Friday, February 24, 2012

പാമൊലിന്‍ : ഉമ്മന്‍ചാണ്ടിയുടെ ചോദ്യം പദവിക്ക് ചേര്‍ന്നതല്ല- വി എസ്

പുതിയ അന്വേഷണത്തിന് ഉത്തരവിടണം

തൃശൂര്‍ : പാമൊലിന്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന് കടകവിരുദ്ധമാണ് ഇപ്പോള്‍ വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടെന്നതിനാല്‍ സത്യസന്ധവും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടണമെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വി എസ് ആവശ്യപ്പെട്ടു.

പാമൊലിന്‍ ഇറക്കുമതിക്ക് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചില്ല, സ്റ്റോര്‍ പര്‍ച്ചേയ്സ് റൂള്‍സ് ലംഘിച്ചു, ഇറക്കുമതിക്ക് അടിയന്തര സാഹചര്യം ഇല്ല എന്നീ കാര്യങ്ങളാണ് അന്തിമറിപ്പോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സാധ്യമല്ല, ഇറക്കുമതിക്ക് സ്റ്റോര്‍ പര്‍ച്ചേയ്്സ് റൂള്‍സ് ബാധകമല്ല, ഇറക്കുമതി ചെയ്യേണ്ട അടിയന്തര സാഹചര്യമുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കേസ് തന്നെ ഇല്ലാതാവും. തിരുവനന്തപുരം വിജിലന്‍സ് കോടതി പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് മാത്രം അന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. മുഴുവന്‍ കേസിന്റെയും കാര്യം പറഞ്ഞിട്ടില്ല. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും അവസരം നല്‍കരുത്. ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ പാമൊലിന്‍ ഇടപാടില്‍ മതിയായ തെളിവുകളുണ്ട്. നേരത്തേ രണ്ടു തവണ കേസ് ഹൈക്കോടതിയിലെത്തിയപ്പോഴും പാമൊലിന്‍ ഇടപാടില്‍ അഴിമതി നടന്നതായി കോടതി പറഞ്ഞിരുന്നതായും വി എസ് ഹര്‍ജിയില്‍ ബോധിപ്പിച്ചു.

പാമൊലിന്‍ : ഉമ്മന്‍ചാണ്ടിയുടെ ചോദ്യം പദവിക്ക് ചേര്‍ന്നതല്ല- വി എസ്

തിരു: അഞ്ചുകൊല്ലം അധികാരത്തിലിരുന്നപ്പോള്‍ പാമൊലിന്‍ കേസില്‍ തന്നെ പ്രതിയാക്കാത്തതെന്ത് എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചോദ്യം ഇരിക്കുന്ന പദവിക്ക് യോജിച്ചതല്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തിലിരുന്നപ്പോള്‍ ഏതെങ്കിലും കേസില്‍ ആരെയെങ്കിലും പ്രതിയാക്കാനോ പ്രതിയല്ലാതാക്കാനോ ശ്രമിച്ചിട്ടില്ല. അതൊക്കെ തീരുമാനിക്കുന്നത് പൊലീസും വിജിലന്‍സും കോടതികളുമാണ്.

പാമൊലിന്‍ കേസിലെ എഫ്ഐആര്‍ സുപ്രീംകോടതി ശരിവച്ചത് രണ്ടായിരാമാണ്ടിലാണ്. 2005ല്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചു. ഫലത്തില്‍ ഈ സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയായിരുന്നു ഇത്. ഈ കള്ളക്കളിയാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിയെ അനുചരന്മാരെക്കൊണ്ട് ചീത്തവിളിപ്പിച്ചതും തേച്ചുമാച്ചുകളയാന്‍ വിജിലന്‍സിനെക്കൊണ്ട് വ്യാജരേഖ ഉണ്ടാക്കിയതും കേരളം കാണുന്നുണ്ട്. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പകല്‍പോലെ വ്യക്തമാക്കുന്ന തെളിവാണ് അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സക്കറിയാ മാത്യു കഴിഞ്ഞവര്‍ഷം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി. ഇത് പ്രധാന തെളിവായെടുത്താണ് വിജിലന്‍സ് പുനരന്വേഷണം തുടങ്ങിയത്. ആ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ ഏതറ്റംവരെയും പോകും. അതുകൊണ്ടുതന്നെയാണ് ഈ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് ചെറുക്കുന്നതെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 240212

1 comment:

  1. പാമൊലിന്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന് കടകവിരുദ്ധമാണ് ഇപ്പോള്‍ വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടെന്നതിനാല്‍ സത്യസന്ധവും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടണമെന്ന് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വി എസ് ആവശ്യപ്പെട്ടു.

    ReplyDelete