Wednesday, February 15, 2012

മസ്തിഷ്‌ക്കമരണം സംഭവിക്കുന്നവരുടെ അവയവം മാറ്റിവയ്ക്കുന്നതിന് ഉത്തരവായി

സംസ്ഥാനത്ത് മസ്തിഷ്‌ക്കമരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനുള്ള (കഡാവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍) ഉത്തരവിറക്കി. ഇതു പ്രകാരം മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്നതിന് ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരണം 1994 ലെ മനുഷ്യവയവങ്ങള്‍ മാറ്റിവയ്ക്കല്‍ ചട്ടങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ ഉടന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളിലും മുഴുവന്‍ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ കേന്ദ്രങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളും മസ്തിഷ്‌ക്ക മരണ സ്ഥിരീകരണം നിര്‍ബന്ധമാക്കി. മസ്തിഷ്‌ക്കമരണം സംഭവിച്ച വ്യക്തിയുടെ ബന്ധുക്കള്‍ സമ്മതപത്രം നല്‍കുന്ന കേസുകളില്‍ അവയവങ്ങള്‍ നീക്കം ചെയ്യുന്നതിനും അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും അവര്‍ക്ക് അവയവങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള മുന്‍ഗണനാക്രമം നിശ്ചയിച്ചു.

ഈ പദ്ധതിയില്‍ പങ്കാളിയാകുന്ന അവയവ മാറ്റിവയ്ക്കല്‍ കേന്ദ്രങ്ങള്‍, നിര്‍ദ്ദഷ്ട സൗകര്യങ്ങളുള്ള അവയവശേഖരണ കേന്ദ്രങ്ങള്‍ എന്നിവര്‍ പാലിക്കേണ്ട കടമകളും ചുമതലകളും സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാനതലത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ ഒരു സംസ്ഥാനതല ഉപദേശക സമിതിക്കും പദ്ധതി സുതാര്യമാക്കാനും മേല്‍നോട്ടത്തിനുമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായി ഒരു അവയവമാറ്റിവയ്ക്കല്‍ ഏകോപന സമിതിക്കും രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തരവുകളുടെ പകര്‍പ്പ് സര്‍ക്കാര്‍ വെബ്‌സൈറ്റിലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്‌സൈറ്റിലും ലഭ്യമാണ്. 1994 ലെ നിയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇത്തരം ശസ്ത്രക്രീയകള്‍ നടന്നു വരുന്നുണ്ടെങ്കിലും അത് സംസ്ഥാന വ്യാപകമായി നടപ്പാക്കിയിരുന്നില്ല.

കഡാവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നപേരില്‍ നടക്കുന്ന ശസ്ത്രക്രീയ ആന്ധ്രാപ്രദേശ്, ചെന്നൈ എന്നിവിടങ്ങളില്‍ സാധാരണമായി നടക്കുന്നുണ്ട്. കഡാവര്‍ പ്ലാന്റേഷനെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നാല് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതു നടപ്പാക്കാന്‍ ഉത്തരവ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

janayugom 150212

1 comment:

  1. സംസ്ഥാനത്ത് മസ്തിഷ്‌ക്കമരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനുള്ള (കഡാവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍) ഉത്തരവിറക്കി. ഇതു പ്രകാരം മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്നതിന് ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരണം 1994 ലെ മനുഷ്യവയവങ്ങള്‍ മാറ്റിവയ്ക്കല്‍ ചട്ടങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ ഉടന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete