Monday, February 6, 2012

ഫോര്‍ പ്ലസ് പദ്ധതി അവതാളത്തില്‍

സംസ്ഥാനത്തെ ജനങ്ങളില്‍ വര്‍ധിച്ച് വരുന്ന പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഫോര്‍ പ്ലസ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ നാല് പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫോര്‍ പ്ലസ് സംവിധാനം നടപ്പാക്കിയത്. സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും (എന്‍ ആര്‍ എച്ച് എം) സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് പുതിയ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം അവതാളത്തിലായത്.  

സംസ്ഥാനത്ത് പ്രത്യേകിച്ചും തീരദേശപ്രദേശങ്ങള്‍, മലയോര മേഖലകള്‍, ആദിവാസി കോളനികള്‍ എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും ലോകാരോഗ്യ സംഘടനയും  നടത്തിയ പഠനങ്ങളില്‍  കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ  വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ നല്ലൊരു ശതമാനംപേര്‍  വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെന്നും പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ ഫോര്‍പ്ലസ് സംവിധാനം ആവിഷ്‌കരിച്ചത്. ക്യൂബ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയംകണ്ട പദ്ധതിയാണ് സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയതും ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൂത്തെറിഞ്ഞതും.

തിരുവനന്തപുരം ജില്ലയിലെ സ്ഥിതിവിവരകണക്കുകള്‍തന്നെ പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ നിരക്കിന്റെ ആധിക്യം വ്യക്തമാക്കുന്നു. കാര്യവട്ടം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 250 രോഗികളാണ് ദിനംപ്രതി ഒ പി വിഭാഗത്തില്‍ ചികിത്സക്കെത്തുന്നത്. ഇതില്‍ 87 പേര്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരാണ്. വിഴിഞ്ഞം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ദിനംപ്രതിയെത്തുന്ന 600 രോഗികളില്‍ 150 പേരും വിതുര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ 750 രോഗികളില്‍ 342 പേര്‍, മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 100 രോഗികളില്‍ 78 പേരും, തിരുവല്ലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 100 പേരില്‍ 56 പേരും, തൊളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 250 പേരില്‍ 89 രോഗികളും, മലയടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ദിവസേന എത്തുന്ന 50 പേരില്‍ 32 പേര്‍ക്കും, ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 400 രോഗികളില്‍ 120 പേര്‍ക്കും, പെരിങ്ങമ്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന 80 രോഗികളില്‍ 25 പേരും വിവിധ തരത്തിലുള്ള പകര്‍ച്ചപ്പനികള്‍ ബാധിച്ചവരെന്നാണ് ആശുപത്രിയിലെ രേഖകള്‍ വ്യക്തമാക്കുന്നത്.

കൊല്ലം ജില്ലയിലെ  നീണ്ടകര, ശക്തികുളങ്ങര, ഓച്ചിറ, ചവറ, കരുനാഗപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് തുടര്‍ച്ചയായി പകര്‍ച്ചപ്പനികള്‍ ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് കണ്ടത്തിയത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, കുട്ടനാട്, മങ്ങാട് പത്തനംതിട്ട ജില്ലയിലെ കോന്നി, കുമ്പനാട്, ഇടുക്കി ജില്ലയിലെ മൂന്നാര്‍, രാജക്കാട്, രാജകുമാരി, കോട്ടയം ജില്ലയിലെ കവിയൂര്‍, എറണാകുളം ജില്ലയിലെ അരൂര്‍, ഫോര്‍ട്ടുകൊച്ചി, കളമശ്ശേരി, കാക്കനാട്, തൃശൂര്‍ ജില്ലയിലെ ചാലക്കുടി, മലപ്പുറം ജില്ലയിലെ പുതുപറമ്പ, മഞ്ചേരി, വേങ്ങര, പാലക്കാട് ജില്ലയിലെ ആലത്തൂര്‍, ചിറ്റൂര്‍, കോഴിക്കോട് ജില്ലയിലെ ഫിഷ് മാര്‍ക്കറ്റ്, കടലുണ്ടി, കണ്ണൂര്‍ ജില്ലയിലെ പഴശ്ശി, പറശ്ശിനിക്കടവ്, ഇരിക്കൂര്‍, കാസര്‍കോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് പകര്‍ച്ച വ്യാധികള്‍ തുടര്‍ച്ചയായി ബാധിക്കുന്നവരുടെ എണ്ണം കൂടുതലായി കണ്ടെത്തിയത്.

മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്.  ആദ്യഘട്ടത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉന്നതാധികാര  സമിതി രൂപീകരിച്ചു.

രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായി രോഗം ബാധിക്കുന്നവരുടെ എണ്ണവും മറ്റ്  വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള സര്‍വേ നടപ്പാക്കി. നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പരിശീലനം സംഘടിപ്പിച്ചു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ചികിത്സാ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കണക്കാക്കി.

മൂന്നാം ഘട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ പുതിയ സംവിധാനം നടപ്പാക്കിയത്.

അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി നടപ്പാക്കാനായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി അവതാളത്തിലായി.
(കെ ആര്‍ ഹരി )

janayugom 060212

1 comment:

  1. സംസ്ഥാനത്തെ ജനങ്ങളില്‍ വര്‍ധിച്ച് വരുന്ന പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഫോര്‍ പ്ലസ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ നാല് പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫോര്‍ പ്ലസ് സംവിധാനം നടപ്പാക്കിയത്. സംസ്ഥാന ആരോഗ്യ വകുപ്പും ദേശീയ ഗ്രാമീണ ആരോഗ്യ മിഷനും (എന്‍ ആര്‍ എച്ച് എം) സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് പുതിയ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം അവതാളത്തിലായത്.

    ReplyDelete