Sunday, February 5, 2012

യു പി തിരഞ്ഞെടുപ്പില്‍ പണം നല്‍കി വാര്‍ത്ത: നടപടിവേണമെന്ന് സി പി ഐ

ലക്‌നൗ: രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പ്രസംഗങ്ങുടെ തത്സമയ സംപ്രേഷണം ഒരു തരത്തില്‍ വാര്‍ത്ത വിലയ്‌ക്കെടുക്കലാണെന്നും അതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.

തിരഞ്ഞെടുപ്പു കമ്മിഷന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കോണ്‍ഗ്രസ്, ബി ജെ പി, ബി എസ് പി, എസ് പി എന്നീ പാര്‍ട്ടി നേതാക്കളുടെ പ്രസംഗങ്ങളാണ് വാര്‍ത്തയെന്ന പേരില്‍ ദീര്‍ഘസമയം തുടര്‍ച്ചയായി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തുവരുന്നതെന്ന് പാര്‍ട്ടി ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഡോ ഗിരീഷ് ചന്ദ്രശര്‍മ്മ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉമേഷ് സിഹ്‌നക്കയച്ച കത്തില്‍ പറയുന്നു. നേതാക്കളുടെ പ്രസംഗം ഇത്തരത്തില്‍ ദീര്‍ഘസമയം ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്യുന്നത് വാര്‍ത്ത വിലയ്‌ക്കെടുക്കലാണെന്ന് കത്ത് പറയുന്നു. ചില ചാനലുകള്‍ ഇത്തരത്തില്‍ പത്തും പതിനഞ്ചും മിനിറ്റ് ദൈര്‍ഘ്യമുള്ള സംപ്രേഷണങ്ങളാണ് നടത്തുന്നതെന്ന് ഡോ ഗിരീഷ് പറഞ്ഞു.

കോണ്‍ഗ്രസിനുവേണ്ടി അമേതിയില്‍ പ്രചരണം നടത്തിയ പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം ഒരു ചാനല്‍ സുദീര്‍ഘമായി ആവര്‍ത്തിച്ചിരുന്നത് ഉദാഹരണമായി ഡോ ഗിരീഷ് ചൂണ്ടിക്കാട്ടി. അവര്‍ കോണ്‍ഗ്രസ് പ്രചാരകയെന്നതിനപ്പുറം യാതൊരു ഔദ്യോഗിക പദവിയും വഹിക്കുന്നില്ലെന്നതും കത്ത് അടിവരയിടുന്നു. മുഖ്യമന്ത്രി, ബി എസ് പി നേതാവ് മായാവതിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും സമാനമായ പ്രാധാന്യമാണ് ചില ചാനലുകള്‍ നല്‍കിവരുന്നത്. ഇത് സംബന്ധിച്ച ജനുവരി 24 ന് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ലെന്നതും കത്തില്‍ എടുത്തു പറയുന്നു.

deshabhimani 050212

1 comment:

  1. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പ്രസംഗങ്ങുടെ തത്സമയ സംപ്രേഷണം ഒരു തരത്തില്‍ വാര്‍ത്ത വിലയ്‌ക്കെടുക്കലാണെന്നും അതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.

    ReplyDelete