലം) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ വിശദമായ പ്രാഥമികവാദത്തിനായി മാറ്റിയത്.

2008നുശേഷം രൂപീകരിച്ച ബാങ്കിങ് ഇതര സഹകരണസംഘങ്ങള്‍ക്ക് ജില്ലാബാങ്ക് ഭരണസമിതിയില്‍ അംഗത്വം നിഷേധിക്കുകയും മുമ്പ് അംഗത്വമില്ലാതിരുന്ന കടലാസ് സഹകരണസംഘങ്ങള്‍ക്ക് അംഗത്വം നല്‍കുകയും ചെയ്യുന്ന ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറഞ്ഞു. നിക്ഷേപകരില്‍നിന്നും വിദഗ്ധരില്‍നിന്നും രണ്ടുവീതം അംഗങ്ങളെ ഭരണസമിതിയിലേക്ക് നോമിനേറ്റ്ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നതുവഴി ഭരണസമിതിയുടെ ജനാധിപത്യസ്വഭാവം നഷ്ടമാകും. സര്‍ക്കാരിന് മറ്റ് മൂന്ന് അംഗങ്ങളെക്കൂടി നോമിനേറ്റ്ചെയ്യാന്‍ വ്യവസ്ഥയുണ്ടെന്നും നോമിനേറ്റ് ചെയ്യപ്പെടുന്നവരുടെ അംഗസംഖ്യ ഏഴാക്കി ഉയര്‍ത്തിയത് സഹകരണമേഖലയുമായി ബന്ധമില്ലാത്തവരെ പിന്‍വാതിലിലൂടെ ഭരണസമിതിയില്‍ തിരുകിക്കയറ്റുന്നതിനാണെന്നും ഹര്‍ജികളില്‍ പറഞ്ഞു.

യുഡിഎഫിന്റെ ജനാധിപത്യ ധ്വംസനം ചെറുക്കണം: സിഐടിയു

ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ രംഗത്തിറങ്ങണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പല സ്ഥാപനങ്ങളിലെയും ഭരണസമിതികള്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിടുന്നു. ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെയാണ് പിരിച്ചുവിടല്‍ . ഇതിനെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് മത്സ്യഫെഡ് ഭരണസമിതി പുനഃസ്ഥാപിക്കേണ്ടിവന്നു. ശിശുക്ഷേമസമിതി ഭരണസമിതി പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും പൊലീസിനെ ഉപയോഗിച്ച് തടസ്സമുണ്ടാക്കുന്നു. ഇപ്പോള്‍ ജില്ലാ ബാങ്കുകളിലെ ഭരണസമിതികളും യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഓര്‍ഡിനന്‍സുകള്‍ ഇറക്കിയാണ് സര്‍ക്കാരിന്റെ ജനാധിപത്യക്കുരുതി. ഈ നടപടിക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് സിഐടിയു സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി പോരാടാന്‍ എല്ലാ തൊഴിലാളികളോടും ജനാധിപത്യ വിശ്വാസികളോടും സിഐടിയു അഭ്യര്‍ഥിച്ചു.

deshabhimani 150212

1 comment:

  1. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പിന്നാലെ സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതിയും സര്‍ക്കാര്‍ പിരിച്ചുവിട്ടു. സംസ്ഥാന സഹകരണ ബാങ്കിലേക്കുള്ള പ്രതിനിധികളെ പിന്‍വലിക്കുന്നതായി, ജില്ലാ ബാങ്കുകളില്‍ പുതുതായി ചുമതലയേറ്റ അഡ്മിനിസ്ടേറ്റര്‍മാരെക്കൊണ്ട് ഫാക്സ് അയപ്പിച്ചാണ് സഹകരണമേഖലയിലെ ജനാധിപത്യകശാപ്പ് യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.

    ReplyDelete