Friday, February 17, 2012

ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവം: ഒതുക്കിയതിന് പിന്നില്‍ ബിജെപി നേതാവ്

കല്‍പ്പറ്റ: തിരുവനന്തപുരം മ്യൂസിയത്തില്‍ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിനിയായ ആദിവാസി പെണ്‍കുട്ടിയെ മന്ത്രിയുടെ സ്റ്റാഫംഗം മാനഭംഗപ്പെടുത്തിയതായ ആരോപണം ഒതുക്കി തീര്‍ത്തത് ബിജെപി നേതാവിന്റെ സഹായത്തോടെ. പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയായ ബിജെപി മണ്ഡലം കമ്മറ്റി അംഗത്തെ സ്വാധീനിച്ചാണ് സംഭവം ഒതുക്കിയത്. ഇതില്‍ ഈ നേതാവിന് ജില്ലാഭാരവാഹിയുടെ പിന്തുണയുമുണ്ടെന്നാണ് ആരോപണം. സംഭവം പുറത്തായതോടെ ബിജെപിയിലും കലാപം ഉയര്‍ന്നിട്ടുണ്ട്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ മാനന്തവാടിയിലെ ഏതാനും നേതാക്കള്‍ ശ്രമിക്കുന്നത് അണികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മാനന്തവാടിയില്‍ ചേര്‍ന്ന ബിജെപി നിയോജകമണ്ഡലം കമ്മിറ്റി യോഗം ഈ വിഷയത്തെച്ചൊല്ലി കയ്യാങ്കളിയുടെ വക്കിലെത്തി. പരിസരവാസികള്‍ ശ്രദ്ധിക്കുന്ന രീതിയില്‍ യോഗത്തില്‍ ഒച്ചപ്പാടും വാക്കേറ്റവും രൂക്ഷമായിരുന്നു. ഇതിനിടെ, വിഷയം ഒതുക്കിത്തീര്‍ക്കാനുള്ള നീക്കത്തിന് തടയിടാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വവും മഹിളാ മോര്‍ച്ചയും ഇടപെട്ടതായാണ് സൂചന. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ വെള്ളിയാഴ്ച വയനാട്ടിലെത്തും. ഇവര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

ഇന്നലെ ബിജെപി നേതൃത്വത്തില്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ മാനന്തവാടിയിലുള്ള ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത നിഴലിച്ചു. ചില നേതാക്കള്‍ സമരത്തില്‍ നിന്നു പിന്‍വലിഞ്ഞു നിന്നു. 15 ഓളം ആളുകള്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തത്. ആദിവാസി പെണ്‍കുട്ടിയുടെ പിതാവ് ബിജെപി പ്രവര്‍ത്തകനാണ്. ഒരു തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഇയാള്‍ . ഈ ബന്ധമുപയോഗിച്ചാണ് ചില നേതാക്കള്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മന്ത്രിയുടെ പിഎയെ മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരുമെന്നും ബിജെപി ജില്ലാ നേതാക്കള്‍ പ്രതികരിച്ചു.

deshabhimani 170212

1 comment:

  1. തിരുവനന്തപുരം മ്യൂസിയത്തില്‍ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിനിയായ ആദിവാസി പെണ്‍കുട്ടിയെ മന്ത്രിയുടെ സ്റ്റാഫംഗം മാനഭംഗപ്പെടുത്തിയതായ ആരോപണം ഒതുക്കി തീര്‍ത്തത് ബിജെപി നേതാവിന്റെ സഹായത്തോടെ. പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയായ ബിജെപി മണ്ഡലം കമ്മറ്റി അംഗത്തെ സ്വാധീനിച്ചാണ് സംഭവം ഒതുക്കിയത്. ഇതില്‍ ഈ നേതാവിന് ജില്ലാഭാരവാഹിയുടെ പിന്തുണയുമുണ്ടെന്നാണ് ആരോപണം.

    ReplyDelete