Sunday, February 5, 2012

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, യേശുവിനെ അപമാനിക്കുന്ന പാര്‍ട്ടിയല്ല സിപിഐ എം: പിണറായി

സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . സമ്മേളന കാലയളവില്‍ പാര്‍ട്ടിയുടെ കരുത്തും ജനപിന്തുണയും നല്ലരീതിയില്‍ വര്‍ദ്ധിച്ചു. വര്‍ഗബഹുജന സംഘടനകളുടെ സ്വാധീനവും വര്‍ദ്ധിച്ചു. വര്‍ഗബഹുജന സംഘടനകളുടെ പ്രവര്‍ത്തനം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞതായും പിണറായി പറഞ്ഞു. പാര്‍ട്ടി ബ്രാഞ്ചുകളിലും മെമ്പര്‍ഷിപ്പിലും സമ്മേളന കാലയളവില്‍ മുന്നേറ്റമുണ്ടായി. സംസ്ഥാനസമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പാര്‍ട്ടിയിലെ കെട്ടുറപ്പപും സംഘടനാശേഷിയും ബഹുജനപിന്തുണയും വര്‍ദ്ധിച്ചു. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കുന്നതില്‍ നല്ല വിജയം നേടിയതായും പിണറായി പറഞ്ഞു. തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നവര്‍ പാര്‍ട്ടിയോട് കൂടുതല്‍ അടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

അധികാരത്തിലിരിക്കുന്ന യുഡിഎഫ് സര്‍ക്കാറിനെ മറിച്ചിടാന്‍ കുല്‍സിത മാര്‍ഗങ്ങളിലൂടെ പാര്‍ട്ടി ഒന്നും ചെയ്യില്ല. എന്നാല്‍ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ഈ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ചിലപ്പോള്‍ സര്‍ക്കാര്‍ നിലം പതിച്ചേക്കാം. അധികാരത്തിലേറിയതുമുതല്‍ ജനവിരുദ്ധ നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ നിലം പതിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യേശുവിനെ അപമാനിക്കുന്ന പാര്‍ട്ടിയല്ല സിപിഐ എം: പിണറായി

യേശുക്രിസ്തുവിനെ അപമാനിക്കുന്ന പാര്‍ട്ടിയല്ല സിപിഐ എം എന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . അന്ത്യ അത്താഴത്തെക്കുറിച്ച് ഉയര്‍ന്ന വിവാദമായ പോസ്റ്റര്‍ സ്ഥാപിച്ചത് പാര്‍ട്ടിയല്ല. ഇത്തരത്തിലൊരു പോസ്റ്റര്‍ വന്നതറിഞ്ഞ് പ്രാദേശിക നേതൃത്വം ഇടപെട്ട് പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം. പ്രശ്നം സംബന്ധിച്ച് പൂജപ്പുര പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അന്ത്യ അത്താഴത്തെക്കുറിച്ച് നേരത്തെ കാര്‍ട്ടൂര്‍ വരച്ച പത്രമാണ് മലയാള മനോരമയെന്നും പിണറായി പറഞ്ഞു. അന്ന് വി പി സിങ്ങിനെയാണ് കേന്ദ്രസ്ഥാനത്ത് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന ഒരു നടപടിയും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani

2 comments:

  1. യേശുക്രിസ്തുവിനെ അപമാനിക്കുന്ന പാര്‍ട്ടിയല്ല സിപിഐ എം എന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . അന്ത്യ അത്താഴത്തെക്കുറിച്ച് ഉയര്‍ന്ന വിവാദമായ പോസ്റ്റര്‍ സ്ഥാപിച്ചത് പാര്‍ട്ടിയല്ല. ഇത്തരത്തിലൊരു പോസ്റ്റര്‍ വന്നതറിഞ്ഞ് പ്രാദേശിക നേതൃത്വം ഇടപെട്ട് പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം. പ്രശ്നം സംബന്ധിച്ച് പൂജപ്പുര പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അന്ത്യ അത്താഴത്തെക്കുറിച്ച് നേരത്തെ കാര്‍ട്ടൂര്‍ വരച്ച പത്രമാണ് മലയാള മനോരമയെന്നും പിണറായി പറഞ്ഞു.

    ReplyDelete
  2. യേശുക്രിസ്തു വ്യവസ്ഥകളെ വെല്ലുവിളിച്ച വിമോചന നായകനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . യേശുവിന്റെ ജീവിതം എല്ലാവര്‍ക്കും വഴികാട്ടിയാണ്. രാമായണവും മഹാഭാരതവും പൊതുസ്വത്താണ്. യേശുമാത്രമല്ല ശ്രീബുദ്ധനും മുഹമ്മദ് നബിയും വിമോചന നായകരില്‍പെടുമെന്നും വി എസ് വ്യക്തമാക്കി. മതങ്ങളെയല്ല മതതീവ്രവാദത്തെയാണ് സിപിഐ എം എതിര്‍ക്കുന്നത്. യേശുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് പാര്‍ട്ടിയെ അഭിനന്ദിക്കുന്നതിന് പകരം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അധിക്ഷേപിക്കുകയാണെന്നും വി എസ് പറഞ്ഞു.

    ReplyDelete