Thursday, February 9, 2012

ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് തെറ്റല്ല: ഡല്‍ഹി അതിരൂപത

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ യേശുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ലെന്ന് ഡല്‍ഹി അതിരൂപത വക്താവ് ഡൊമനിക്ക് ഇമ്മാനുവല്‍ . യേശുവിനെ വിമോചനപ്പോരാളിയായി സിപിഐ എം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. അന്ത്യ അത്താഴത്തെക്കുറിച്ചുള്ള പോസ്റ്ററിനെപ്പറ്റി വിവാദമുണ്ടായപ്പോള്‍ത്തന്നെ പോസ്റ്റര്‍ നീക്കം ചെയ്ത പാര്‍ട്ടിയുടെ നടപടി സ്വാഗതാര്‍ഹമാണ്. പോസ്റ്റര്‍ നീക്കം ചെയ്തതോടെ വിവാദം അവസാനിക്കേണ്ടതായിരുന്നു.

കമ്യൂണിസ്റ്റുകാര്‍ ഹൃദയത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രിസ്തു മതവും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പീഡിതരുടെയും മോചനത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ശൈലിയില്‍ മാത്രമാണ് പാര്‍ട്ടിയുമായി മതത്തിന് വ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒറീസയിലും മറ്റും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ സിപിഐഎം മാത്രമാണ് രക്ഷക്കെത്തിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അന്ത്യ അത്താഴ വിവാദം: കോണ്‍ഗ്രസിന്റേത് ആത്മ വഞ്ചന

കാസര്‍കോട്: താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനായി പ്രവാചകനേയും മതത്തേയും മത ചിഹ്നങ്ങളേയും ഉപയോഗിക്കുന്ന ലീഗ് ശൈലിയെ സംബന്ധിച്ച് കോണ്‍ഗ്രസും യുഡിഎഫും അഭിപ്രായം വ്യക്തമാക്കണമെന്ന് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിന്റെ പേരില്‍ സിപിഐ എമ്മിനെ കുരിശിലേറ്റുന്ന കോണ്‍ഗ്രസും യുഡിഎഫും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്.

കാസര്‍കോട്, മാറാട് കലാപങ്ങള്‍ അന്വേഷിക്കുന്ന ഉദ്യേഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത് മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ്. ജുമുഅ ഖുത്തുബ നിരീക്ഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് നല്‍കിയ നിര്‍ദേശവും ഇ- മെയില്‍ ചോര്‍ത്തലും ന്യൂനപക്ഷ കേന്ദ്രങ്ങളിലെ വിവാദ സര്‍വേയും തീവ്രവാദ പ്രചാരങ്ങള്‍ക്ക് ആക്കംകൂട്ടും. ഇത്തരം വിഷയങ്ങള്‍ പ്രചരിപ്പിച്ച് സ്പര്‍ധ വളര്‍ത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സാമ്രാജ്യത്വ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ എന്‍ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ എം എ ജലീല്‍ , കെ പി മുനീര്‍ , മുഹമ്മദ് സിദ്ധിഖ് എന്നിവര്‍ പങ്കെടുത്തു.

കാര്‍ട്ടൂണ്‍വിരുദ്ധ പ്രതിഷേധം കോണ്‍ഗ്രസ് പൊതുയോഗമായി

കല്‍പ്പറ്റ: ക്രൈസ്തവസഭയെ അപമാനിക്കുന്നതിനെതിരെയെന്ന പേരില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ എം വിരുദ്ധ പ്രചാരണമായി. സിപിഐ എമ്മിനെതിരെ പ്രസംഗിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തി കോണ്‍ഗ്രസ്സ് നേതാക്കളും എത്തി. ഒടുവില്‍ കടുത്ത സിപിഐ എം വിരുദ്ധ പ്രസംഗത്തിനുള്ള വേദിയുമായി ഇത്.

പ്രതിഷേധയോഗം യുഡിഎഫ് യോഗമാക്കിയതില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു. അന്ത്യഅത്താഴ ചിത്രത്തെ വികലമാക്കിയതായി ആരോപിച്ചാണ് ക്രസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ധര്‍ണ നടത്തിയത്. മാനന്തവാടി രൂപത ഹാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി തോമസ് ഏറനാട്ട്, രൂപത വികാരി ജനറല്‍ ഫാ. മാത്യു മാടപ്പള്ളിക്കുന്നേല്‍ , ഫാ. തോമസ് ജോസഫ് തേരകം തുടങ്ങിയവര്‍ക്കൊപ്പം കെപിസിസി ജനറല്‍ സെക്രട്ടറി കെ സി റോസക്കുട്ടി, എന്‍ ഡി അപ്പച്ചന്‍ എന്നിവരും സംസാരിച്ചു. ഇവരെല്ലാം മാര്‍ക്സിസ്റ്റ് വിരുദ്ധ സ്വരമാണ് ഉയര്‍ത്തിയതും. പിണറായി വിജയനും വി എസ് അച്യുതാനന്ദനും അഴിമതിക്കാരാണെന്നും ഇവരെ പാര്‍ടിയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യമുയര്‍ത്തി. മതവിശ്വാസ സ്വാതന്ത്ര്യത്തെ അവഹേളിക്കുകയും മതേതരത്വത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐ എം എന്നും വി എസ് ഭൂമാഫിയക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നുംവരെ പ്രസംഗിച്ചു.

ക്രൈസ്തവ വിശ്വാസികളുടെ പേരില്‍ നടത്തിയ പരിപാടി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സിപിഐ എം നേതാക്കളെ വെല്ലുവിളിക്കുന്നതിനുള്ള വേദിയാക്കിമാറ്റിയതില്‍ നിഷ്പക്ഷ നിലപാടെടുത്ത വിശ്വാസികള്‍ക്കിടയിലും പ്രതിഷേധമുണ്ട്.

deshabhimani news

1 comment:

  1. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ യേശുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ തെറ്റില്ലെന്ന് ഡല്‍ഹി അതിരൂപത വക്താവ് ഡൊമനിക്ക് ഇമ്മാനുവല്‍ .

    ReplyDelete