Saturday, February 18, 2012

വൈദ്യുതി പ്രതിസന്ധി സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയത്: എ കെ ബാലന്‍

കേരളത്തിലെ ഇന്നത്തെ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തെ യു ഡി എഫ് സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. വൈദ്യുതി രംഗത്തെ അശാസ്ത്രീയ ആസൂത്രണവും നടപടി ക്രമങ്ങളിലെ വൈകല്യവുമാണ് പ്രതിസന്ധിക്കു വഴിവെച്ചത്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇപ്പോള്‍   മുമ്പത്തേക്കാള്‍ വൈദ്യുതി വിഹിതം ലഭിക്കുന്നുണ്ട്. അണക്കെട്ടുകള്‍ ജലസമൃദ്ധമാണ്. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതി കേരളത്തില്‍ കൊണ്ടുവരാന്‍ ആവശ്യമായ കോറിഡോര്‍ സംവിധാനമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാതിരുന്നതാണ് പ്രധാന പ്രശ്‌നമെന്നും  അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് അധികം വേണ്ട വൈദ്യുതി പുറത്തു നിന്നു വാങ്ങുകയാണ് പതിവെന്നും ആവശ്യമായ കോറിഡോറുകള്‍ ഉറപ്പുവരുത്തിയേ അങ്ങനെ ചെയ്യാറുളളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാലിപ്പോള്‍ പുറത്തുനിന്നു ആവശ്യത്തിനു വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും വൈദ്യുതി കൊണ്ടുവരാനാവശ്യമായ കോറിഡോറുകളില്ലാത്ത അവസ്ഥയാണ്്.

വേനല്‍ക്കാലമാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഇരട്ടിക്കും. ഇടുക്കി അണക്കെട്ടില്‍ വെള്ളം മഴക്കാലത്ത് സംഭരിച്ച് വേനല്‍ക്കാലത്ത് വൈദ്യുതി കൂടുതലായി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്നും അതിനാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്നും പറഞ്ഞാണ് വേനല്‍ക്കാലത്തെ വൈദ്യുതി ഉല്പാദനത്തിനു കരുതിവെച്ച വെളളം സര്‍ക്കാര്‍ ധൂര്‍ത്തടിച്ചുകളഞ്ഞത്. അതേ സമയം മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാലും അതിലെ വെളളത്തിന്റെയും മറ്റവശിഷ്ടങ്ങളുടെയും ഭാരം താങ്ങാന്‍ ഇടുക്കി ഡാമിന് കഴിയുമെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. അങ്ങനെയെങ്കില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യകത എന്തായിരുന്നുവെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കണം. സര്‍ക്കാരിന്റെ വൈദ്യുതിരംഗത്തെ പുതിയ നയവും  പ്രതിസന്ധിയും കാരണം പുതിയ കണക്ഷനുകള്‍ ലഭ്യമാകുന്നില്ല. ഇലക്ട്രിക്ക് പോസ്റ്റ് ഒന്നിന് 17,000 രൂപ നല്‍കാന്‍ വ്യവസ്ഥ ചെയ്തതുമൂലം പാവപ്പെട്ടവന് വൈദ്യുതി അപ്രാപ്യമായ അവസ്ഥയാണ്. 45 വൈദ്യുതി പോസ്റ്റുകള്‍ വീതം സൗജന്യമായി നല്‍കിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അട്ടപ്പാടിയിലെ ഭൂരിഭാഗം ഗ്രാമങ്ങളും വൈദ്യുതീകരിച്ചത്. എന്നാലിപ്പോള്‍ സൗജന്യമില്ലാതെ പാവപ്പെട്ടവന് വൈദ്യുതി അന്യമാക്കുകയാണുണ്ടായത്. ജനറേറ്ററുകളില്‍ വെളളത്തിന്റെ വേഗത കുറച്ച് വോള്‍ട്ടേജ് ക്ഷാമമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച രാജീവ് ഗാന്ധി ഗ്രാമീണ്‍ വെദ്യുതീകരണ്‍ യോജന  എല്‍ ഡി എഫ്  സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന കേന്ദ്രമന്ത്രി കെ സി വേണുഗോപാലിന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

janayugom 180212

1 comment:

  1. കേരളത്തിലെ ഇന്നത്തെ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തെ യു ഡി എഫ് സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. വൈദ്യുതി രംഗത്തെ അശാസ്ത്രീയ ആസൂത്രണവും നടപടി ക്രമങ്ങളിലെ വൈകല്യവുമാണ് പ്രതിസന്ധിക്കു വഴിവെച്ചത്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇപ്പോള്‍ മുമ്പത്തേക്കാള്‍ വൈദ്യുതി വിഹിതം ലഭിക്കുന്നുണ്ട്. അണക്കെട്ടുകള്‍ ജലസമൃദ്ധമാണ്. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതി കേരളത്തില്‍ കൊണ്ടുവരാന്‍ ആവശ്യമായ കോറിഡോര്‍ സംവിധാനമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാതിരുന്നതാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് അധികം വേണ്ട വൈദ്യുതി പുറത്തു നിന്നു വാങ്ങുകയാണ് പതിവെന്നും ആവശ്യമായ കോറിഡോറുകള്‍ ഉറപ്പുവരുത്തിയേ അങ്ങനെ ചെയ്യാറുളളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാലിപ്പോള്‍ പുറത്തുനിന്നു ആവശ്യത്തിനു വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും വൈദ്യുതി കൊണ്ടുവരാനാവശ്യമായ കോറിഡോറുകളില്ലാത്ത അവസ്ഥയാണ്്.

    ReplyDelete