Sunday, February 5, 2012

വിവാദം ക്രിസ്തുവിനെ മനസ്സിലാക്കാത്തവരുടെ സൃഷ്ടി: മോര്‍ മിലിത്തിയോസ്

ക്രിസ്തുവിനെക്കുറിച്ച് പിണറായി പറഞ്ഞതാണ് ശരി: മാര്‍ ക്രിസോസ്റ്റം

കോഴഞ്ചേരി: ക്രിസ്തുവിനെക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞതാണ് ശരിയെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത. ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വന്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ ക്രിസ്തുവിെന്‍റ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവാണ് ലോകത്തെ ഏറ്റവും വലിയ വിമോചകനും രക്തസാക്ഷിയും. ആഴവും പരപ്പുമുള്ളതും വേഗത്തില്‍ നടക്കുന്നതുമാണ് വിപ്ലവകരമായ കാര്യങ്ങള്‍ . ക്രിസ്തു തന്റെ ചുറ്റുമുള്ള സമൂഹത്തെ മാത്രമല്ല ലോകത്തെയാകെ മാറ്റാനും നവീകരിക്കാനും പരിവര്‍ത്തനം വരുത്താനുമാണ് ശ്രമിച്ചത്. ആ വിപ്ലവകരമായ നടപടികള്‍ മൂലമാണ് അന്നത്തെ അധികാരിവര്‍ഗം അദ്ദേഹത്തെ കുരിശില്‍ തറച്ചത്. സഭയും കമ്മ്യൂണിസവും തമ്മില്‍ സംഘര്‍ഷത്തിലാണെന്നാണ് പലരും വിശ്വസിക്കുന്നത്. അതുകൊണ്ടാവാം ഇത്തരമൊരു വിവാദം ഉയരാന്‍ കാരണം. പിണറായി പറഞ്ഞത് ഏതെങ്കിലുമൊരു സഭയ്ക്കോ സഭകള്‍ക്കോ എതിരല്ല. കാലം ചെയ്ത പൗലോസ് മാര്‍ പൗലോസ്, പൗലോസ് മാര്‍ ഗ്രിഗോറിയോസ് തുടങ്ങിയ മെത്രാപ്പൊലീത്തമാരും ഡോ. എം എം തോമസ്, റവ. ഡോ. കെ സി ഏബ്രഹാം, ഡോ. നൈനാന്‍ കോശി തുടങ്ങിയ വിമോചന ദൈവശാസ്ത്രജ്ഞരും പറഞ്ഞിട്ടുള്ളതും പറയുന്നതുമായ കാര്യങ്ങള്‍ ക്രിസ്തുവിന്റെ വിപ്ലവകരമായ അംശങ്ങളെക്കുറിച്ചാണ്. ഇത് വ്യക്തിയെയും സമൂഹത്തെയും പരിവര്‍ത്തനം ചെയ്യിക്കുന്നതിന് സഹായകമാകും. മാര്‍ത്തോമ്മാ സഭയിലെ കാലംചെയ്ത യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന ആരാധനക്രമത്തില്‍ എഴുതിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റുകാരന്‍ ക്രിസ്തുവിനെക്കുറിച്ച് പറയരുതെന്ന് പറയുന്നത് നീതികേടാണ്. ക്രിസ്തുവിനെക്കുറിച്ച് പറയുന്നതും ബഹുമാനിക്കുന്നതും ആ ദര്‍ശനങ്ങള്‍ അംഗീകരിക്കുന്നതും ക്രിസ്ത്യാനികള്‍ അഭിമാനത്തോടെയാണ് കാണേണ്ടത്. എന്നേപ്പോലെയുള്ള തിരുമേനിമാര്‍ പറയുന്നതും പറയേണ്ടതുമായ കാര്യങ്ങളാണ് പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളതെന്നും ക്രിസോസ്റ്റം പറഞ്ഞു. ദേശാഭിമാനിക്കനുവദിച്ച അഭിമുഖത്തിനിടയില്‍ പിണറായി വിജയനെ ടെലിഫോണില്‍ വിളിച്ച് ഈ വിഷയത്തിലുള്ള തന്റെ പിന്തുണ അറിയിക്കുകയും പറയാന്‍ ശ്രമിച്ച ദര്‍ശനത്തെ ശ്ലാഘിക്കുകയും ചെയ്തു.
(ബാബു തോമസ്)

വിവാദം ക്രിസ്തുവിനെ മനസ്സിലാക്കാത്തവരുടെ സൃഷ്ടി: മോര്‍ മിലിത്തിയോസ്

തൃശൂര്‍ : ചരിത്രഗതിയെയും ക്രിസ്തുവിനെയും ശരിക്ക് മനസ്സിലാക്കാത്തവരാണ് സിപിഐ എം ചിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം വച്ചതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത. ചിത്രം വച്ചതിനെ എതിര്‍ക്കുന്നവര്‍ സ്വയം വിലകുറയുകയാണ്. ഇത് വിവാദമാക്കുന്നതിനു പിന്നില്‍ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ ഉണ്ടെന്ന് വ്യക്തം. ക്രിസ്തു ആരുടേതാണെന്ന തര്‍ക്കത്തെക്കുറിച്ച് "ദേശാഭിമാനി"യോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തു ആരുടെയെങ്കിലും കുടുംബസ്വത്തായി കരുതുന്നത് അവഹേളിക്കലാണ്. ചൂഷണത്തിനും അനീതിക്കുമെതിരെ പോരാടുന്നവരുടെ വഴികാട്ടിയാണ് ക്രിസ്തു. വിമോചനത്തിന്റെ പ്രതീകമായ ക്രിസതുവിനെ ശരിയായ വിധം ആര് ഉപയോഗിച്ചാലും യഥാര്‍ഥ വിശ്വാസികള്‍ സ്വാഗതം ചെയ്യണം. ലോകരക്ഷകനാണ് ക്രിസ്തുവെന്നാണ് ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്നത്. ക്രിസ്തു എല്ലാ മതസ്ഥര്‍ക്കും സമൂഹത്തോട് ഉത്തരവാദിത്തമുള്ള സംഘടനകള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഇത് ഉള്‍ക്കൊള്ളാന്‍ ക്രിസ്ത്യാനികള്‍ക്ക് തുറന്ന മനസ്സുണ്ടാവണം. ചിത്രം എന്തിനു വച്ചുവെന്ന് ആ പാര്‍ടി പറഞ്ഞിട്ടുണ്ട്. "അടിമകള്‍ക്കു വിടുതല്‍ , ദരിദ്രര്‍ക്കു സുവിശേഷം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പ്രത്യാശ" എന്ന വചനങ്ങള്‍ ചിത്രത്തോടൊപ്പം കമ്യൂണിസ്റ്റുകാര്‍ എഴുതിയാല്‍ അത് ക്രിസ്തുവിന്റേതല്ലാതായി മാറുന്നില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശദീകരണവും നല്‍കിയിട്ടുണ്ട്- മോര്‍ മിലിത്തിയോസ് പറഞ്ഞു.

ഒറീസയില്‍ സംഘപരിവാറിന്റെ ആക്രമണത്തില്‍ കന്യാസ്ത്രീകളും മിഷണറി പ്രവര്‍ത്തകരും കൊല്ലപ്പെടുമ്പോള്‍ രക്ഷക്ക് എത്തിയത് കമ്യൂണിസ്റ്റുകാരാണ്. വര്‍ഗീയവാദികളുടെ ആക്രമണത്തെ ചെറുക്കാന്‍ അവിടെ ക്രിസ്ത്യാനികളും ഇടതുപക്ഷക്കാരും കൈകോര്‍ക്കുന്നു. ഇതിന് അനുകൂലമായ നിലപാടാണ് ഭുവനേശ്വറിലെ കത്തോലിക്ക ബിഷപ് കൈക്കൊള്ളുന്നത്. വടക്കേ ഇന്ത്യയില്‍ തങ്ങളുടെ സഹോദരന്മാരുടെ രക്ഷകരായ പാര്‍ടി കേരളത്തില്‍ ക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ രംഗത്തുവരുന്നത് ഖേദകരമാണ്. ഇതിന്റെ ചുവടുപിടിച്ച് ചില രാഷ്ട്രീയനേതാക്കള്‍ സിപിഐ എമ്മിനെതിരെ തിരിഞ്ഞത് അസഹിഷ്ണുതകൊണ്ടുമാത്രമാണെന്നേ കരുതാനാവൂവെന്നും മോര്‍ മിലിത്തിയോസ് പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)

ക്രിസ്തു സ്വീകാര്യനാകുന്നത് സ്വാഗതാര്‍ഹം: ഫാ. തേലക്കാട്ട്

കൊച്ചി: "ക്രിസ്തു മാര്‍ക്സിസത്തിനു സ്വീകാര്യനാകുന്നത് സ്വാഗതാര്‍ഹമാണ്; അത് ക്രൈസ്തവാദര്‍ശങ്ങളെ മുന്‍നിര്‍ത്തിയാണെങ്കില്‍"- കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികനായ ഫാ. പോള്‍ തേലക്കാട്ട് വ്യക്തമാക്കി. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനത്തിലെ ക്രിസ്തുവിനെക്കുറിച്ചുള്ള പരാമര്‍ശം ചിലര്‍ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് ക്രൈസ്തവ പ്രസിദ്ധീകരണമായ "സത്യദീപ"ത്തിന്റെ ചീഫ് എഡിറ്ററായ ഫാ. തേലക്കാട്ടിന്റെ പ്രതികരണം.

"ക്രൈസ്തവ മഹാത്മാക്കളോടുള്ള സിപിഐ എമ്മിന്റെ നിലപാടുകളെ സദുദ്ദേശ്യപരമായി വിലയിരുത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതു വെറും രാഷ്ട്രീയതന്ത്രം മാത്രമായി മാറ്റുന്നതിലേക്ക് മാര്‍ക്സിസ്റ്റ് നേതാക്കള്‍ തരംതാഴ്ന്നുവെന്നു കരുതാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. "പശ്ചിമബംഗാളില്‍ സ്നേഹനിധിയായ അമ്മ മദര്‍ തെരേസയും അവിടത്തെ ഇടതുപക്ഷസര്‍ക്കാരും അതുല്യസഹകരണത്തിലായിരുന്നു. മദറിന് എന്ത് പ്രശ്നമുണ്ടായാലും അന്നത്തെ മുഖ്യമന്ത്രി ജ്യോതിബസു ഓടിയെത്തും. അതുപോലെ തിരിച്ചും. അത്തരം സഹകരണം നാടിനു ഗുണംമാത്രമായിരുന്നു." - ഫാദര്‍ കൂട്ടിച്ചേര്‍ത്തു. ഫാദറിന്റെ കംപ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ വര്‍ണപോസ്റ്ററിലേക്ക് ചൂണ്ടി അദ്ദേഹം തുടര്‍ന്നു; "സിപിഐ എം ആലുവ ഏരിയ സമ്മേളനത്തിന്റെ പോസ്റ്ററില്‍ മദര്‍ തെരേസയുടെ ചിത്രം. ബംഗാളിനേക്കാള്‍ ഒരുപടികൂടി കടന്ന നടപടി. ഇതെല്ലാം സദുദ്ദേശപരമായിരിക്കും എന്നു കരുതട്ടെ".

ക്രിസ്തു ആരുടെയും സ്വകാര്യസ്വത്തല്ല; മറിച്ച്, പൊതുസമൂഹത്തിന്റെ സാംസ്കാരികവും സാമൂഹ്യവുമായ മുന്നേറ്റത്തിനും നീതിയധിഷ്ഠിതമായ സമൂഹസ്ഥാപനത്തിനും വഴികാട്ടുന്ന ദര്‍ശനമാണ്. ക്രിസ്തുവിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ക്രൈസ്തവ സഭകള്‍ക്കിടയില്‍പോലും വ്യത്യസ്തമായ വീക്ഷണങ്ങളുണ്ട്. സ്നേഹത്തിന്റെ വഴി അഥവാ കുരിശിന്റെ വഴിയില്‍ , നീതിയുടെ ആധിപത്യമുള്ള സാമൂഹത്തിലെത്താന്‍ ക്രിസ്തു അനുശാസിക്കുന്നു. മാനവികതയുടെ പ്രായോഗികതയാണ് ഈ ദര്‍ശനം. മാര്‍ക്സിസവും നീതിക്കുവേണ്ടി നിലകൊള്ളുന്നു എന്നാണു മനസ്സിലാക്കുന്നത്. നീതിയിലധിഷ്ഠിതമായ സാമൂഹ്യസൃഷ്ടിയുടെ കാര്യത്തില്‍ ക്രൈസ്തവദര്‍ശനവും മാര്‍ക്സിസവും യോജിക്കാവുന്നതാണ്. പക്ഷേ, അതിലേക്കുള്ള മാര്‍ഗം ഇരുകൂട്ടര്‍ക്കും വ്യത്യസ്തമാണ്. മാര്‍ക്സിന്റെ വഴി വര്‍ഗസമരത്തിന്റെതാണ്. ക്രൈസ്തവര്‍ സ്നേഹത്തിന്റെ വഴിയില്‍ പരസ്പരം കൂട്ടിയിണക്കി സാമൂഹ്യനീതിയുടെ പരിഷ്ക്കരണം കൈവരിക്കാന്‍ ശ്രമിക്കുന്നു. മാര്‍ക്സിസം വര്‍ഗസമരം ഉപാധിയാക്കുന്നു; അതില്‍ കലാപം ഉണ്ട്. ഇവിടെയാണ് ക്രിസ്തുവും മാര്‍ക്സും വേര്‍പിരിയുന്നത്-അദ്ദേഹം വിവരിച്ചു.

ഇരുദര്‍ശനങ്ങളും തമ്മില്‍ ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗങ്ങളില്‍ അടിസ്ഥാനപരമായ വ്യത്യാസം ഉണ്ട്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നവഴിയില്‍ സഞ്ചരിക്കുന്ന സഹോദരങ്ങളുടെ പോരായി ഈ വൈരുദ്ധ്യത്തെ കാണാന്‍ കഴിയും. സഹോദരങ്ങള്‍ തമ്മില്‍ പോരടിക്കുന്നതുപോലെ പങ്കാളിത്തവും സഹകരണവും ആകാവുന്നതേയുള്ളു. അതിലേക്കുള്ള വഴി സുഗമമാക്കുക എന്ന ലക്ഷ്യമാണ് സിപിഐ എമ്മിന്റെ സമീപനമെങ്കില്‍ സ്വാഗതാര്‍ഹമാണ്- ഫാദര്‍ പറഞ്ഞു.

കാള്‍ മാര്‍ക്സ് എന്ന മനുഷ്യന് ക്രൈസ്തവ പശ്ചാത്തലമുണ്ട്. മാര്‍ക്സ് പറഞ്ഞതനുസരിച്ച് 1800 വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്തുവിന്റെ സ്നേഹം പ്രാവര്‍ത്തീകമായിട്ടില്ല. അതിനു സാമൂഹ്യപരിഷ്കരണത്തിനുവേണ്ട ഊര്‍ജമില്ല. അതുകൊണ്ട് മാര്‍ക്സ് വര്‍ഗസമരത്തിന്റെ പാത സ്വീകരിച്ചു. എന്നാല്‍ , മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വഴിയിലൂടെയുള്ള സാമൂഹ്യപരിഷ്ക്കരണവും വിജയിച്ചിട്ടില്ല. സ്നേഹം എപ്പോഴും വിജയിക്കുന്നില്ല, സ്നേഹത്തിനുവേണ്ടി പരാജയപ്പെടാനും കുരിശിലേറാനും യേശു പഠിപ്പിച്ച മാര്‍ഗമേ എനിക്കു സ്വീകാര്യമാകൂ- ഫാ. പോള്‍ തേലക്കാട്ട് വിശദീകരിച്ചു. പ്രദര്‍ശനവിവാദത്തെ തുടര്‍ന്ന് പിണറായി വിജയന്‍ നല്‍കിയ വിശദീകരണം ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുന്നുവെന്നതിന്റെ സൂചനയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. അത് മതവിശ്വാസത്തിന് ആതിഥേയത്വം നല്‍കുന്നതിലേക്കുള്ള വാതില്‍ തുറക്കലാണെന്ന് കരുതട്ടെയോ? മാര്‍ക്സിസം മതവിശ്വാസം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നത് അടിസ്ഥാനപ്രശ്നമായി അവശേഷിക്കുന്നു. ഇതു കണക്കിലെടുക്കുമ്പോള്‍ ക്രിസ്തുവും അദ്ദേഹത്തിന്റെ ദര്‍ശനവും ഏതുപരിധിവരെ മാര്‍ക്സിസത്തിന് ഉള്‍ക്കൊള്ളാനാകും എന്ന സംശയം സ്വാഭാവികമായും നിലനില്‍ക്കുന്നു- ഫാദര്‍ പറഞ്ഞു.
(പി ജയനാഥ്)

deshabhimani 050212

1 comment:

  1. ക്രിസ്തുവിനെക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞതാണ് ശരിയെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത. ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വന്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ ക്രിസ്തുവിെന്‍റ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete