Sunday, February 5, 2012

ആറന്മുള വിമാനത്താവളവും കൊച്ചി ആകാശനഗരവും പരിസ്ഥിതിവിരുദ്ധ പദ്ധതികളെന്ന് സുഗതകുമാരി

കൊച്ചി: ആറന്മുളയിലെ വിമാനത്താവളവും കൊച്ചിയിലെ ആകാശനഗരവും നടപ്പിലാക്കുന്നതിനെതിരെ പരിസ്ഥിതിപ്രേമികളുടെ മുന്‍നിരയില്‍നിന്ന് പോരാടുമെന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി പറഞ്ഞു.

തന്റെ കാടിന് കാവല്‍ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് ടീച്ചര്‍ രണ്ട് പദ്ധതികള്‍ക്കുമെതിരെ തുറന്നടിച്ചത്. 600 കിലോമീറ്റര്‍ നീളത്തിലുള്ള കേരളത്തില്‍ ഇത്രയധികം വിമാനത്താവളങ്ങളുടെ ആവശ്യമെന്താണെന്ന് അധികാരികള്‍ വ്യക്തമാക്കണം. തിരുവനന്തപുരത്തുനിന്നും നെടുമ്പാശ്ശേരിക്കുള്ള ദൂരം 200 കി.മീറ്ററിനടുത്താണ്. ആറന്മുളയിലെ നെല്‍വയലുകള്‍ നികത്തിയുള്ള വിമാനത്താവളത്തെ എന്തുവിലകൊടുത്തും എതിര്‍ക്കാന്‍ പ്രകൃതിസ്‌നേഹികള്‍ മുന്നോട്ടുവരണം

കൊച്ചിയിലെ ആകാശനഗരം എന്ന ആശയം ശുദ്ധഭ്രാന്താണ്. കായലിന്റെ മുകളില്‍ അഹങ്കാരികളുടെ നഗരം പണിയാന്‍ കൊച്ചിയെ സ്‌നേഹിക്കുന്നവര്‍ അനുവദിക്കരുത്. ധനമദത്തിന്റേതായ  പദ്ധതിയാണ് ആകാശനഗരം. ഈ പദ്ധതിക്കെതിരായി സമരരംഗത്തിറങ്ങുന്നവര്‍ക്കൊപ്പം മുന്‍പന്തിയില്‍ താനുണ്ടാവുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സാക്ഷിനിര്‍ത്തി സുഗതകുമാരി പറഞ്ഞു. സൈലന്റ്‌വാലി വനങ്ങളുടെ വിളികേട്ട് പ്രകൃതിസംരക്ഷണ പോരാട്ടങ്ങള്‍ക്കായി ഇറങ്ങിയതിനുശേഷം ക്ലേശംനിറഞ്ഞ ജീവിതം മാത്രമാണുണ്ടായിട്ടുള്ളത്. എന്നാല്‍ വികസനമെന്നാല്‍ വന്‍കെട്ടിടങ്ങളും അമേരിക്കയുടെ ധൂര്‍ത്തും ഗള്‍ഫിന്റെ ആര്‍ഭാടവുമാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ അവസാനശ്വാസംവരെ ഈ പോരാട്ടരംഗത്ത് നിലനില്‍ക്കേണ്ടിവരുമെന്നും സുഗതകുമാരി ടീച്ചര്‍ പറഞ്ഞു.

ആകാശനഗര പദ്ധതി കൊച്ചിയുടെ അടിയന്തര ആവശ്യങ്ങളില്‍ പെടുന്നില്ല: ബിനോയ് വിശ്വം

കൊച്ചി: കൊച്ചി കായലിനെ കീറിമുറിച്ചുകൊണ്ടുള്ള ആകാശപദ്ധതി കൊച്ചിയുടെ അടിയന്തരാവശ്യങ്ങളില്‍പ്പെടുന്നില്ലെന്ന് മുന്‍ വനംമന്ത്രി ബിനോയ്‌വിശ്വം പറഞ്ഞു. കായലും കരയും ലാഭത്തിന്‌വേണ്ടിയുള്ള ഉപാധിയാക്കി മാറ്റരുത്.

കേരളത്തിലെ ഓരോ നഗരത്തിനും അതിന്റേതായ പൈതൃകസോണ്‍ കണ്ടെത്തി സംരക്ഷിക്കാനുള്ള നടപടി വേണം. ഇത്തരം േമഖലകളില്‍ നിര്‍മാണനിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സുഗതകുമാരി ടീച്ചറിന്റെ 'കാടിന്റെ കാവല്‍' എന്ന പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുംനാളുകളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തങ്ങളുടെ പരിസ്ഥിതി സംബന്ധിച്ച രാഷ്ട്രീയം വ്യക്തമാക്കേണ്ടിവരും. വാക്കുകളിലും എഴുത്തുകളിലും പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യംനല്‍കുന്ന പലരും കാര്യത്തോടടുക്കുമ്പോള്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. പ്രകൃതിസംരക്ഷണത്തിന്റെ കാര്യത്തില്‍  കൈകോര്‍ത്ത് ആശയവ്യതിയാനങ്ങള്‍ മറന്ന് മുന്നോട്ടുപോകാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കഴിയണം.

മൂന്നാറില്‍ നിര്‍മാണ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം  അതിക്രമിച്ചുകഴിഞ്ഞു. മൂന്നാര്‍ സംബന്ധിച്ച് മാസ്റ്റര്‍പ്ലാന്‍ നടപ്പില്‍വരുത്തണം. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുഗതകുമാരി ടീച്ചറടക്കമുള്ളവര്‍ സൈലന്റ്‌വാലി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങുകയും സൈലന്റ്‌വാലി കാടുകളുടെ സംരക്ഷണത്തിനായി ബഫര്‍സോണ്‍ വേണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. 37 വര്‍ഷങ്ങള്‍ക്കുശേഷം ഈ ആവശ്യം നടപ്പിലാക്കാന്‍ വനംമന്ത്രിയെന്ന നിലയില്‍ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

1997 മുതല്‍ 2011വരെയുള്ള പരിസ്ഥിതിസംബന്ധമായ സമരങ്ങളുടെ ചരിത്രവും അതുമായി ബന്ധപ്പെട്ടവരുടെ പേരുവിവരങ്ങളും   രേഖപ്പെടുത്തുകയാണ് കാടിനു കാവലെന്ന പുസ്തകത്തിലൂടെ സുഗതകുമാരി ചെയ്തിട്ടുള്ളതെന്ന് പ്രഫ. എം കെ പ്രസാദ് പറഞ്ഞു.

janayugom 050212

1 comment:

  1. ആറന്മുളയിലെ വിമാനത്താവളവും കൊച്ചിയിലെ ആകാശനഗരവും നടപ്പിലാക്കുന്നതിനെതിരെ പരിസ്ഥിതിപ്രേമികളുടെ മുന്‍നിരയില്‍നിന്ന് പോരാടുമെന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി പറഞ്ഞു.

    ReplyDelete