Thursday, February 9, 2012

മാറാട് കലാപം: പ്രദീപ്കുമാറിനെ നിലനിര്‍ത്താനാകില്ലെന്ന് ഡിജിപി

മാറാട് കലാപത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം തലവനായിരുന്ന സി എം പ്രദീപ്കുമാറിനെ കേസിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി നിലനിര്‍ത്താനാകില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായും സാങ്കേതികപരമായും ഇത് സാധ്യമല്ലെന്നാണ് ഡിജിപിയുടെ വാദം. സംഘം തലവനായി കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി പി എ വത്സനെ നിയോഗിക്കും. പ്രത്യേക അന്വേഷകസംഘം പുനഃസംഘടിപ്പിക്കുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം തുടരുമെന്നും ഡിജിപി സമര്‍പ്പിച്ച പത്രികയില്‍ വ്യക്തമാക്കി.

നിലവില്‍ മനുഷ്യാവകാശ കമീഷന്‍ എസ്പിയാണ് പ്രദീപ്കുമാര്‍ . മനുഷ്യാവകാശ കമീഷനു കീഴിലുള്ള എസ്പിക്ക് ക്രൈംബ്രാഞ്ച് കേസിന്റെ ചുമതല നല്‍കാനാവില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘത്തലവനായി കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി വത്സനെ നിയമിക്കുന്നതെന്നും പ്രദീപ്കുമാറിനെക്കാള്‍ സീനിയോറിറ്റിയുള്ള വത്സനെ അന്വേഷണസംഘത്തലവനായി മുമ്പ് നിയമിക്കാതിരുന്നത് അദ്ദേഹം തൃശൂര്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായിരുന്നതിനാലാണെന്നും ഡിജിപി വിശദീകരിച്ചു. ഗൂഢാലോചനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി 170 സാക്ഷികളെ ഇതുവരെ ചോദ്യംചെയ്തു. ഉദ്യോഗസ്ഥമാറ്റം ചോദ്യംചെയ്ത് കോളക്കാടന്‍ മൂസ ഹാജി, ആര്‍ ഗോഗുല്‍ പ്രസാദ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജികളിലാണ് ഡിജിപിയുടെ വിശദീകരണം. അതേസമയം, പ്രദീപ്കുമാറിനെ തല്‍സ്ഥാനത്ത് നിലനിര്‍ത്തുകയോ അല്ലാത്തപക്ഷം കേസന്വേഷണം സിബിഐക്കു വിടുകയോ വേണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നും റിപ്പോര്‍ട്ട് കോടതി വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ഗോഗുല്‍ പ്രസാദിന്റെ അഭിഭാഷകന്‍ സന്ദീപ് അങ്കാരത്ത് ആവശ്യപ്പെട്ടു. ഹര്‍ജികള്‍ 22ന് പരിഗണിക്കാനായി മാറ്റി.

നടപടി വേണമെന്ന ഡിഐജി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ച് ഉത്തരമേഖലാ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി. ജില്ലയില്‍ തീവ്രവാദ ശക്തികളുടെ പ്രവര്‍ത്തനം വ്യാപകമാണെന്നും പല അക്രമങ്ങള്‍ക്ക് പിന്നിലും വര്‍ഗീയ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്നുമുള്ള റിപ്പോര്‍ട്ടാണ് മൂന്നുമാസം മുമ്പ് ഡിഐജി എസ് ശ്രീജിത്ത് ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയത്. തീരമേഖലയില്‍ പ്രത്യേക പൊലീസ് സേനയെ വിന്യസിക്കുന്നതുള്‍പ്പെടെയുള്ള ക്രിയാത്മക നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഇത് അവഗണിച്ചതിനുപിന്നില്‍ മുസ്ലിംലീഗിന്റെ ഇടപെടലാണെന്നാണ് സൂചന.

2011 ഒക്ടോബര്‍ 26നാണ് റിപ്പോര്‍ട്ട് ഡിഐജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. മാസങ്ങള്‍ക്കുമുമ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഉണ്ടായ ലീഗ് അക്രമത്തെ തുടര്‍ന്നാണ് ജില്ലയിലെ സംഘര്‍ഷങ്ങളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പത്തു വര്‍ഷത്തിനിടെ 253 സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായെന്നും ഇതില്‍ 11,000 പേര്‍ പ്രതികളാണെന്നും കണ്ടെത്തി. ഒരാള്‍ ഒന്നിലധികം കേസില്‍ പ്രതിയാണെന്നത് പരിഗണിച്ചാലും എണ്ണായിരത്തോളം ആളുകള്‍ വര്‍ഗീയ സംഘര്‍ഷക്കേസുകളില്‍ പ്രതികളായി ജില്ലയിലുണ്ട്. ഇതില്‍ ഒരാളെപോലും ശിക്ഷിച്ചിട്ടില്ലെന്നും ഇവര്‍ ഇപ്പോഴും സൈ്വരമായി വിഹാരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

വര്‍ഗീയസംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച 800 പേരടങ്ങുന്ന സേനയെ ജില്ലയുടെ 90 കിലോമീറ്റര്‍ നീളമുള്ള തീരമേഖലയില്‍ വിന്യസിക്കണം. ജനമൈത്രി പൊലീസ് മാതൃകയില്‍ പൊതുജനങ്ങളുമായി ബന്ധം സ്ഥാപിക്കണം. ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിലൂടെ അക്രമികളെക്കുറിച്ച് മുന്‍കൂട്ടി അറിയാനും അക്രമം തടയാനും കഴിയുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. മുസ്ലിംലീഗും ബിജെപിയുമാണ് സംഘര്‍ഷത്തിന് കൂട്ടുനില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് തുണയാകുന്നത് അവരുടെ രാഷ്ട്രീയ സ്വാധീനമാണെന്നും പറയുന്നുണ്ട്. തീവ്രവാദ ശക്തികള്‍ ജില്ലയില്‍ വേരുറപ്പിക്കുന്നതിന് നിരവധി തെളിവുകള്‍ വന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല.

deshabhimani 090212

No comments:

Post a Comment