Thursday, February 9, 2012

പണിമുടക്കില്‍ ഇസ്രയേല്‍ സ്തംഭിച്ചു

ജറുസലേം: അഞ്ചുലക്ഷത്തോളം തൊഴിലാളികള്‍ അണിനിരന്ന പൊതുപണിമുടക്കില്‍ ഇസ്രയേല്‍ നിശ്ചലമായി. ട്രേഡ് യൂണിയനുകളുടെ സംയുക്തമുന്നണിയായ "ഹിസ്റ്റാദ്രുതി"ന്റെ ആഹ്വാനപ്രകാരമാണ് പൊതു-സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിയത്. കരാര്‍ തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ഏറെക്കാലമായുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ചൊവ്വാഴ്ച രാത്രി സര്‍ക്കാര്‍ -യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ആറുമുതല്‍ പണിമുടക്ക് ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും സ്കൂളുകളും വ്യാപാരകേന്ദ്രങ്ങളും തുറന്നില്ല. റോഡ്, റെയില്‍ , വ്യോമഗതാഗതവും തടസ്സപ്പെട്ടു. രാജ്യത്തെ വൈദ്യുതി കമ്പനിയും ടെല്‍ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ചും തുറമുഖങ്ങളും പണിമുടക്കില്‍ അണിചേര്‍ന്നു. വിമാനങ്ങള്‍ ആറ് മണിക്കൂറോളം വൈകി.

രാജ്യത്തെ കരാര്‍ തൊഴിലാളികളുടെ ദുരവസ്ഥ ഏറെക്കാലമായി ഇസ്രയേലില്‍ ചര്‍ച്ചാവിഷയമാണ്. ഇവര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും ജോലിസാഹചര്യവും ഉറപ്പാക്കാന്‍ ട്രേഡ്യൂണിയനുകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാമെന്ന് സ്വകാര്യമേഖല സമ്മതിച്ചു. എന്നാല്‍ , പൊതുമേഖലയില്‍ ഈ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സ്വകാര്യമേഖല അംഗീകരിച്ച തങ്ങളുടെ നിര്‍ദേശങ്ങള്‍ പൊതുമേഖലയില്‍ നടപ്പാക്കാമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സമ്മതിച്ചാലുടന്‍ പണിമുടക്ക് പിന്‍വലിക്കുമെന്ന് ഹിസ്റ്റാദ്രുത് നേതാവ് ഒഫര്‍ എയ്നി പ്രസ്താവനയില്‍ പറഞ്ഞു. നോട്ടീസുപോലും നല്‍കാതെ കരാര്‍ തൊഴിലാളികളെ പുറത്താക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദശകങ്ങളായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ മാന്ത്രികവടിയൊന്നുമില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.

deshabhimani 090212

No comments:

Post a Comment