Monday, February 6, 2012

"പണമുള്ളവര്‍ക്കുമാത്രം വൈദ്യുതി"

2000 അപേക്ഷകര്‍ പെരുവഴിയില്‍ സമ്പൂര്‍ണ വൈദ്യുതീകരണവും നിലച്ചു

കല്‍പ്പറ്റ: പണമുള്ളവര്‍ക്കു മാത്രം വൈദ്യുതി കണക്ഷന്‍ എന്ന സര്‍ക്കാര്‍ നിലപാട് ജില്ലയിലെ രണ്ടായിരത്തിലേറെ വരുന്ന പാവപ്പെട്ട അപേക്ഷകരുടെ വൈദ്യുതിയെന്ന സ്വപ്നത്തിന് തിരിച്ചടിയാകുന്നു. പുതിയ സര്‍ക്കാര്‍ വന്നതോടെ നിയമസഭാ മണ്ഡലങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണപ്രവൃത്തിയും നിലച്ചു. ഇലക്ട്രിക് പോസ്റ്റുകളുടെ തുക അടക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ പുതിയ കണക്ഷനുകള്‍ നല്‍കേണ്ടതുള്ളു എന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 28നാണ് ഇത് പുറത്തിറങ്ങിയത്. അപേക്ഷ കൊടുത്ത് കണക്ഷന്‍ നല്‍കാനുള്ള നടപടി തുടങ്ങിയ വയനാട്ടിലെ രണ്ടായിരത്തിലേറെ ഉപഭോക്താക്കളാണ് ഇതോടെ പെരുവഴിയിലാകുന്നത്.

2011 മാര്‍ച്ച് 31 വരെ അപേക്ഷ കൊടുത്ത മുഴുവന്‍ പേര്‍ക്കും കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പ്രവര്‍ത്തനവും തുടങ്ങി. മാനന്തവാടി, കല്‍പ്പറ്റ ഡിവിഷനുകളിലായി രണ്ടായിരത്തിലേറെ അപേക്ഷകരാണ് ഉണ്ടായിരുന്നത്. പലയിടത്തും ലൈന്‍ വലിക്കുകയും തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പുതിയ ഉത്തരവ് ഈ പ്രവൃത്തിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. സിഡി അടച്ച് കാത്തിരിക്കുന്ന ഇവര്‍ കെഎസ്ഇബി ഓഫീസുകള്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും കണക്ഷന്‍ കിട്ടുന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. വൈദ്യുതി രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കിയതിനാല്‍ എല്ലാ വീടുകള്‍ക്കും വൈദ്യുതി എന്ന ലക്ഷ്യത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന് നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി സമ്പൂര്‍ണ വൈദ്യുതീകരണ പ്രവൃത്തിയും തുടങ്ങി. 80 മണ്ഡലങ്ങള്‍ ലക്ഷ്യം കൈവരിച്ചു. ഇത്തരം മണ്ഡലങ്ങളില്‍ പുതിയ അപേക്ഷ ലഭിച്ചാല്‍ സിഡി അടച്ച് അടുത്തദിവസം തന്നെ കണക്ഷന്‍ നല്‍കാനുള്ള തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.

വയനാട്ടില്‍ സമ്പൂര്‍ണ വൈദ്യുതീകരണപ്രവൃത്തികളുടെ മുന്നോടിയായി ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ യോഗം ചേരുകയും സര്‍വേ ഉള്‍പ്പെടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയുംചെയ്തിരുന്നു. മാത്രമല്ല, എസ്റ്റിമേറ്റ് തയ്യാറാക്കി കെഎസ്ഇബിക്കും സമര്‍പ്പിച്ചു. ബത്തേരി മണ്ഡലത്തിലാണ് ഈ പ്രവൃത്തിയില്‍ വന്‍മുന്നേറ്റം ഉണ്ടായിരുന്നത്. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നതോടെ പദ്ധതി നിര്‍ത്തലാക്കി. എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തതുമില്ല. ഇതിനു പുറമേയാണ് മിനിമം ഗ്യാരണ്ടി നിര്‍ത്തലാക്കിയതിന്റെ പ്രശ്നങ്ങള്‍ . ഇതില്‍ അപേക്ഷിച്ചവര്‍ പുതിയ അപേക്ഷ നല്‍കേണ്ട സ്ഥിതിയിലാണ്. സമ്പൂര്‍ണ വൈദ്യുതീകരണമെന്ന വയനാടിന്റെ സ്വപ്നം ഇനി വിദൂരഭാവി മാത്രമായി.

deshabhimani 060212

1 comment:

  1. കല്‍പ്പറ്റ: പണമുള്ളവര്‍ക്കു മാത്രം വൈദ്യുതി കണക്ഷന്‍ എന്ന സര്‍ക്കാര്‍ നിലപാട് ജില്ലയിലെ രണ്ടായിരത്തിലേറെ വരുന്ന പാവപ്പെട്ട അപേക്ഷകരുടെ വൈദ്യുതിയെന്ന സ്വപ്നത്തിന് തിരിച്ചടിയാകുന്നു. പുതിയ സര്‍ക്കാര്‍ വന്നതോടെ നിയമസഭാ മണ്ഡലങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണപ്രവൃത്തിയും നിലച്ചു. ഇലക്ട്രിക് പോസ്റ്റുകളുടെ തുക അടക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ പുതിയ കണക്ഷനുകള്‍ നല്‍കേണ്ടതുള്ളു എന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 28നാണ് ഇത് പുറത്തിറങ്ങിയത്. അപേക്ഷ കൊടുത്ത് കണക്ഷന്‍ നല്‍കാനുള്ള നടപടി തുടങ്ങിയ വയനാട്ടിലെ രണ്ടായിരത്തിലേറെ ഉപഭോക്താക്കളാണ് ഇതോടെ പെരുവഴിയിലാകുന്നത്.

    ReplyDelete