മുഖ്യമന്ത്രി അങ്ങനെ പലതും പറയും..... അയാളുടെ വായില്‍ വരുന്നതുപോലെ ചെയ്യാനല്ല ഞങ്ങളിവിടെ ഇരിക്കുന്നത്... ഇത് പറയുന്നത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നിര്‍ദ്ദേശം അട്ടിമറിച്ച കുളനട പഞ്ചായത്തിലെ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരുമാണ്. ഈ മറുപടി കേട്ട് തകരുന്നത് ഒരു കൂട്ടം ജനങ്ങളുടെ സഞ്ചാര സ്വപ്നമാണ്.
കുളനട പഞ്ചായത്ത് പരിധിയില്‍നിന്ന് ലഭിച്ച പരാതിയിന്മേല്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം അവഗണിച്ചാണ് പഞ്ചായത്ത് ഒരു പ്രദേശത്തിന്റെ ആകെ ഗതാഗതപ്രശ്നത്തില്‍നിന്ന് മുഖം തിരിക്കുന്നത്. പഞ്ചായത്തിലെ ഉളനാട് ഒലിപ്പില്‍ -പള്ളിപ്പടി റോഡിന് നടുവില്‍ ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുത പോസ്റ്റ് മാറ്റുന്നതിന് ഉളനാട് പളളിപ്പറമ്പില്‍ ടി അനില്‍കുമാറും സമീപവാസികളും സംയുക്തമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പോസ്റ്റ് മാറ്റിയാല്‍ മാത്രമേ ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുവരാന്‍ കഴിയൂ. മുഖ്യമന്ത്രി പരാതി പരിഹരിക്കാന്‍ കോഴഞ്ചേരി തഹസില്‍ദാര്‍ മുഖേന നിര്‍ദേശവും നല്‍കിയിട്ട് മാസങ്ങള്‍കഴിഞ്ഞു. എന്നാല്‍ , പഞ്ചായത്ത് ജനങ്ങളുടെ പ്രശ്നം കണ്ടില്ലന്ന് നടിക്കുകയാണ്.
പോസ്റ്റ് മാറ്റിയിടുന്നതിന് പഞ്ചായത്ത് കെഎസ്ഇബിയില്‍ ചെലവ് കാശ് അടയ്ക്കണം. ഇതിനുവേണ്ട എസ്റ്റിമേറ്റ് എടുത്ത് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറി കുളനട കെഎസ്ഇബി എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് കത്തും നല്‍കി. എഞ്ചിനീയര്‍ പ്രദേശത്ത് വന്ന് പോസ്റ്റിന്റെ നില പരിശോധിക്കുകയും എസ്റ്റിമേറ്റ് എടുത്ത് നല്‍കുകയും ചെയ്തു. 2000 രൂപയില്‍ താഴെ മാത്രമേ ഇതിന് ചെലവ് വരികയുളളൂ. ഉടന്‍ പോസ്റ്റ് മാറ്റിയിടുമെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി അനിലിന് കത്തും നല്‍കിയിരുന്നു. എന്നാല്‍ , പഞ്ചായത്ത് പിന്നീട് കാശ് അടയ്ക്കാതെ പ്രശ്നത്തില്‍നിന്ന് തലയൂരി. ഈ സാഹചര്യത്തില്‍ പരാതിക്കാരനായ അനില്‍കുമാറും കൂട്ടരും വീണ്ടും പഞ്ചായത്തില്‍ എത്തി സെക്രട്ടറിയോട് വിവരം ആരാഞ്ഞപ്പോഴാണ് പോസ്റ്റ് മാറ്റിയിടുന്നതിന് നിര്‍വാഹമില്ലന്ന് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമല്ലേ എന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി അങ്ങനെ പലതും പറയുമെന്നും അയാളുടെ വായില്‍ വരുന്നതുപോലെ ചെയ്യാനല്ല ഞങ്ങളിവിടെ ഇരിക്കുന്നതെന്നും, ഞങ്ങള്‍ സൗകര്യംപോലെ ചെയ്യുമെന്നും പഞ്ചായത്ത് അധികൃതര്‍ പൊട്ടിത്തെറിച്ചത്. 10ന് പത്തനം തിട്ടയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ പരാതി വീണ്ടും ഉന്നയിക്കാനാണ് വിജയനും കൂട്ടരും നീങ്ങുന്നത്.
ഭൂമിയും റേഷന്‍കാര്‍ഡും പരിഗണിക്കില്ല; ജനസമ്പര്‍ക്കം പ്രഹസനമാകും
അടിമാലി: ഭൂമിയും റേഷന്‍കാര്‍ഡും സംബന്ധിച്ച പരാതികള്‍ പരിഗണിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചതോടെ മുഖ്യമന്ത്രിയുടെ ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടി പ്രഹസനമാകും. പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ജനങ്ങളുടെ മുഖ്യപ്രശ്നം കൈവശഭൂമിക്ക് പട്ടയമില്ലാത്തതാണ്. പട്ടയമുള്ള കര്‍ഷകരില്‍നിന്ന് റീസര്‍വെ പൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ഭൂനികുതി സ്വീകരിക്കുന്നുമില്ല.
ഉപേക്ഷിക്കപ്പെട്ട ജലവൈദ്യുതി പദ്ധതിപ്രദേശത്ത് താമസിക്കുന്നവരും നിലവിലുള്ള പദ്ധതികളുടെ ക്യാച്ച്മെന്റ് ഏരിയയില്‍ താമസിക്കുന്നവരും പട്ടയത്തിനുവേണ്ടി കാത്തിരിക്കുകയാണ്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കാന്‍ 1980 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാരുകളും യുഡിഎഫ് സര്‍ക്കാരുകളും നയപരമായ തീരുമാനം എടുത്തതാണ്. മാങ്കുളം വില്ലേജില്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നീക്കിയിട്ടിരുന്ന 5000 ഏക്കര്‍ ഭൂമി വനംവകുപ്പ് വനത്തോടുചേര്‍ത്തു. ഈ ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കിയവരും അപേക്ഷപ്രകാരം ഭൂമി ലഭിച്ചവരും ഭൂമി അളന്ന് സര്‍വെ കല്ലിട്ട് കൈവശം കിട്ടാന്‍ കാത്തിരിക്കുകയാണ്. മറയൂര്‍ , ചിന്നക്കനാല്‍ വില്ലേജുകളില്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്ത ഭൂമിയില്‍ കാട്ടാനകളുടെ ആക്രമണം കാരണം താമസിക്കാന്‍ കഴിയാത്തവര്‍ക്ക് പകരം ഭൂമി നല്‍കുന്നതടക്കം ജില്ലയില്‍ ഭൂമി പ്രശ്നം സങ്കീര്‍ണമാണ്. ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നിലവില്‍ റേഷന്‍ കാര്‍ഡില്ല. അര്‍ഹരായവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കാത്തപ്പോള്‍തന്നെ അനര്‍ഹര്‍ ഇത് കൈവശപ്പെടുത്തിയിട്ടുമുണ്ട്.
ജനസമ്പര്‍ക്ക പരിപാടിയില്‍ ആകെ ലഭിച്ച 36122 പരാതികളില്‍ 13647 എണ്ണവും ഭൂമി സംബന്ധിച്ചാണ്. 8662 പരാതികള്‍ എപിഎല്‍ , ബിപിഎല്‍ റേഷന്‍കാര്‍ഡുകളുമായി ബന്ധപ്പെട്ടതാണ്. ഇടുക്കി ജില്ലയെ സംബന്ധിച്ച് ഭൂമി വിഷയത്തിലും റേഷന്‍ കാര്‍ഡ് വിഷയത്തിലും പരാതികള്‍ പരിഗണിക്കുന്നില്ലെങ്കില്‍ ജനസമ്പര്‍ക്ക പരിപാടികൊണ്ട് ഒരു ഗുണവുമില്ല. ചികിത്സാ സഹായത്തിനും പെന്‍ഷനുകള്‍ക്കും വേണ്ടിയുള്ള അപേക്ഷകളാണ് ബാക്കിയുള്ളത്. ഇത് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തുകള്‍ക്കും പരിഗണിക്കാവുന്നതാണ്. ഇതിനൊന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യം ആവശ്യമില്ല. ബാക്കിവരുന്ന 3171 പരാതികള്‍ പൊലീസ്, ആരോഗ്യവകുപ്പുകളെയും ബാങ്കുകളില്‍നിന്നുള്ള കടബാധ്യതകളുമായും വൈദ്യുതിബോര്‍ഡും വാട്ടര്‍ അതോറിറ്റിയുമായും ബന്ധപ്പെട്ടവയാണ്. ഇതിനും ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹാരം കാണാന്‍ കഴിയില്ല.
ജനസമ്പര്‍ക്ക പരിപാടിയില്‍ ആകെ നടക്കുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സാ സഹായം നല്‍കലാണ്. അതിന് മുഖ്യമന്ത്രി ഇടുക്കിവരെ വരേണ്ടതില്ല. ചികിത്സാ സഹായം അനുവദിച്ച് ചെക്ക് നല്‍കിയും പെന്‍ഷനുകള്‍ അനുവദിച്ച് ഉത്തരവ് നല്‍കിയും ജനസമ്പര്‍ക്ക പരിപാടി വിജയിപ്പിക്കാനാണ് ജില്ലയിലെ എംപിയും യുഡിഎഫ് നേതൃത്വവും കലക്ടറും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി സംബന്ധമായും എപിഎല്‍ , ബിപിഎല്‍ റേഷന്‍കാര്‍ഡ് സംബന്ധമായും പരാതി നല്‍കിയവര്‍ ജനസമ്പര്‍ക്ക പരിപാടിക്ക് എത്തേണ്ടതില്ലെന്ന് കലക്ടര്‍ അറിയിച്ചതോടെ പരിപാടിക്കു തുറന്ന 18 കൗണ്ടറുകളില്‍ തിരക്കുണ്ടാവില്ലെന്ന് ഉറപ്പായി. ഇപ്പോള്‍ പി ടി തോമസ് എംപിയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മേള വിജയിപ്പിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്.
deshabhimani 090212
മുഖ്യമന്ത്രി അങ്ങനെ പലതും പറയും..... അയാളുടെ വായില്‍ വരുന്നതുപോലെ ചെയ്യാനല്ല ഞങ്ങളിവിടെ ഇരിക്കുന്നത്... ഇത് പറയുന്നത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നിര്‍ദ്ദേശം അട്ടിമറിച്ച കുളനട പഞ്ചായത്തിലെ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരുമാണ്. ഈ മറുപടി കേട്ട് തകരുന്നത് ഒരു കൂട്ടം ജനങ്ങളുടെ സഞ്ചാര സ്വപ്നമാണ്.
ReplyDelete