തൃശൂര്‍ : ടാഗോറിന് ഉജ്വലസ്മരണയായി "ചണ്ഡാലിക", ഹോമറിന്റെ ഇതിഹാസകാവ്യം ഒഡീസിയിലെ ഒഡീഷ്യസിന്റെ യാത്രയെ ഹാസ്യവും കാവ്യാത്മകതയും ചേര്‍ത്ത് അവതരിപ്പിച്ച "ഒഡീഷ്യസ് കയോട്ടിക്കസ്", രംഗതലത്തെക്കുറിച്ചുള്ള പുതിയ അന്വേഷണമായ "ഇമേജിനിങ് ഒ" എന്നീ മൂന്നു വ്യത്യസ്ത രംഗാവതരണങ്ങളുടെ സമഗ്രാനുഭവംകൊണ്ട് അന്തര്‍ദേശീയ നാടകോത്സവത്തിന്റെ അഞ്ചാംനാള്‍ സമൃദ്ധം.
ഇസ്രായേലിലെ ഐഎസ്എച്ച് തിയറ്റര്‍ അവതരിപ്പിച്ച ഒഡീഷ്യസ് കയോട്ടിക്കസ് സ്വപ്നസഞ്ചാരിയായ ഭര്‍ത്താവും സ്നേഹവും കാര്‍ക്കശ്യവും നിറഞ്ഞ ഭാര്യയും എപ്പോഴും കരയുന്ന നവജാതശിശുവും വൃദ്ധനും ഉള്‍പ്പെടുന്ന ഇറ്റാലിയന്‍ കുടുംബത്തെ കേന്ദ്രീകരിച്ച് നീങ്ങുന്നു. നാടകത്തിലേക്ക് ഒഡീസിയിലെ രംഗങ്ങള്‍ കടന്നുവരുന്ന രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ട്രോജന്‍ യുദ്ധത്തിനുശേഷം സ്വദേശമായ ഇത്താക്കയിലേക്ക് തിരിച്ചുവരുന്ന ഒഡീഷ്യസ് രാജാവിന്റെ പത്തുവര്‍ഷം നീണ്ട മടക്കയാത്രയും തടസ്സങ്ങളെ ബുദ്ധിയും ധീരതയുംകൊണ്ട് അദ്ദേഹം നേരിടുന്നതും വായിച്ച് ഒഡീഷ്യസായി മാറിയ ഭര്‍ത്താവാണ് കേന്ദ്രകഥാപാത്രം. പൗരാണിക കഥാരൂപവും കഥാപാത്രങ്ങളും ഇടയ്ക്കിടെ കടന്നുവരുന്ന നാടകത്തിന്റെ ആശയവിനിമയത്തിന് മൂകാഭിനയവും ക്ലൗണ്‍തിയറ്ററും റിയലിസ്റ്റിക് തിയറ്ററും ചേര്‍ന്നുള്ള രീതിയാണ് അവംലംബിച്ചത്. മാഷാ നെമിറോസ്കിയാണ് സംവിധായിക.
നര്‍ത്തകിയും നടിയും സംവിധായികയുമായ ഉഷാവ ഗാംഗുലി സംവിധാനം ചെയ്ത് പ്രശസ്തമായ കൊല്‍ക്കത്തയിലെ രംഗകര്‍മി അവതരിപ്പിച്ച ടാഗോറിന്റെ ചണ്ഡാലിക അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികത്തിലെ മികച്ച സ്മരണയായി. ഹീനജാതിയായി അകറ്റി നിര്‍ത്തപ്പെട്ട പ്രകൃതിയെന്ന യുവതിയുടെയും അവളോട് ജലം ചോദിച്ച ബുദ്ധഭിക്ഷുവിന്റെയും കഥ യഥാതഥ നാടകഭാഷയില്‍ മനോഹരമായി അവതരിപ്പിച്ച് ശ്രദ്ധേയമാക്കാന്‍ രംഗകര്‍മിക്ക് കഴിഞ്ഞു. യു കെയിലെ കെന്റ് യൂണിവേഴ്സിറ്റി അവതരിപ്പിച്ച ഇമാജിനിങ് ഒ രംഗതലത്തിലെ പരീക്ഷണം കൊണ്ടുമാത്രമല്ല വിഷയം കൊണ്ടും ശ്രദ്ധേയമായി. ഇന്‍സ്റ്റലേഷന്‍ തിയറ്ററിന്റെ പുതിയ പരീക്ഷണമായിരുന്നു ഇമാജിനിങ് ഒ. സ്കൂള്‍ ഓഫ് ഡ്രാമ വളപ്പില്‍ ഒരുക്കിയ കാബിനുകളില്‍ അരങ്ങേറിയ നാടകം 150 പേര്‍ക്ക് മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്. രാവിലെ മോഹന്‍ രാഘവന്‍ വേദിയില്‍ മുഖാമുഖത്തില്‍ ശങ്കര്‍ വെങ്കിടേശ്വരന്‍ പങ്കെടുത്തു. "നാടകോത്സവങ്ങളുടെ സാംസ്കാരികപരിസരം" സെമിനാറും ശ്രദ്ധേയമായി.
കാലത്തോട് പൊരുതി "ആഫ്റ്റര്‍ ലൈഫ് ഓഫ് ബേര്‍ഡ്സ് "
കോഴിക്കോട്: അതിജീവനത്തിന്റെ പാതയില്‍ നാടും വീടും നഷ്ടപ്പെട്ടവര്‍ , അതിര്‍ത്തികളില്‍ ജീവിക്കുന്നവരുടെ സംഘര്‍ഷങ്ങള്‍ ... അഭിഷേക് മജൂംദാറിന്റെ ആഫ്റ്റര്‍ ലൈഫ് ഓഫ് ബേര്‍ഡ്സ് എന്ന എഴുപത് മിനുട്ട് ദൈര്‍ഘ്യമുള്ള ഇംഗ്ലീഷ് നാടകം ശ്രദ്ധേയമാകുന്നത് വ്യത്യസ്ത വിഷയങ്ങള്‍കൊണ്ടാണ്. ഇന്ത്യന്‍ , ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ക്കെതിരെ പടപൊരുതുന്നവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ബംഗളൂരുവിലെ ഇന്ത്യന്‍ എന്‍സെംബിള്‍ അവതരിപ്പിക്കുന്ന നാടകം.
റഷീദ്, നിരോമി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറിയാണ് നാടകം പുരോഗമിക്കുന്നത്. എല്‍ടിടിഇ വനിതാ കേഡറില്‍ ഉള്‍പ്പെടുന്ന പരാജയപ്പെട്ട മനുഷ്യബോംബാണ് നിരോമി. അമ്പത് വയസ്സ് പ്രായമുള്ള ഇവര്‍ തിഹാര്‍ ജയിലിലാണ്. രാജ്പഥില്‍ വച്ച് ഇരുപത് വര്‍ഷം മുമ്പ് ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിളും സംഗീതജ്ഞനുമായ റഷീദ് ഇവരെ പിടികൂടുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്റിന്റെ ഉത്തരവിന്മേല്‍ ജനുവരി 26ന് നിരോമി ജയില്‍ മോചിതയാകുന്നു. തന്റെ മകന്‍ തീവ്രവാദിയാണെന്നതിന്റെ സംശയത്തില്‍ റഷീദിന് മര്‍ദനം ഏറ്റുവാങ്ങേണ്ടി വരുന്നു. നക്സല്‍ പോലുള്ള പരാജയപ്പെട്ട പ്രസ്ഥാനങ്ങളെ ചരിത്രം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും നാടകം പ്രതിപാദിക്കുന്നു. നക്സല്‍ ജീവിതത്തിനിടയില്‍ വനിതാ പോരാളികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും നാടകത്തിലുണ്ട്. നിരോമി സയനേഡ് കഴിച്ച് ആത്മഹത്യ ചെയ്യുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.
നിരോമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുന്ധതിനാഥാണ് പ്രധാന താരം. ചലച്ചിത്രതാരം രേവതി അഭിനയിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട് നാടകത്തിന്. നവീന്‍കുമാര്‍ , ശൃംഖബീവി, ചാണക്യവാസ്, പ്രത്യൂഷ്സിങ്, വെര്‍ജീനിയ റോഡറിക്സ്, സന്ദീപ് ഷിഖായത്ത് എന്നിവരാണ് മറ്റഭിനേതാക്കള്‍ . തിങ്കളാഴ്ച വൈകിട്ട് 6.30ന് മുംബൈയിലെ അക്വാരിയസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത "ദ ഇന്‍ര്‍വ്യൂ" എന്ന ഇംഗ്ലീഷ് നാടകം അരങ്ങേറും.
deshabhimani 060212
ടാഗോറിന് ഉജ്വലസ്മരണയായി "ചണ്ഡാലിക", ഹോമറിന്റെ ഇതിഹാസകാവ്യം ഒഡീസിയിലെ ഒഡീഷ്യസിന്റെ യാത്രയെ ഹാസ്യവും കാവ്യാത്മകതയും ചേര്‍ത്ത് അവതരിപ്പിച്ച "ഒഡീഷ്യസ് കയോട്ടിക്കസ്", രംഗതലത്തെക്കുറിച്ചുള്ള പുതിയ അന്വേഷണമായ "ഇമേജിനിങ് ഒ" എന്നീ മൂന്നു വ്യത്യസ്ത രംഗാവതരണങ്ങളുടെ സമഗ്രാനുഭവംകൊണ്ട് അന്തര്‍ദേശീയ നാടകോത്സവത്തിന്റെ അഞ്ചാംനാള്‍ സമൃദ്ധം.
ReplyDelete