ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിഖ്യാത ഗ്രന്ഥമായ "തത്ത്വമസി"യുടെ ആംഗലേയ പരിഭാഷ വിവാദത്തില്‍ . സുകുമാര്‍ അഴീക്കോട് അംഗീകരിച്ച പരിഭാഷ തന്റേതാണെന്ന അവകാശവാദവുമായി കേരള പ്രസ് അക്കാദമിയിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം അധ്യാപകനും എറണാകുളം സ്വദേശിയുമായ ഡോ. മൈക്കിള്‍ പുത്തന്തറയാണ് രംഗത്തെത്തിയത്. മുട്ടമ്പലം കാഞ്ഞിരക്കോട്ട് രവീന്ദ്രന്‍നായരുടെ മകന്‍ കെ ആര്‍ മോഹന്‍ദാസ് തന്റെ അച്ഛന്‍ നിര്‍വഹിച്ച തത്ത്വമസിയുടെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കാന്‍ പോകുന്നതായി അഴീക്കോടിന്റെ വിയോഗത്തിനുശേഷം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേ ത്തുടര്‍ന്നാണ് അഴീക്കോട് അംഗീകരിച്ച പരിഭാഷ തന്റേതാണെന്നു ചൂണ്ടിക്കാണിച്ച് മൈക്കിള്‍ പുത്തന്തറ മുന്നോട്ടുവന്നത്. രവീന്ദ്രന്‍നായര്‍ 2008ലാണ് പരിഭാഷ പൂര്‍ത്തിയാക്കിയത്. 2008 ആഗസ്തില്‍ അദ്ദേഹം മരിച്ചു.
"രവീന്ദ്രന്‍നായരുടെ പരിഭാഷ അഴീക്കോട് പരിശോധിച്ച് തിരസ്കരിച്ചതാണ്. തുടര്‍ന്നാണ് ഞാന്‍ തത്ത്വമസി പരിഭാഷപ്പെടുത്താന്‍ തുടങ്ങിയത്"- ഡോ. മൈക്കിള്‍ പുത്തന്തറ പറഞ്ഞു. വാദഗതികള്‍ക്കു തെളിവായി മൈക്കിള്‍ നിരത്തുന്നത് തന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഡോ. സുകുമാര്‍ അഴീക്കോട് എഴുതിയ ആമുഖമാണ്. "ഈ പരിഭാഷയിലൂടെ മൈക്കിള്‍ എന്റെ ചിരകാലാഭിലാഷമാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. "തത്ത്വമസി" ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്യാന്‍ നടന്ന നാലു ശ്രമങ്ങള്‍ പല കാരണത്താല്‍ പരാജയപ്പെട്ടിരുന്നു"- ആമുഖത്തില്‍ അഴീക്കോട് പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ആത്മകഥയിലും ഡോ. മൈക്കിളിന്റെ പരിഭാഷയാണ് തനിക്ക് തൃപ്തി നല്‍കിയതെന്ന് അഴീക്കോട് ചൂണ്ടിക്കാണിച്ചിരുന്നതായി മൈക്കിള്‍ പുത്തന്തറ പറഞ്ഞു.
തത്ത്വമസിക്ക് നല്ല ആംഗലേയ പരിഭാഷകള്‍ ഉണ്ടാവാത്തതില്‍ വിഷമിച്ച അഴീക്കോടിനോട് അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ ഇമ്മാനുവല്‍ സത്യാനന്ദാണ് ഡോ. പുത്തന്തറയുടെ പേര് നിര്‍ദേശിച്ചത്. ഇമ്മാനുവലിന്റെ "ഏകം സത്" പുസ്തകത്തിന്റെ ഇംഗ്ലീഷ്പരിഭാഷ നിര്‍വഹിച്ചത് പുത്തന്തറയാണ്. തുടര്‍ന്ന് 2009 ഡിസംബറില്‍ രണ്ട് അധ്യായങ്ങള്‍ പരിഭാഷ നടത്തി പുത്തന്തറ തപാലില്‍ അഴീക്കോട് മാഷിന് അയച്ചുകൊടുത്തു. "ഇതാണ് എനിക്കു വേണ്ടത്. താങ്കള്‍ ധൈര്യത്തോടെ മുന്നോട്ടുപോവുക" എന്നായിരുന്നു മാഷിന്റെ പ്രതികരണം. പിന്നീട് ആറ് അധ്യായം പൂര്‍ത്തിയായപ്പോള്‍ അഴീക്കോടിന്റെ വീട്ടിലെത്തി വായിച്ചുകൊടുത്തു. ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കിയ പരിഭാഷയുടെ ഡിടിപി കോപ്പി കോട്ടയത്തുവച്ച് അഴീക്കോടിനു കൈമാറി. കോപ്പിറൈറ്റ് സുകുമാര്‍ അഴീക്കോട് ട്രസ്റ്റിനു കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പരിഭാഷ സിഡിയിലാക്കി ട്രസ്റ്റിനു കൈമാറി. പരിഭാഷ പ്രസിദ്ധീകരിക്കാന്‍ അമേരിക്കയിലുള്ള റോയ് ചെറിയാന്‍ എന്നയാള്‍ക്കു കൈമാറിയതായി ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞതായും പുത്തന്തറ വ്യക്തമാക്കി.
ഡോ. മൈക്കിള്‍ പുത്തന്തറയുടെ "തത്ത്വമസി" പരിഭാഷയെക്കുറിച്ച് 2011 ജൂണില്‍ "ദേശാഭിമാനി" വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അഴീക്കോട് ജീവിച്ചിരിക്കുമ്പോള്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറാകാത്തര്‍ മരണശേഷം അതിനുവേണ്ടി തുനിയുന്നതു ശരിയല്ലെന്നും ഡോ. പുത്തന്തറ കൂട്ടിച്ചേര്‍ത്തു.
(എം അഖില്‍)
deshabhimani 060212
ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിഖ്യാത ഗ്രന്ഥമായ "തത്ത്വമസി"യുടെ ആംഗലേയ പരിഭാഷ വിവാദത്തില്‍ .
ReplyDelete