പളനിയപ്പന്‍ ചിദംബരം എന്നും വിവാദങ്ങളുടെ തോഴനാണ്. പലപ്പോഴും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും വിവാദങ്ങള്‍ അദ്ദേഹത്തെ പിന്തുടരുന്നു. തമിഴ്നാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായാണ് ഈ അഭിഭാഷകന്‍ പൊതുജീവിതം ആരംഭിച്ചത്. 1984ല്‍ ആദ്യമായി ശിവഗംഗയില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1999ല്‍ തോറ്റതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഈ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തി. പല പാര്‍ടികളുടെ ചിഹ്നത്തിലാണെങ്കിലും. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ചിദംബരത്തെ വാണിജ്യസഹമന്ത്രിയാക്കി. 1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയോടെ വാണിജ്യ മന്ത്രിയായി. എന്നാല്‍ 1992ല്‍ ഹര്‍ഷദ് മേത്ത ഉള്‍പ്പെട്ട ഓഹരികുംഭകോണമുണ്ടായപ്പോള്‍ രാജിവയ്ക്കേണ്ടിവന്നു. ഹര്‍ഷദ് മേത്തയുടെ അടുത്ത സുഹൃത്ത് ബില്‍ഗി രത്നാകറുടെ ഫെയര്‍ ഗ്രോത്ത് ഫൈനാന്‍ഷ്യല്‍ സര്‍വീസില്‍ ചിദംബരവും ഭാര്യ നളിനി ചിദംബരവും നിക്ഷേപം നടത്തിയതാണ് രാജിക്ക് കാരണമായത്.
ജി കെ മൂപ്പനാര്‍ തമിഴ് മാനിലാ കോണ്‍ഗ്രസിന് (ടിഎംസി)രൂപം നല്‍കിയപ്പോള്‍ ചിദംബരം അതിലേക്ക് ചേക്കേറി. ടിഎംസി ഐക്യമുന്നണിയുടെ ഭാഗമായപ്പോള്‍ ധനമന്ത്രിയായി. അക്കാലത്ത് അദ്ദേഹം നടപ്പാക്കിയ വളന്ററി ഡിസ്ക്ലോസര്‍ ഓഫ് ഇന്‍കം സ്കീം വന്‍ വിവാദമുയര്‍ത്തി. ആദായനികുതി വെട്ടിപ്പുകാര്‍ക്കും മറ്റും പ്രോസിക്യൂഷനില്‍നിന്ന് ഇളവ് നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. ഈ നടപടിയെ സിഎജി രൂക്ഷമായി വിമര്‍ശിച്ചു. 2001ല്‍ മൂപ്പനാര്‍ മരിച്ചതോടെ ചിദംബരം ടിഎംസിയില്‍നിന്ന് പുറത്താക്കപ്പെട്ടു. കോണ്‍ഗ്രസ് ജനനായക പെറവെ എന്ന സംഘടന രൂപീകരിച്ച് അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചുപോയി.
വിവാദക്കേസുകളിലാണ് ചിദംബരം ഇക്കാലത്ത് ഇടപെട്ടത്. അമേരിക്കന്‍ ഊര്‍ജ രാക്ഷസനായ എന്‍റോണിന് വേണ്ടി മുംബൈ ഹൈക്കോടതിയില്‍ ഹാജരായി. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായപ്പോള്‍ ദാബോള്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയതും മറ്റാരുമല്ല. ബ്രിട്ടീഷ് ഖനന കമ്പനിയായ വേദാന്ത റിസോഴ്സിന് വേണ്ടിയും ചിദംബരം കോടതിയില്‍ ഹാജരായി. ഈ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. അവര്‍ക്ക് ഖനനത്തിന് അനുമതി നല്‍കിയത് ചിദംബരം ധനമന്ത്രിയായപ്പോഴാണ്. 2004ല്‍ സ്വന്തം പാര്‍ടി സ്ഥാനാര്‍ഥിയായാണ് ചിദംബരം വിജയിച്ചത്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ ചിദംബരത്തെ വീണ്ടും ധനമന്ത്രിയാക്കി. തുടര്‍ന്ന് ചിദംബരത്തിന്റെ പാര്‍ടി കോണ്‍ഗ്രസില്‍ ലയിച്ചു. മന്ത്രിയായിരുന്ന കാലത്തും കുടുംബത്തിന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കായി നിലകൊണ്ടുവെന്ന് ആരോപണം ഉയര്‍ന്നു. ചിദംബരം കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപിച്ചതായി ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമിയും രാജ്യസഭാഗം രാം ജത്മലാനിയും ആരോപിച്ചിരുന്നു.
ധനമന്ത്രിയായിരിക്കേ മകന്‍ കാര്‍ത്തിക്കിനും സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വഡേരക്കും വിവരങ്ങള്‍ നല്‍കി അവര്‍ക്ക് ഓഹരിവിപണിയെ വരുതിയിലാക്കാന്‍ സഹായിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശിവരാജ് പാട്ടീലിനെ നീക്കിയപ്പോള്‍ ചിദംബരം ആഭ്യന്തരമന്ത്രിയായി. ഇതോടെ ധനമന്ത്രാലയത്തിന്റെ നീക്കങ്ങള്‍ നേരിട്ട് അറിയാന്‍ കഴിയാതായി. ഈ ഘട്ടത്തിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഓഫീസില്‍ ചാരപ്പണി നടത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതായി വാര്‍ത്ത വന്നത്. ഈ വിഷയത്തില്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിക്ക് പരാതി അയച്ചിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കുമ്പോഴാണ് ഭാര്യ നളിനി ടെക്സ്റ്റൈല്‍ മില്ലുകളുടെ കേസില്‍ പ്രത്യക്ഷ നികുതി ബോര്‍ഡിനുവേണ്ടി ഹാജരായത്. ചിദംബരം കുടുംബത്തിന്റെ മില്ലുകള്‍ക്കെതിരായ കേസിലാണ് സര്‍ക്കാരിന്റെ അഭിഭാഷകയായി ആദ്യം ചിദംബരവും അദ്ദേഹം ധനമന്ത്രിയായപ്പോള്‍ ഭാര്യയും ഹാജരായത്. പാര്‍ലമെന്റിലടക്കം ഇത് ചര്‍ച്ചയായപ്പോഴാണ് നളിനി പിന്‍വാങ്ങിയത്. ലോട്ടറിക്കേസില്‍ നളിനി ഹാജരായത് കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. കൃഷ്ണ-ഗോദാവരി തടത്തിലെ വാതകത്തിന് അമിതവില ഈടാക്കാന്‍ റിലയന്‍സ് കമ്പനിയെ അനുവദിച്ചതും ചിദംബരം ധനമന്ത്രിയായിരുന്നപ്പോഴാണ്.
2009ല്‍ ചിദംബരം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും വിവാദമാണ്. ആദ്യം എഐഎഡിഎംകെ സ്ഥാനാര്‍ഥി രാജാകണ്ണപ്പന്‍ 3,354 വോട്ടിന് ജയിച്ചുവെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ചില ഇടപെടലുകളെ തുടര്‍ന്ന് ചിദംബരം 4000 വോട്ടിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതു സംബന്ധിച്ച കേസ് മദ്രാസ് ഹൈക്കോടതിയിലാണ്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന സിഖ് വേട്ടയ്ക്ക് നേതൃത്വംനല്‍കിയ ജഗദീഷ് ടൈറ്റ്ലര്‍ക്ക് സിബിഐ ക്ലീന്‍ചിറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ജര്‍ണയില്‍ സിങ് എന്ന പത്രപ്രവര്‍ത്തകന്‍ ആഭ്യന്തരമന്ത്രിയായ ചിദംബരത്തെ ഷൂ എറിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു കറുത്ത പൊട്ടാണ്.
(വി ബി പരമേശ്വരന്‍)
deshabhimani 050212
പളനിയപ്പന്‍ ചിദംബരം എന്നും വിവാദങ്ങളുടെ തോഴനാണ്. പലപ്പോഴും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും വിവാദങ്ങള്‍ അദ്ദേഹത്തെ പിന്തുടരുന്നു. തമിഴ്നാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായാണ് ഈ അഭിഭാഷകന്‍ പൊതുജീവിതം ആരംഭിച്ചത്. 1984ല്‍ ആദ്യമായി ശിവഗംഗയില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1999ല്‍ തോറ്റതൊഴിച്ചാല്‍ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഈ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തി. പല പാര്‍ടികളുടെ ചിഹ്നത്തിലാണെങ്കിലും.
ReplyDelete