Friday, February 10, 2012

സഹായം കമ്യൂണിസ്റ്റുകാര്‍മാത്രം: ഡല്‍ഹി അതിരൂപത

വടക്കെ ഇന്ത്യയില്‍ ക്രിസ്തുമതവിശ്വാസികള്‍ ആക്രമിക്കപ്പെട്ട സമയങ്ങളിലൊക്കെ സഹായത്തിനെത്തിയത് കമ്യൂണിസ്റ്റുകാര്‍മാത്രമാണെന്ന് കത്തോലിക്കാസഭ ഡല്‍ഹി അതിരൂപത വക്താവ് ഫാ. ഡൊമിനിക് ഇമ്മാനുവല്‍ . ഒഡിഷയില്‍ വര്‍ഗീയവാദികള്‍ പള്ളികള്‍ ആക്രമിക്കുകയും കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തപ്പോള്‍ , വിശ്വാസികള്‍ക്കൊപ്പം നിന്നത് സിപിഐ എമ്മാണെന്നും ഫാ. ഡൊമിനിക് വ്യക്തമാക്കി. ക്രൈസ്തവദര്‍ശനങ്ങളും കമ്യൂണിസ്റ്റ് ആശയങ്ങളും തമ്മില്‍ സാദൃശ്യം ഏറെയാണ്. യോജിച്ചുപ്രവര്‍ത്തിക്കാവുന്ന ഒട്ടേറെ മേഖല ക്രൈസ്തവ വിശ്വാസികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമിടയിലുണ്ട്. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചനവും സമൂഹത്തിലെ അസമത്വം ഇല്ലാതാക്കുകയുമാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. പ്രവര്‍ത്തനരീതിയില്‍മാത്രമേ വ്യത്യാസമുള്ളൂ.

ഡല്‍ഹി ആര്‍ച്ച് ബിഷപ് വിന്‍സന്റ് എം കൊണ്‍സസാവോയുടെ പൗരോഹിത്യ സുവര്‍ണജൂബിലി മുന്‍നിര്‍ത്തി അതിരൂപത പുറത്തിറക്കിയ പുസ്തകത്തിലെ രണ്ടാമത്തെ ലേഖനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടേതാണെന്നും ഫാ. ഡൊമിനിക് പറഞ്ഞു. "പുനര്‍നിര്‍വചിക്കുന്ന ഭാരതം; മറുവശം" എന്ന പുസ്തകത്തില്‍ "ദുരിത ഭാരത"മെന്നാണ് യെച്ചൂരിയുടെ ലേഖനത്തിന് തലക്കെട്ട്. മാര്‍ക്സിന്റെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന" ഉദ്ധരണികളുടെ സത്യാവസ്ഥ ലേഖനത്തില്‍ യെച്ചൂരി വിശദീകരിച്ചിട്ടുണ്ട്. ലൂക്കായുടെ സുവിശേഷത്തില്‍ സമൂഹത്തിലെ നിന്ദിതരെയും പീഡിതരെയും കുറിച്ചുള്ള ഭാഗങ്ങളും ലേഖനത്തിലുണ്ട്- അദ്ദേഹം പറഞ്ഞു.

ലോകം കണ്ട മഹാന്മാരായ വിപ്ലവകാരികളുടെ പട്ടികയില്‍ യേശുവിനെ ഉള്‍പ്പെടുത്തിയതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. അന്ത്യ അത്താഴ ചിത്രം നീക്കിയതോടെ വിവാദം അവസാനിക്കേണ്ടിയിരുന്നു. പക്ഷേ, ഇപ്പോഴും വിവാദത്തിനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ്. മുമ്പും ക്രിസ്തുവിനെ പലരും വ്യത്യസ്ത രീതികളില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നെന്നും കശ്മീരില്‍ കഴിഞ്ഞിരുന്നെന്നും വിശ്വാസമുണ്ട്. യേശുവിന്റെ സന്ദേശങ്ങള്‍ക്ക് സ്വാധീനമുള്ളതിനാലാണ് സിപിഐ എമ്മിന്റെ ചരിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്- അദ്ദേഹം പറഞ്ഞു.

ക്രിസ്തുവിനെ അംഗീകരിക്കുന്നത് സ്വാഗതാര്‍ഹം: യാക്കോബായ സഭ

കൊച്ചി: മാനവരാശിയുടെ രക്ഷയ്ക്കായി ജീവത്യാഗംചെയ്ത ക്രിസ്തുവിനെ ശക്തിദുര്‍ഗമായി രാഷ്ട്രീയപാര്‍ടികള്‍ അംഗീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് യാക്കോബായ സുറിയാനിസഭ. പലരും പലവിധത്തില്‍ അംഗീകരിക്കുന്ന മഹാനാണ് ക്രിസ്തു. ചില രാഷ്ട്രീയപാര്‍ടികള്‍ ക്രിസ്തുവിനെ വിപ്ലവകാരിയായി കരുതുന്നു. ചിലര്‍ വലിയൊരു താത്ത്വികനായും നേതാവായും അംഗീകരിക്കുന്നു. ഇതെല്ലാം സത്യത്തിന്റെ വെളിപ്പെടുത്തലാണ്. ഇതിന്റെപേരില്‍ വിവാദങ്ങള്‍ കൊഴുത്താലും സഭ തളരില്ല. ക്രൈസ്തവര്‍ മാത്രമല്ല ക്രിസ്തുവിനെ അംഗീകരിക്കുന്നത്. ക്രിസ്തു ക്രൈസ്തവരുടെമാത്രം സ്വകാര്യസ്വത്തല്ല. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്തുവിനെ അംഗീകരിക്കുന്നുണ്ട്. ലോകമാസകലം കിസ്തുവിനെ അംഗീകരിക്കുന്നുവെന്നത് സന്തോഷകരമാണ്. ക്രിസ്തുവിവാദങ്ങള്‍ പുതിയ കാര്യമല്ലാത്തതിനാല്‍ സഭയ്ക്ക് ഇപ്പോഴത്തെ തര്‍ക്കങ്ങളില്‍ താല്‍പ്പര്യമില്ല. ഇപ്പോഴത്തെ ക്രിസ്തുവിവാദവും തിരുവത്താഴ തര്‍ക്കവും സഭ യോഗംചേര്‍ന്ന് വിലയിരുത്തുന്നതിനാലാണ് പ്രതികരണത്തിന് താമസം നേരിട്ടതെന്നും ക്രിസ്തുവിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സഭയ്ക്കുവേണ്ടി വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സഭാസമിതികള്‍ ഔദ്യോകികമായി ചര്‍ച്ച ചെയ്താണ് ഈ നിലപാടെടുത്തതെന്നും ഫാ. കല്ലാപ്പാറ അറിയിച്ചു.

deshabhimani 100212

1 comment:

  1. വടക്കെ ഇന്ത്യയില്‍ ക്രിസ്തുമതവിശ്വാസികള്‍ ആക്രമിക്കപ്പെട്ട സമയങ്ങളിലൊക്കെ സഹായത്തിനെത്തിയത് കമ്യൂണിസ്റ്റുകാര്‍മാത്രമാണെന്ന് കത്തോലിക്കാസഭ ഡല്‍ഹി അതിരൂപത വക്താവ് ഫാ. ഡൊമിനിക് ഇമ്മാനുവല്‍ . ഒഡിഷയില്‍ വര്‍ഗീയവാദികള്‍ പള്ളികള്‍ ആക്രമിക്കുകയും കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തപ്പോള്‍ , വിശ്വാസികള്‍ക്കൊപ്പം നിന്നത് സിപിഐ എമ്മാണെന്നും ഫാ. ഡൊമിനിക് വ്യക്തമാക്കി. ക്രൈസ്തവദര്‍ശനങ്ങളും കമ്യൂണിസ്റ്റ് ആശയങ്ങളും തമ്മില്‍ സാദൃശ്യം ഏറെയാണ്. യോജിച്ചുപ്രവര്‍ത്തിക്കാവുന്ന ഒട്ടേറെ മേഖല ക്രൈസ്തവ വിശ്വാസികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമിടയിലുണ്ട്. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചനവും സമൂഹത്തിലെ അസമത്വം ഇല്ലാതാക്കുകയുമാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. പ്രവര്‍ത്തനരീതിയില്‍മാത്രമേ വ്യത്യാസമുള്ളൂ.

    ReplyDelete