Monday, February 6, 2012

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കോടികള്‍ ചെലവഴിച്ച് പരസ്യം

ധനവകുപ്പ് മുഖം തിരിച്ചതോടെ കോടികളുടെ പത്രപരസ്യം നല്‍കി ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശനിയാഴ്ചയും ഞായറാഴ്ചയുമായി പുറത്തിറങ്ങിയ പത്രങ്ങളിലാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോടികള്‍ ചെലവിട്ട് പരസ്യം നല്‍കിയത്. ജനസമ്പര്‍ക്കപരിപാടിയിലെ ധൂര്‍ത്തിന്റെ പേരില്‍ നിധിയിലേക്ക് പണം നല്‍കാന്‍ ധനവകുപ്പ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരസ്യം നല്‍കി കോടികള്‍ നിധിയിലേക്ക് പിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ഒരുങ്ങിയത്. സാധാരണ അതാത് വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നീക്കിവയ്ക്കുകയാണ് പതിവ്. ഇവിടെ ബജറ്റിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ കോടികള്‍ പൊടിച്ച് പരസ്യം നല്‍കിയുള്ള പണപ്പിരിവ് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കോടികള്‍ പൊടിച്ചതോടെയാണ് ധനവകുപ്പ് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്. ഒരു പരിശോധനയുമില്ലാതെ ഇങ്ങനെ പണം ചെലവഴിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ധനവകുപ്പിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം മുഖ്യമന്ത്രി തള്ളുകയായിരുന്നു. റവന്യൂ വകുപ്പിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചുമതല.

ജനസമ്പര്‍ക്കപരിപാടിയില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുവരുന്നവര്‍ക്കും മറ്റും യഥേഷ്ടമാണ് പണം നല്‍കിയത്. ധനവിനിയോഗം സംബന്ധിച്ച ധൂര്‍ത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ധനവകുപ്പ് നടപടിക്കൊരുങ്ങിയത്. യാതൊരു പരിശോധനയുമില്ലാതെ ഇത്തരത്തില്‍ പണം ധൂര്‍ത്തടിക്കുന്നത് അക്കൗണ്ടന്റ് ജനറലിന്റെ രൂക്ഷ വിമര്‍ശനത്തിനും ഓഡിറ്റ് തടസത്തിനും കാരണമാകുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കിയെങ്കിലും മുഖ്യമന്ത്രി അവഗണിച്ചു.

ജനസമ്പര്‍ക്കപരിപാടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ധനവകുപ്പ് ഉയര്‍ത്തിയിരുന്നു. ധൂര്‍ത്തും ധനവിനിയോഗത്തിലെ ക്രമക്കേടും ധനവകുപ്പ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ഹത തെളിയിക്കാനുള്ള രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ബന്ധപ്പെട്ട കലക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം വിതരണം ചെയ്യേണ്ട പണമാണ് മുഖ്യമന്ത്രി തത്സമയം വിതരണം ചെയ്തത്.

ബി പി എല്‍ വിഭാഗങ്ങള്‍ക്കുണ്ടാകുന്ന മാരകരോഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുക, അപകട മരണങ്ങള്‍/ഇടിമിന്നലേറ്റുള്ള മരണങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ആശ്രിതര്‍ക്ക് അടിയന്തര സഹായം നല്‍കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുക എന്നീ ആവശ്യങ്ങള്‍ക്കാണ് ദുരിതാശ്വാസ നിധി രൂപീകരിച്ചിരിക്കുന്നത്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമുള്ള സംഭാവന വഴിയാണ് നിധിയിലേക്ക് സമാഹരണം നടത്തുന്നതെന്ന് പരസ്യത്തില്‍ പറയുന്നു. ചികിത്സാ ചെലവുകളും മറ്റും സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത വിധം വര്‍ധിച്ചതിനാല്‍ സഹായത്തിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്രമാതീതമായി വര്‍ധിച്ചു. അര്‍ഹിക്കുന്ന എല്ലാവര്‍ക്കും യഥാസമയം ധനസഹായം നല്‍കാന്‍ ഈ ഫണ്ട് തികച്ചും അപര്യാപ്തമായിരിക്കുന്നു. വ്യക്തികളും സ്ഥാപനങ്ങളും സന്മനസ്സുള്ള സകലരും തങ്ങളുടെ കഴിവിന്റെ പരമാവധി ഈ നിധിയിലേക്ക് സംഭാവന നല്‍കി പാവപ്പെട്ടവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നു.

janayugom 060212

1 comment:

  1. ധനവകുപ്പ് മുഖം തിരിച്ചതോടെ കോടികളുടെ പത്രപരസ്യം നല്‍കി ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശനിയാഴ്ചയും ഞായറാഴ്ചയുമായി പുറത്തിറങ്ങിയ പത്രങ്ങളിലാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോടികള്‍ ചെലവിട്ട് പരസ്യം നല്‍കിയത്. ജനസമ്പര്‍ക്കപരിപാടിയിലെ ധൂര്‍ത്തിന്റെ പേരില്‍ നിധിയിലേക്ക് പണം നല്‍കാന്‍ ധനവകുപ്പ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരസ്യം നല്‍കി കോടികള്‍ നിധിയിലേക്ക് പിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ഒരുങ്ങിയത്. സാധാരണ അതാത് വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നീക്കിവയ്ക്കുകയാണ് പതിവ്. ഇവിടെ ബജറ്റിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ കോടികള്‍ പൊടിച്ച് പരസ്യം നല്‍കിയുള്ള പണപ്പിരിവ് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

    ReplyDelete