Wednesday, February 15, 2012

മുണ്ടുരിയല്‍ കേസ്: പ്രധാന സാക്ഷി ശരത്ചന്ദ്ര പ്രസാദ് കൂറുമാറി

വിവാദമായ മുണ്ടുരിയല്‍ കേസിലെ പ്രധാനസാക്ഷി ശരത്ചന്ദ്ര പ്രസാദ് കൂറുമാറി. സംഭവസ്ഥലത്തുണ്ടായിരുന്ന ആരെയും തിരിച്ചറിയാന്‍ കഴിയില്ലെന്ന് ശരത്ചന്ദ്രപ്രസാദ് ഇന്നലെ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ശരത്ചന്ദ്രപ്രസാദ് കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. കേസ് പരിഗണിച്ച അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിമാറ്റിയത്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് കൂറുമാറ്റം. ശരത്ചന്ദ്ര പ്രസാദിനെക്കൂടാതെ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കേസിലെ മറ്റൊരു സാക്ഷി. ഉണ്ണിത്താന്‍ ഇന്നലെ കോടതിയില്‍ ഹാജരായില്ല.

ശരത്ചന്ദ്രപ്രസാദും രാജ്‌മോഹന്‍ ഉണ്ണിത്താനും 2004 ജൂണില്‍ കെ പി സി സി യോഗം നടന്ന പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ എത്തിയപ്പോള്‍ ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുവെന്നാരോപിച്ചു ഗുണ്ടകളും പ്രവര്‍ത്തകരും ചേര്‍ന്ന് ഇരുവരേയും ആക്രമിച്ചു മുണ്ട് ഉരിഞ്ഞുവെന്നാണു കേസ്.

കേസില്‍ ആദ്യം പ്രതിപ്പട്ടികയിലുണ്ടായിരുന്ന കെ മുരളീധരന്‍ എം എല്‍ എ, എന്‍ വേണുഗോപാല്‍, കെ പി കുഞ്ഞിക്കണ്ണന്‍, ജി രതികുമാര്‍ എന്നിവരെ ഒഴിവാക്കിയാണു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ വിചാരണ തുടങ്ങിയപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടു വാദികള്‍ തന്നെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീടു കേസിലെ പ്രതിയായ ഹുസൈനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ കോടതിവളപ്പില്‍ വാക്കേറ്റം നടന്നിരുന്നു. ഇതോടെ ഒത്തുതീര്‍പ്പുശ്രമം പാളി. ഇതിനിടെ വാദികള്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു മുന്‍ സി ജെ എം വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ജലീല്‍ എന്ന അബ്ദുല്‍ ജലീല്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വിനോദ് കൃഷ്ണ, വണ്ടന്നൂര്‍ സന്തോഷ്, എച്ച് പി ഷാജി, വാവ എന്ന ശിവപ്രകാശ്, പെരുങ്ങുഴി കൃഷ്ണകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ കേസില്‍ 30 പ്രതികളാണ് കേസിലുള്ളത്.

janayugom 150212

1 comment:

  1. വിവാദമായ മുണ്ടുരിയല്‍ കേസിലെ പ്രധാനസാക്ഷി ശരത്ചന്ദ്ര പ്രസാദ് കൂറുമാറി. സംഭവസ്ഥലത്തുണ്ടായിരുന്ന ആരെയും തിരിച്ചറിയാന്‍ കഴിയില്ലെന്ന് ശരത്ചന്ദ്രപ്രസാദ് ഇന്നലെ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ശരത്ചന്ദ്രപ്രസാദ് കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. കേസ് പരിഗണിച്ച അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിമാറ്റിയത്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് കൂറുമാറ്റം. ശരത്ചന്ദ്ര പ്രസാദിനെക്കൂടാതെ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കേസിലെ മറ്റൊരു സാക്ഷി. ഉണ്ണിത്താന്‍ ഇന്നലെ കോടതിയില്‍ ഹാജരായില്ല.

    ReplyDelete