Friday, February 24, 2012

മൃതദേഹത്തോടും മമത സര്‍ക്കാരിന്റെ അനാദരവ്


തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ എംഎല്‍എയും സിപിഐ എം നേതാവുമായ പ്രദീപ് തായുടെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്. പ്രദീപ് തായുടെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് നിയമസഭാ മന്ദിരത്തില്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരെയും നിയമസഭാ മന്ദിരത്തില്‍ പ്രവേശിപ്പിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രദീപ് തായുടെ മൃതദേഹം നിയമസഭാ മന്ദിരത്തിനു പുറത്തുകിടത്തി ഇടതുമുന്നണി എംഎല്‍എമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നിയമസഭയ്ക്കു മുന്നിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ എത്തിയില്ല. മൃതദേഹം കിടത്താനുള്ള മേശ, നിയമസഭാംഗങ്ങള്‍ക്കായി ഒരുക്കിയ കസേരകള്‍ എന്നിവ അവസാനനിമിഷം എടുത്തുമാറ്റി. നിയമസഭാ മന്ദിരത്തിനു പുറത്ത് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര മൃതദേഹത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെ നിയമസഭാ മന്ദിരത്തിലേക്ക് പ്രവേശിപ്പിക്കരുതെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചെന്ന് സൂര്യകാന്ത മിശ്ര പറഞ്ഞു. ആരുടെ നിര്‍ദേശപ്രകാരമാണ് സ്പീക്കര്‍ ഇങ്ങനെ പെരുമാറിയതെന്ന് അറിയില്ല. കൊലപാതകത്തെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നതും പൊലീസ് റിപ്പോര്‍ട്ടും പരസ്പരവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച രാവിലെ കൊല്‍ക്കത്തയിലെ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവനിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു, പൊളിറ്റ്ബ്യൂറോ അംഗം ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആസൂത്രിതമായ കൊലപാതകമാണ് ബര്‍ധമാനില്‍ നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുകുമാര്‍ മജുംദാര്‍ പറഞ്ഞു. കൊലപാതകം നടക്കുന്നതിനു മുക്കാല്‍ മണിക്കൂര്‍മുമ്പ് വീടിനു മുന്നിലെത്തിയ തൃണമൂല്‍ നേതാവ് പതീതപാവന്‍ താ കൊലപാതക ഭീഷണി മുഴക്കിയെന്ന് പ്രദീപ് തായുടെ ഭാര്യ ചിത്രലേഖ പറഞ്ഞു. "പ്രദീപ് തായുടെ ഭാര്യയായതുകൊണ്ട് നിങ്ങള്‍ക്ക് വിധവയായി നടക്കേണ്ടിവരും" എന്നായിരുന്നു ഭീഷണി.

പ്രദീപ് തായുടെയും പാര്‍ടിയുടെ മറ്റൊരു ജില്ലാകമ്മിറ്റി അംഗമായ കമല്‍ ഗായേന്റെയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. ബര്‍ധമാന്‍ ജില്ലയില്‍ സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ചു.
(വി ജയിന്‍)

തൃണമൂല്‍അക്രമം: സംസ്ഥാനത്ത് പ്രതിഷേധം വ്യാപകം

പശ്ചിമബംഗാളിലെ ബര്‍ധമാന്‍ ജില്ലയില്‍ രണ്ട് സിപിഐ എം നേതാക്കളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഏരിയ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാലക്കാട്ടും പ്രതിഷേധം ശക്തമായിരുന്നു. പാലക്കാട് ടൗണില്‍ വന്‍ പ്രതിഷേധപ്രകടനം നടന്നു. വിക്ടോറിയ കോളേജ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മലപ്പുറത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. മലപ്പുറം, പൊന്നാനി, നിലമ്പൂര്‍ , തിരൂര്‍ , കോട്ടക്കല്‍ എന്നിവിടങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, തകഴി, കുട്ടനാട്, മാവേലിക്കര, കഞ്ഞിക്കുഴി, മാരാരിക്കുളം, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു. എറണാകുളം ജില്ലയില്‍ ഏരിയ കേന്ദ്രങ്ങളില്‍ പ്രകടനം സംഘടിപ്പിച്ചു.

deshabhimani 240212

1 comment:

  1. തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ എംഎല്‍എയും സിപിഐ എം നേതാവുമായ പ്രദീപ് തായുടെ മൃതദേഹത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്. പ്രദീപ് തായുടെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് നിയമസഭാ മന്ദിരത്തില്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരെയും നിയമസഭാ മന്ദിരത്തില്‍ പ്രവേശിപ്പിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രദീപ് തായുടെ മൃതദേഹം നിയമസഭാ മന്ദിരത്തിനു പുറത്തുകിടത്തി ഇടതുമുന്നണി എംഎല്‍എമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നിയമസഭയ്ക്കു മുന്നിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ എത്തിയില്ല. മൃതദേഹം കിടത്താനുള്ള മേശ, നിയമസഭാംഗങ്ങള്‍ക്കായി ഒരുക്കിയ കസേരകള്‍ എന്നിവ അവസാനനിമിഷം എടുത്തുമാറ്റി. നിയമസഭാ മന്ദിരത്തിനു പുറത്ത് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര മൃതദേഹത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു.

    ReplyDelete