Friday, February 24, 2012

ചിരപരിചിതനായി...ജേക്കബ്ബേട്ടന്‍ എന്ന എം.ജെ

കൂത്താട്ടുകുളത്തെ വ്യാപാരികളെ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിനിടെ ടൗണിലെ കപ്പേളയ്ക്കു മുന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബും പ്രവര്‍ത്തകരും എത്തുമ്പോള്‍ മുന്നില്‍ ഫ്രഷായി ഇറക്കിയ കൂട്ടില്‍നിന്ന് പിഴിഞ്ഞുവച്ച തേന്‍ . അല്‍പ്പം മധുരം നോക്കി പോകാമെന്ന് പ്രവര്‍ത്തകര്‍ . ഒപ്പമുള്ളവരുടെ ആവശ്യങ്ങളോട് ഒരിക്കലും മുഖംതിരിക്കാത്ത എം ജെ പതിവു തെറ്റിച്ചില്ല. തേനീച്ചക്കൂട് താഴെയിറക്കിയ മറുനാടന്‍ തൊഴിലാളി ഇറ്റിച്ചുകൊടുത്ത തേന്‍ ഉള്ളംകൈയില്‍ വാങ്ങി എം ജെ ചുണ്ടോടടുപ്പിക്കുമ്പോള്‍ ചുറ്റും നിന്നവരിലാരോ കമന്റിട്ടു; ജയം ഉറപ്പായതുകൊണ്ട് മധുരം നേരത്തെ ആയാലും തെറ്റില്ല. പക്ഷേ കമന്റ് മുഴുവന്‍ കേള്‍ക്കാന്‍ എം ജെ സ്ഥലത്തുണ്ടായിരുന്നില്ല. തൊട്ടടുത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ചിരപരിചിത മുഖങ്ങളിലേക്ക് എം ജെ "പറന്നു"നീങ്ങി. എം ജെയുടെ കാലത്തു നന്നാക്കിയ റോഡുകളിലൂടെയാണ് സവാരിയെന്ന ഓര്‍മയുണ്ടെന്ന് ഡ്രൈവര്‍മാരിലാരോ പറഞ്ഞപ്പോള്‍ അക്കാര്യം മറക്കരുതെന്ന ഓര്‍മപ്പെടുത്തലോടെ അടുത്ത സ്ഥലത്തേക്കു നീങ്ങി.
എല്ലാവരെയും പേരുപറഞ്ഞു വിളിച്ചാണ് എം ജെ കൂത്താട്ടുകുളത്ത് വോട്ട് തേടാനിറങ്ങിയത്. മൂന്നുമണിക്ക് സ്ഥാനാര്‍ഥി എത്തുമെന്നറിഞ്ഞ് ടൗണിന്റെ തെക്കേയറ്റത്തു കാത്തുനിന്ന പ്രവര്‍ത്തകരെയും നേതാക്കളെയും ജനങ്ങളെയും അരമണിക്കൂറോളം നിരാശരാക്കിയശേഷമാണ് എം ജെ എത്തിയത്. പിറവത്തെ മരണവീട്ടില്‍ പോയതുകൊണ്ടാണ് വൈകിയതെന്ന ക്ഷമാപണത്തോടെ കടകള്‍ കയറാന്‍ തുടങ്ങി. എല്ലായിടത്തും പരിചിതമുഖങ്ങള്‍ . പരിചയം പുതുക്കി ഒരിടത്തുനിന്ന് അടുത്ത സ്ഥലത്തേക്ക് കാറ്റുപോലെ പായുന്ന എം ജെയോടൊപ്പം എത്താന്‍ പ്രവര്‍ത്തകരും നേതാക്കളും നന്നേ വിഷമിച്ചു. ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് തൊട്ടടുത്ത പച്ചക്കറിക്കടയിലേക്കു കയറാനൊരുങ്ങുമ്പോള്‍ കടയില്‍നിന്നയാള്‍ വിളിച്ചുപറഞ്ഞു: "ജേക്കബ്ബേട്ടാ തിരക്കല്ലേ; നമ്മുടെ കാര്യം ഉറപ്പാണേ, എന്നെ കാണാന്‍വേണ്ടി ഇവിടെ കയറണ്ട; വിട്ടോ"യെന്ന്. പക്ഷേ രാധാകൃഷ്ണായെന്ന് നീട്ടിവിളിച്ച് കടയില്‍കയറി കൈകൊടുത്തശേഷമേ എം ജെ അടുത്തസ്ഥലത്തേക്കു പോയുള്ളൂ. ഇടയ്ക്ക് ബസ്സ്റ്റോപ്പിലെത്തുമ്പോള്‍ എം ജെയുടെ കാലത്ത് നവീകരിച്ച ഹൈസ്കൂളില്‍നിന്നു മടങ്ങുന്ന കുട്ടികള്‍ . വാത്സല്യംനിറഞ്ഞ അന്വേഷണങ്ങള്‍ക്കുശേഷം നന്നായി പഠിക്കണമെന്ന് ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല. രാവിലെ ഇലഞ്ഞി പഞ്ചായത്തിലായിരുന്നു പര്യടനം.

ഇനി ഒരു വാരം ജനമുന്നേറ്റത്തിന്റെ

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ പ്രചാരണത്തിന് ജനമുന്നേറ്റത്തിന്റെ തരംഗം ഉയര്‍ത്താന്‍ പൊതുസമ്മേളനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും. എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളാകെ അണിനിരക്കുന്ന ആവേശകരമായ പ്രചാരണ പരിപാടികൂടിയാണിത്. പഞ്ചായത്ത്തലത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങള്‍ പിറവംമണ്ഡലം സാക്ഷ്യമാകുന്ന ബൃഹത്തായ ജനമുന്നേറ്റംകൂടിയാകും. 24 മുതല്‍ ഒരാഴ്ചത്തെ സമ്മേളന പരിപാടി എല്ലാ ദിവസവും വൈകിട്ട് അഞ്ചിനു തുടങ്ങും. വെള്ളിയാഴ്ച ഇരുമ്പനത്ത് തുടക്കമിടും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ, സിപിഐ നേതാവ് കെ പി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ശനിയാഴ്ച പിറവത്ത് നടക്കുന്ന സമ്മേളനത്തില്‍ സിപിഐ എം കേന്ദ്രകമ്മറ്റി അംഗം ഡോ. തോമസ് ഐസക് എംഎല്‍എ, കെ എന്‍ ബാലഗോപാല്‍ എംപി, സിപിഐ നേതാവ് സി ദിവാകരന്‍ എംഎല്‍എ, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ എന്നിവര്‍ സംസാരിക്കും. അന്നുതന്നെ കൂത്താട്ടുകുളത്ത് വൈഎംസിഎയുടെ സമീപം നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍ , ഡോ. ടി എന്‍ സീമ എംപി, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ , എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ എന്നിവര്‍ സംസാരിക്കും.

തിരുമാറാടി, മുളന്തുരുത്തി, രാമമംഗലം എന്നിവിടങ്ങളിലും ശനിയാഴ്ച പൊതുസമ്മേളനം നടക്കും. തിരുമാറാടിയില്‍ മണ്ണത്തൂരിലാണ് സമ്മേളനം. ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ , സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ , സിപിഐ നേതാവ് ടി പുരുഷോത്തമന്‍ , ഉഴവൂര്‍ വിജയന്‍ എന്നിവര്‍ പങ്കെടുക്കും. അന്ന് മുളന്തുരുത്തിയില്‍ കരവട്ടക്കുരിശിങ്കല്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി, സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ , എ എ അസീസ് എംഎല്‍എ, എസ് ശര്‍മ എംഎല്‍എ എന്നിവരും രാമമംഗലത്ത് കടവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , സി പി ഐ നേതാവ് സി എന്‍ ചന്ദ്രന്‍ , ജനതാദള്‍ നേതാവ് സി കെ നാണു എന്നിവരും സംസാരിക്കും. 26ന് പാമ്പാക്കുട പള്ളിത്താഴത്ത് നടക്കുന്ന സമ്മേളനത്തില്‍ ഡോ. ടി എം തോമസ് ഐസക് എംഎല്‍എ, ഡോ. ടി എന്‍ സീമ എംപി തുടങ്ങിയവരും മണീട് ചീരക്കാട്ടുപാറയില്‍ എം എ ബേബി, സിപിഐ നേതാവ് മുല്ലക്കര രത്നാകരന്‍ , കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് എന്നിവരും പങ്കെടുക്കും.

അന്ന് തിരുവാങ്കുളത്ത് മുരിങ്ങേലിപറമ്പിലെ സമ്മേളനത്തില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എ കെ ബാലന്‍ , ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. തിങ്കളാഴ്ച ആമ്പല്ലൂരില്‍ എ വിജയരാഘവന്‍ , ബിനോയ് വിശ്വം, പി സി തോമസ്, ജമീലാപ്രകാശം എംഎല്‍എ തുടങ്ങിയവര്‍ സംസാരിക്കും. 27ന് ഇലഞ്ഞി ടൗണില്‍ പൊതുസമ്മേളനത്തില്‍ ഡോ. ടി എം തോമസ് ഐസക്, കെ ഇ ഇസ്മയില്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , പി സി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ബുധനാഴ്ച എടയ്ക്കാട്ടുവയല്‍ മേപ്പതിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വൈക്കം വിശ്വന്‍ , സി എന്‍ ചന്ദ്രന്‍ , ജോര്‍ജ് തോമസ് തുടങ്ങിയ നേതാക്കളും ചോറ്റാനിക്കരയില്‍ എ കെ ബാലന്‍ , കെ ഇ ഇസ്മയില്‍ എന്നിവരും സംസാരിക്കും.

deshabhimani 240212

1 comment:

  1. കൂത്താട്ടുകുളത്തെ വ്യാപാരികളെ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിനിടെ ടൗണിലെ കപ്പേളയ്ക്കു മുന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബും പ്രവര്‍ത്തകരും എത്തുമ്പോള്‍ മുന്നില്‍ ഫ്രഷായി ഇറക്കിയ കൂട്ടില്‍നിന്ന് പിഴിഞ്ഞുവച്ച തേന്‍ . അല്‍പ്പം മധുരം നോക്കി പോകാമെന്ന് പ്രവര്‍ത്തകര്‍ . ഒപ്പമുള്ളവരുടെ ആവശ്യങ്ങളോട് ഒരിക്കലും മുഖംതിരിക്കാത്ത എം ജെ പതിവു തെറ്റിച്ചില്ല. തേനീച്ചക്കൂട് താഴെയിറക്കിയ മറുനാടന്‍ തൊഴിലാളി ഇറ്റിച്ചുകൊടുത്ത തേന്‍ ഉള്ളംകൈയില്‍ വാങ്ങി എം ജെ ചുണ്ടോടടുപ്പിക്കുമ്പോള്‍ ചുറ്റും നിന്നവരിലാരോ കമന്റിട്ടു; ജയം ഉറപ്പായതുകൊണ്ട് മധുരം നേരത്തെ ആയാലും തെറ്റില്ല.

    ReplyDelete