Friday, February 10, 2012

ആവേശംനിറച്ച് "ചെ ഗുവേര"

കാലദേശങ്ങള്‍ക്കിപ്പുറവും കാണികളില്‍ ആവേശം നിറച്ച് ചെ ഗുവേരയുടെ ജീവിതം അഭ്രപാളികളില്‍ നിറഞ്ഞു. നക്ഷത്രം ആലേഖനംചെയ്ത തൊപ്പി ധരിച്ച് ചെ ഒരോ തവണയും സ്ക്രീനില്‍ എത്തുമ്പോള്‍ കാണികളുടെ കണ്ണിലും നൂറായിരം നക്ഷത്രം തെളിഞ്ഞു. ഒപ്പം ഹര്‍ഷാരവവും. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്റെ അവസാന ദിവസത്തില്‍ പ്രദര്‍ശിപ്പിച്ച "ചെ ഗുവേര" കാണാന്‍ വന്‍ ജനമാണ് എത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറിന് പ്രദര്‍ശനം തുടങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും മിക്കവരും ഒരുമണിക്കൂര്‍ മുമ്പുതന്നെ എത്തി.

സംവിധായകന്‍ സ്റ്റീവന്‍ സോടര്‍ബര്‍ഗ് രണ്ട് ഭാഗമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ ഭാഗങ്ങളില്‍ ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബയില്‍ നടത്തിയ വിപ്ലവവും രണ്ടാം ഭാഗത്തില്‍ ബൊളീവിയന്‍ വിപ്ലവവും തുടര്‍ന്ന് ചെയുടെ വീരമരണവുമാണ് ചിത്രീകരിച്ചത്. ക്യൂബയിലെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഗറില്ലാ യുദ്ധമുറകള്‍ ആസൂത്രണം ചെയ്യുന്നത്, നായകന്‍ ഫിദല്‍ കാസ്ട്രോയുടെയും ചെ ഗുവേരയുടെയും സൗഹൃദം, പട്ടാളക്കാരില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത്, രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിന് പട്ടാളക്കാരുമായി നടത്തുന്ന സംഭാഷണങ്ങള്‍ എന്നിവയും വളരെ മനോഹരമായി ചിത്രീകരിച്ചിരുന്നു.
(സുപ്രിയ സുധാകര്‍)

ഊര്‍ജപ്രവാഹമായി ജനനയന

നാടിന്റെ അടിവേരായി ചുറ്റിപ്പിണഞ്ഞ സംസ്കൃതിയില്‍ നിന്ന് ചികഞ്ഞെടുത്ത പാട്ടും നൃത്തവും. അതൊരു ഊര്‍ജപ്രവാഹം പോലെ വേദിയില്‍ നിന്ന് പുറത്തേക്ക് ഒഴുകി. നാട്ടുപഴമയുടെ ചലനത്തിന് ഇത്ര കരുത്തോ എന്ന് സദസ്യര്‍ അമ്പരന്ന രണ്ടരമണിക്കൂര്‍ . സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടത്ത് തൃശൂര്‍ ജനനയന അവതരിപ്പിച്ച നാടന്‍കലാപരിപാടികള്‍ കാഴ്ചയുടെ ഉത്സവം തീര്‍ത്തു. തെയ്യക്കോലങ്ങളും ദഫ്മുട്ടും മാര്‍ഗംകളിയും ഗോത്രനൃത്തവും വേദിയില്‍ നിറഞ്ഞു. എട്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘം വിശ്രമമില്ലാതെ രണ്ടരമണിക്കൂര്‍ ദ്രുതതാളത്തില്‍ നിറഞ്ഞാടി. സ്ത്രീശരീരഭാഷയുടെ പൊരുള്‍ എന്തെന്നറിയുക എന്ന് പ്രഖ്യാപിച്ചായിരുന്നു നൃത്തസംഘം "കൊടുങ്ങല്ലൂരേക്ക് പുറപ്പെടുന്ന അമ്മ കോമരങ്ങള്‍ക്ക്" ജീവന്‍ നല്‍കിയത്. വയനാടന്‍ ഗോത്രനൃത്തത്തിന്റെ ചടുലതാളം മറ്റൊരു നൃത്തരൂപത്തില്‍ കണ്ടു. ശാസ്ത്രീയസംഗീതം ഉറവ പൊട്ടിയത് കീഴാളജീവിതത്തിന്റെ നാട്ടുസംഗീതത്തിലാണെന്ന് തെളിയിക്കുന്നതായി നാടന്‍പാട്ടുകള്‍ . നന്തുണിക്കൊപ്പം സദസ്സ് മഴച്ചാറ്റലേറ്റ് നൃത്തം ചവിട്ടി.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനത്തില്‍ ബിരുദം നേടിയ പ്രേംപ്രസാദാണ് 24 അംഗ സംഘത്തെ നയിച്ചത്. മതേതരത്വം, സ്ത്രീശാക്തീകരണം, കീഴാളവിമോചനം എന്നിവയ്ക്കാണ് ആവിഷ്കാരം നല്‍കുന്നതെന്ന് പ്രേംപ്രസാദ് പറഞ്ഞു. ക്രിസ്ത്യന്‍ , മുസ്ലിം കലാരൂപങ്ങളില്ലാതെ നാടന്‍കല പൂര്‍ണമാകുന്നില്ലെന്നുംഅതു മറച്ചുവയ്ക്കുന്ന ഹിന്ദുവര്‍ഗീയവാദികള്‍ക്ക് മറുപടി നല്‍കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദര്‍ശനം കാണാന്‍ ഒ രാജഗോപാലും തിരു: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മാര്‍ക്സാണ് ശരി" പ്രദര്‍ശനനഗരി ബിജെപി നേതാവ് ഒ രാജഗോപാല്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച വൈകിട്ട് പുത്തരിക്കണ്ടത്തെ പ്രദര്‍ശനവേദിയിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ചെലവിട്ടു. മികച്ച രീതിയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നതെന്നും ചരിത്രപ്രദര്‍ശനമെന്ന നിലയിലാണ് കാണാന്‍ എത്തിയതെന്നും രാജഗോപാല്‍ പറഞ്ഞു.

സമ്മേളനനഗരിക്ക് കവചം തീര്‍ത്ത്

മൂന്നുദിവസമായി സ. ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറിന്(എ കെ ജി ഹാള്‍) മുന്നില്‍ സദാ ജാഗരൂകരായ ഇവരുടെ സാന്നിധ്യമുണ്ട്; കാരിരുമ്പില്‍ തീര്‍ത്ത മതില്‍പോലെ. ചുവപ്പും കാക്കിയും ധരിച്ച വളന്റിയര്‍മാരുടെ ഈ നിര ഭേദിച്ച് പ്രതിനിധികളല്ലാതെ ഒരാള്‍ക്കുപോലും അകത്തേക്ക് കടക്കാനാകില്ല. തിരുവനന്തപുരം ജില്ലയിലെ ചുവപ്പുസേനാംഗങ്ങളാണ് ചിട്ടയോടെ സമ്മേളനനഗറിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. പേരൂര്‍ക്കട ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള 33 അംഗ വളന്റിയര്‍മാരാണ് ക്യാപ്റ്റന്‍ ടി ചന്ദ്രബാബുവിന്റെയും വൈസ് ക്യാപ്റ്റന്‍ കെ സുധീഷിന്റെയും നേതൃത്വത്തില്‍ എ കെ ജി ഹാളിന് കവചം തീര്‍ക്കുന്നത്. പ്രതിനിധിഹാളിന്റെ ഗേറ്റുമുതല്‍ വേദിയുടെ സമീപംവരെ ഇവരുടെ സാന്നിധ്യമുണ്ട്. പാളയം ഏരിയയിലെ പ്ലറ്റൂണ്‍ ദീപശിഖയ്ക്കും ചാലയിലെ വളന്റിയര്‍മാര്‍ രക്തസാക്ഷിമണ്ഡപത്തിനും 24 മണിക്കൂറും കാവലുണ്ട്. വഞ്ചിയൂര്‍ , ചാല ഏരിയയില്‍നിന്നുള്ള പ്ലറ്റൂണുകള്‍ക്കാണ് ഭക്ഷണശാലയുടെ നിയന്ത്രണം. സമ്മേളനത്തിനു മുന്നോടിയായി മൂന്നു മാസത്തിലേറെ നീണ്ട പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്. മൂന്നുദിവസം ഇ എം എസ് അക്കാദമിയില്‍ ജില്ലാ ക്യാപ്റ്റനും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററുമായ കെ എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനവും ഇവര്‍ക്ക് ഒരുക്കിയിരുന്നു.

deshabhimani 100212

1 comment:

  1. കാലദേശങ്ങള്‍ക്കിപ്പുറവും കാണികളില്‍ ആവേശം നിറച്ച് ചെ ഗുവേരയുടെ ജീവിതം അഭ്രപാളികളില്‍ നിറഞ്ഞു. നക്ഷത്രം ആലേഖനംചെയ്ത തൊപ്പി ധരിച്ച് ചെ ഒരോ തവണയും സ്ക്രീനില്‍ എത്തുമ്പോള്‍ കാണികളുടെ കണ്ണിലും നൂറായിരം നക്ഷത്രം തെളിഞ്ഞു. ഒപ്പം ഹര്‍ഷാരവവും. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിന്റെ അവസാന ദിവസത്തില്‍ പ്രദര്‍ശിപ്പിച്ച "ചെ ഗുവേര" കാണാന്‍ വന്‍ ജനമാണ് എത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറിന് പ്രദര്‍ശനം തുടങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും മിക്കവരും ഒരുമണിക്കൂര്‍ മുമ്പുതന്നെ എത്തി.

    ReplyDelete