കുമളി: വണ്ടിപ്പെരിയാറില്‍ അയ്യപ്പദാസ് സ്മാരക മന്ദിരം നിര്‍മാണത്തിനായി സിപിഐ എം സര്‍ക്കാര്‍ഭൂമി കൈയ്യേറിയെന്ന ബുധനാഴ്ചത്തെ മംഗളം വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സിപിഐ എം പീരുമേട് ഏരിയ കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു.
പെരിയാര്‍ വില്ലേജില്‍ പെരിയാര്‍ നദീതീരത്തുള്ള എട്ട് സെന്റ് വസ്തുവും വിരിവും 2004 സെപ്തംബറിലാണ് പെരിയാര്‍ സ്വദേശി മൂക്കഞ്ചേരി സക്കീര്‍മോനില്‍ നിന്ന് പിടിടി യൂണിയന്‍ വാങ്ങിയത്. ഭൂമിക്ക് നിലവില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി പി എ രാജുവിന്റെ പേരില്‍ കരമടയ്ക്കുന്നുണ്ട്. ഈ വസ്തുവില്‍ ആരംഭിച്ച നിര്‍മാണമാണ് റവന്യൂ അധികാരികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് തടയാന്‍ ശ്രമിക്കുന്നത്. ജോലി ആരംഭിച്ച ദിവസം കലക്ടറുടെ നിര്‍ദേശപ്രകാരമെത്തിയ വില്ലേജ് ഓഫീസര്‍ ജോലി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. അനധികൃത നിര്‍മാണമാണെന്നും നിര്‍ത്തിവയ്ക്കണമെന്നും കാണിച്ച് കാണിച്ച് അടുത്ത ദിവസം നിരോധന ഉത്തരവ് നല്‍കി. പീരുമേട് അഡീ. തഹസില്‍ദാറുടെ നേതൃത്വത്തിലെത്തിയ സംഘം സ്ഥലം അളക്കണമെന്നാവശ്യപ്പെട്ടു.
ഭൂമി അളക്കുന്നതിന് പാര്‍ടി എതിരല്ല. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിര്‍മാണം തടസപ്പെടുത്താനുള്ള നീക്കത്തെയാണ് എതിര്‍ത്തത്. സ്റ്റോപ്പ് മെമ്മോ റദ്ദാക്കി നോട്ടീസ് നല്‍കിയാല്‍ ഭൂമി അളക്കാന്‍ സഹകരിക്കാമെന്ന നിലപാടാണ് പാര്‍ടി ആദ്യം മുതലേ സ്വീകരിച്ചത്. പി ടി തോമസ് എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി കലക്ടര്‍ താത്പര്യമെടുത്ത് നിര്‍മാണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത്.
മുല്ലപ്പെരിയാര്‍ സമരത്തെ വഞ്ചിച്ച കോണ്‍ഗ്രസിനെതിരെ ശക്തമായ ബഹുജന വികാരമാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് സമരം ഉപേക്ഷിച്ച ശേഷവും സിപിഐ എം പിന്തുണ നല്‍കുന്നു. പ്രകോപനപരമായ സാഹചര്യം സൃഷ്ടിച്ച് ശ്രദ്ധ തിരിച്ചുവിട്ട് സമരത്തെ തകര്‍ത്ത് രാഷ്ട്രീയമായി തങ്ങള്‍ക്കുണ്ടായ ക്ഷീണം തീര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതിന് എല്ലാ സഹായവും ചെയ്യുകയാണ് കലക്ടര്‍ . ഭരണകക്ഷി നേതാക്കളുടെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന കലക്ടറുടെ നടപടിയെ രാഷ്ട്രീയവും, നിയമപരവുമായി നേരിടാനാണ് സിപിഐ എം തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഭൂമി കൈയ്യേറി പാര്‍ടി ഓഫീസ് നിര്‍മിക്കുന്നത് സിപിഐ എമ്മിന്റെ ശൈലിയല്ല. പൊലീസിനും പട്ടാളത്തിനും മുമ്പില്‍ ഭയന്നോടുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന യാഥാര്‍ത്ഥ്യം പാര്‍ടിക്കെതിരെ വാര്‍ത്ത സൃഷ്ടിച്ച് കോണ്‍ഗ്രസ് യജമാനന്മാരെ പ്രീതിപ്പെടുത്തുന്നവര്‍ ഓര്‍ക്കണം. പെരിയാര്‍ തീരങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ കൈയ്യേറ്റക്കാരാണെന്ന് മുദ്രകുത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടു തന്നെയാണോ മംഗളം പത്രത്തിന്റേതുമെന്ന് വ്യക്തമാക്കണമെന്നും ഏരിയ സെക്രട്ടറി പി എ രാജു പറഞ്ഞു.
deshabhimani 090212
No comments:
Post a Comment