Sunday, February 19, 2012

പൊതുമേഖലയില്‍ത്തന്നെ വേണം: വി എസ്

സ്വകാര്യമേഖലയ്ക്ക് മുക്കാല്‍ഭാഗം ഓഹരിയും നല്‍കി പാലക്കാട്ടെ കോച്ച് ഫാക്ടറി പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പൂര്‍ണമായും റെയില്‍വേയുടെ പദ്ധതിയായോ, ഭൂരിപക്ഷം ഓഹരികളും റെയില്‍വേയുടേതായി നിലനിര്‍ത്തി കേന്ദ്ര പൊതുമേഖലയുടെ പങ്കാളിത്തംകൂടി നേടിയോ പദ്ധതി നടപ്പാക്കണം. ഒന്നാം യുപിഎ സര്‍ക്കാര്‍ അനുവദിച്ച 5000 കോടിയില്‍പ്പരം മുതല്‍മുടക്കുള്ള കോച്ച് ഫാക്ടറി 530 കോടി രൂപമാത്രം മുടക്കുള്ള ചെറുകിട പദ്ധതിയാക്കിയിരിക്കുകയാണ്. ഫാക്ടറി സ്വകാര്യമേഖലയിലാക്കാന്‍ ചരടുവലിച്ച റെയില്‍വേ ലോബിക്ക് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നത് അപലപനീയമാണ്. കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും വി എസ് പറഞ്ഞു.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ തമിഴ്നാടിന്റെ താല്‍പ്പര്യപ്രകാരം വെട്ടിമുറിച്ച സേലം ഡിവിഷന്‍ രൂപീകരിച്ചത് പ്രശ്നമായപ്പോള്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ലാലുപ്രസാദ് യാദവ് വിളിച്ച കേരള-തമിഴ്നാട് എംപിമാരുടെ യോഗത്തിലെ ഒത്തുതീര്‍പ്പായിരുന്നു 5000 കോടിയുടെ കോച്ച് ഫാക്ടറി. പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന ഫാക്ടറി, 128 അനുബന്ധ വ്യവസായ യൂണിറ്റുകള്‍ , സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, സെന്‍ട്രല്‍ സ്കൂള്‍ എന്നിവയെല്ലാമുള്ള ഒരു ടൗണ്‍ഷിപ്പാണ് പ്രഖ്യാപിച്ചത്. ഇതിനാവശ്യമായ 900 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്നു മാത്രമാമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ. എന്നാല്‍ , കോച്ച് ഫാക്ടറി അനുവദിച്ച കാര്യം മറന്നതുപോലെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ പെരുമാറിയത്. സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയപ്പോള്‍ സ്വകാര്യ പങ്കാളിത്തം വേണമെന്നായി. ഇത് അംഗീകരിക്കാതെ പൊതു പങ്കാളിത്തസാധ്യത പരിശോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. പ്രതിരോധവകുപ്പിനു കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ സഹകരണം സംസ്ഥാനസര്‍ക്കാര്‍ തേടുകയും ചെയ്തു.

എന്നാല്‍ , സ്വകാര്യസംരംഭത്തിനാണ് ഇപ്പോള്‍ അനുമതി. ഇത് കേരളത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കെതിരാണ്. പിറവം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ഫെബ്രുവരി 21ന് ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്തുമെന്ന് പ്രഖ്യാപിച്ചത് അനുചിതമാണ്. മാര്‍ച്ച് 14ന് റെയില്‍വേ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. നിലവില്‍ അഞ്ച് പൈസപോലും കോച്ച് ഫാക്ടറിക്കായി റെയില്‍വേ ബജറ്റിലില്ലെന്നാണ് സൂചന. പദ്ധതി മൂന്നുവര്‍ഷം വലിച്ചുനീട്ടിയ റെയില്‍വേ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം തിടുക്കത്തില്‍ ശിലാസ്ഥാപനവുമായി രംഗത്തുവന്നത് സംശയാസ്പദമാണെന്നും വി എസ് പറഞ്ഞു.

deshabhimani 190212

2 comments:

  1. സ്വകാര്യമേഖലയ്ക്ക് മുക്കാല്‍ഭാഗം ഓഹരിയും നല്‍കി പാലക്കാട്ടെ കോച്ച് ഫാക്ടറി പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പൂര്‍ണമായും റെയില്‍വേയുടെ പദ്ധതിയായോ, ഭൂരിപക്ഷം ഓഹരികളും റെയില്‍വേയുടേതായി നിലനിര്‍ത്തി കേന്ദ്ര പൊതുമേഖലയുടെ പങ്കാളിത്തംകൂടി നേടിയോ പദ്ധതി നടപ്പാക്കണം. ഒന്നാം യുപിഎ സര്‍ക്കാര്‍ അനുവദിച്ച 5000 കോടിയില്‍പ്പരം മുതല്‍മുടക്കുള്ള കോച്ച് ഫാക്ടറി 530 കോടി രൂപമാത്രം മുടക്കുള്ള ചെറുകിട പദ്ധതിയാക്കിയിരിക്കുകയാണ്. ഫാക്ടറി സ്വകാര്യമേഖലയിലാക്കാന്‍ ചരടുവലിച്ച റെയില്‍വേ ലോബിക്ക് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നത് അപലപനീയമാണ്. കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും വി എസ് പറഞ്ഞു.

    ReplyDelete
  2. കഞ്ചിക്കോട് വ്യവസായമേഖലയില്‍ ഉദ്യോഗസ്ഥരും വ്യവസായികളും ഒത്തുചേര്‍ന്ന് ഭൂമിതട്ടിപ്പ് നടത്തുന്നുവെന്ന് നാട്ടുകാരുടെ ആരോപണം. വ്യവസായവകുപ്പിന്റെ ഉന്നതരുടെ അറിവോടെയാണ് തട്ടിപ്പ് നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലാണ് വ്യവസായമേഖലയില്‍ സംരംഭകര്‍ക്ക് ഭൂമി നല്‍കുന്നത്. സെന്റിന് 3000രൂപ മുതല്‍ 99വര്‍ഷത്തെ ലീസിനാണ് ഭൂമി നല്‍കുന്നത്. എന്നാല്‍ ഈ ഭൂമി മിക്ക സംരംഭകരും അനധികൃതമായി മറ്റു കമ്പനികള്‍ക്ക് കൈമാറുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സെന്റിന് 50,000രൂപവരെ വര്‍ധിപ്പിച്ചാണ് കൈമാറ്റം. വ്യവസായം ആരംഭിക്കാന്‍ അനുമതി ലഭിച്ച ആള്‍ മറ്റൊരാള്‍ക്ക് ഭൂമി കൈമാറ്റംചെയ്യാന്‍ പാടില്ലെന്നാണ് നിയമം. ഇത് മറികടന്നുകൊണ്ടാണ് പല ചെറുകിടകമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അറുപത്തഞ്ചോളം ചെറുകിട കമ്പനികള്‍ വ്യവസായ മേഖലയില്‍ സ്ഥാപനം ആരംഭിക്കാന്‍ അപേക്ഷ നല്‍കി കാത്തുനില്‍ക്കുന്നുണ്ട്. ഇവരോട് ഭൂമിയില്ലെന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. കഞ്ചിക്കോട് വ്യവസായമേഖലയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന ഒരു മഗ്നീഷ്യംക്ലോറൈഡ് കമ്പനിയെക്കുറിച്ചാണ് നാട്ടുകാര്‍ പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്. ഈ കമ്പനിയും വ്യവസായമേഖലയുമായി ഒരു കരാറും ഇല്ലെന്നും മറ്റൊരാള്‍ ലീസിനെടുത്ത ഭൂമി ഈ കമ്പനിക്ക് രഹസ്യമായി കൈമാറിയതാണെന്നും പറയപ്പെടുന്നു. ഈ കമ്പനി പ്രവര്‍ത്തനമാരംഭിച്ചാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീഷണിയാകുമെന്നും നാട്ടുകാര്‍ പറയുന്നു. വ്യവസായമേഖലയിലെ ഭൂമിതട്ടിപ്പിനെതിരെ കോടതിയെ സമീപിക്കാനും കലക്ടര്‍ക്ക് പരാതി നല്‍കാനും തയ്യാറെടുക്കുകയാണ് നാട്ടുകാര്‍ .

    ReplyDelete