Thursday, February 2, 2012

നേഴ്സുമാരുടെ സമരം മറ്റു ജില്ലകളിലേക്കും

തൊഴില്‍മേഖലയിലെ കൊടിയ ചൂഷണത്തിനെതിരെ സ്വകാര്യാശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ജില്ലകളിലേക്കു വ്യാപിക്കുന്നു. നേരത്തെ സമരം തുടങ്ങിയ ആശുപത്രികളില്‍ പ്രക്ഷോഭം കൂടുതല്‍ കരുത്താജ്ജിച്ചു. സിപിഐ എം, ഡിവൈഎഫ്ഐ ഉള്‍പ്പെടെ പ്രമുഖ സംഘടനകള്‍ സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയത് ഇവര്‍ക്ക് ആവേശം പകര്‍ന്നു.

മിനിമംകൂലി ലഭ്യമാക്കുക, ഷിഫ്റ്റ് പുനഃക്രമീകരിച്ച് ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് നഗരത്തിലെ നാഷണല്‍ ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ ബുധനാഴ്ച സൂചനാസമരം നടത്തി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ രാവിലെ എട്ട് മുതല്‍ 10 വരെയായിരുന്നു സമരം. ജനുവരി ആറിന് ആശുപത്രി മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ , മാനേജ്മെന്റ് നടപടി കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് സമരം നടത്തിയത്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ആറുമുതല്‍ അനിശ്ചിതസമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
സേവന വേതന വ്യവസ്ഥ പുതുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മരട് ലേക്ഷോര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ ആരംഭിച്ച സമരം കൂടുതല്‍ ശക്തമായി. സമരം തുടരുന്ന എഴുനൂറോളം നേഴ്സുമാര്‍ക്കുപുറമെ 30 ഇന്‍ചാര്‍ജ് നേഴ്സുമാര്‍ ബുധനാഴ്ച പണിമുടക്കില്‍ അണിചേര്‍ന്നതോടെ ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലായി. പ്രവൃത്തിപരിചയത്തിനനുസരിച്ച് ശമ്പളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, നേഴസ്-രോഗി അനുപാതം ക്രമീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. ചൊവ്വാഴ്ച ആശുപത്രി മാനേജ്മെന്റുമായി സമരസംഘടന ചര്‍ച്ചനടത്തിയെങ്കിലും ശമ്പളവര്‍ധന അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരം ആറാംദിനത്തിലേക്കു കടന്നതോടെ മാനേജ്മെന്റ് ചര്‍ച്ചയ്ക്കു വഴങ്ങുന്നു. രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ക്കുപുറമെ ആശുപത്രിക്ക് നേതൃത്വംനല്‍കുന്ന ഓര്‍ത്തഡോക്സ് സഭാ നേതൃത്വവും സമരത്തിനനുകൂലമായി രംഗത്തുവന്നതോടെയാണ് മാനേജ്മെന്റ് വഴങ്ങിയത്. വ്യാഴാഴ്ച പകല്‍ 12ന് മാനേജ്മെന്റും സമരസമിതി പ്രവര്‍ത്തകരും ചര്‍ച്ച നടത്തും.

മിനിമം ശമ്പളംപോലും നല്‍കാത്തത് അനീതി: മാര്‍ ക്രിസോസ്റ്റം

കോഴഞ്ചേരി: നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം പോലും നല്‍കാത്തത് അനീതിയാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ഏതൊരു തൊഴില്‍ചെയ്യുന്നവനും ജീവിക്കാന്‍ കഴിയുന്ന വരുമാനം ലഭിക്കണം. ഒരു വ്യക്തിക്ക് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എങ്ങനെ സേവനം ചെയ്യാന്‍ കഴിയും- മെത്രാപ്പൊലീത്താ ചോദിച്ചു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പണം ആവശ്യമാണ്. ഈ പണ സമ്പാദനമാണ് തൊഴിലിന്റെ അടിസ്ഥാനം. മനുഷ്യനെ ജീവിതത്തിലേക്ക് കൊണ്ടുവരാനും രോഗാവസ്ഥയില്‍നിന്ന് മോചിപ്പിക്കാനും ആത്മാര്‍ഥമായി സേവനമനുഷ്ഠിക്കുന്നവരാണ് നഴ്സുമാര്‍ . അവരെ സമരത്തിലേക്ക് തള്ളിവിടുന്ന അവസരം സൃഷ്ടിക്കരുത്. ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനാവും വിധം പ്രതിഫലം നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്നും മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു.

deshabhimani 020212

1 comment:

  1. തൊഴില്‍മേഖലയിലെ കൊടിയ ചൂഷണത്തിനെതിരെ സ്വകാര്യാശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ജില്ലകളിലേക്കു വ്യാപിക്കുന്നു. നേരത്തെ സമരം തുടങ്ങിയ ആശുപത്രികളില്‍ പ്രക്ഷോഭം കൂടുതല്‍ കരുത്താജ്ജിച്ചു. സിപിഐ എം, ഡിവൈഎഫ്ഐ ഉള്‍പ്പെടെ പ്രമുഖ സംഘടനകള്‍ സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയത് ഇവര്‍ക്ക് ആവേശം പകര്‍ന്നു.

    ReplyDelete