പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വിജിലന്‍സ് വ്യാജരേഖ ചമയ്ക്കുകയാണെന്നതിന് വ്യക്തമായ തെളിവുകള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പുറത്തുവിട്ടു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന രേഖകള്‍ എസ്പി ശശിധരന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെയുണ്ടെന്ന് വിഎസ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പാമൊലിന്‍ ഇടപാട് നടന്നപ്പോള്‍ അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ "പാമോലിന്‍ ഫയല്‍ സിഎം" എന്ന് എഴുതി മുഖ്യമന്ത്രി കെ കരുണാകരന് മാര്‍ക്ക് ചെയ്തുവെന്ന് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ 21-ാംപേജില്‍ പറയുന്നു. എന്നാല്‍ , കുറിപ്പെഴുതിയ പാമൊലിന്‍ ഫയലില്‍ മുസ്തഫ "സിഎം" എന്ന് മാര്‍ക്ക് ചെയ്തിട്ടില്ല. മാര്‍ക്ക് ചെയ്തിരിക്കുന്നത് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യുവാണ്. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ 23-ാംപേജില്‍ "എ2 (ടി എച്ച് മുസ്തഫ)വിന്റെ ഉത്തരവോടെ ഫയല്‍ മുഖ്യമന്ത്രിക്ക് (എ1) പോയി. സി ഡബ്ല്യു 23 (അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി) വഴിയല്ല ഫയല്‍ പോയിരിക്കുന്നത്" എന്നു പറയുന്നു. ഇത് പച്ചക്കള്ളമാണ്. 1998 മെയ് 25ന് മുസ്തഫ വിജിലന്‍സ് എസ്പിക്കുമുമ്പാകെ നല്‍കിയ മൊഴിക്ക് വിരുദ്ധമാണിത്. "ഈ ഫയലില്‍ ചീഫ് മിനിസ്റ്റര്‍ക്കും ധനമന്ത്രിക്കും സമര്‍പ്പിക്കാവുന്നതിനായി എം(ഫിനാന്‍സ്), സിഎം എന്നിങ്ങനെ മാര്‍ക്ക് ചെയ്തിരുന്നു" എന്നാണ് അന്ന് മുസ്തഫ മൊഴി നല്‍കിയിരുന്നത്. "സിഎം" എന്ന് മാര്‍ക്ക് ചെയ്തത് സക്കറിയ മാത്യുവാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. 1998 മെയ് അഞ്ചിന് ഉമ്മന്‍ചാണ്ടി വിജിലന്‍സ് എസ്പിക്ക് നല്‍കിയ മൊഴിയും ഇതിനെ സാധൂകരിക്കുന്നു. "സക്കറിയാ മാത്യുവിന്റെ നോട്ടിന്റെ സൈഡില്‍ സിഎസ്, എം(എഫ് ആന്‍ഡ് സി), എം (എഫ്), സിഎം എന്നിങ്ങനെ കുറിച്ചിരുന്നു. അതനുസരിച്ച് ഫുഡ് മിനിസ്റ്റര്‍ ഔട്ട് ഓഫ് അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ഈ ഫയല്‍ വയ്ക്കുന്നതിന് ഒപ്പിട്ടിട്ട് എനിക്ക് തരികയും, ഞാന്‍ ഒപ്പിട്ടശേഷം ഫയല്‍ ചീഫ് മിനിസ്റ്റര്‍ക്ക് കൊടുക്കുകയും ചെയ്തു. സിഎം അതില്‍ ഒപ്പിട്ടു. ക്യാബിനറ്റ് മുറിയില്‍വച്ചാണ് ഞങ്ങള്‍ ഒപ്പിട്ടത്"- ഉമ്മന്‍ചാണ്ടിയുടെ മൊഴി തുടര്‍ന്നു.
ഇത്രയും രേഖകള്‍ പകല്‍വെളിച്ചംപോലെ ഉണ്ടായിട്ടും ഇങ്ങനെ പച്ചക്കള്ളം റിപ്പോര്‍ട്ടില്‍ എഴുതി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു വിജിലന്‍സ് എസ്പി എന്തുകൊണ്ട് തയ്യാറായി? 1991 നവംബര്‍ 27ന് വിവാദമായ നോട്ടെഴുതിയ സക്കറിയ മാത്യു കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ഇതിനുള്ള ഉത്തരം കാണാം. അന്നെഴുതിയ നോട്ട് ധനകാര്യ അനുമതിക്കുവേണ്ടിക്കൂടിയായിരുന്നുവെന്നാണ് വിടുതല്‍ ഹര്‍ജിയില്‍ സക്കറിയ മാത്യു വ്യക്തമാക്കിയത്. ഈ വിടുതല്‍ ഹര്‍ജിയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കിയത്. ഇത് മറച്ചുവയ്ക്കാനാണ് എസ്പി ശശിധരനെ ഉപയോഗിച്ച് പച്ചക്കള്ളം കോടതിയില്‍ പറയിക്കുന്നത്. ശശിധരനെ നിയന്ത്രിച്ചിരുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്ക്ക് പുതിയ ലാവണം നല്‍കിയതിന്റെ ചേതോവികാരവും ഇതിലൂടെ ജനത്തിന് ബോധ്യപ്പെട്ടു.
പാമൊലിന്‍ കേസ്: റിപ്പോര്‍ട്ടിലെ തിരിമറി കോടതി അന്വേഷിക്കണം- കോടിയേരി
പാമൊലിന്‍ കേസില്‍ യഥാര്‍ഥ കുറ്റപത്രത്തില്‍നിന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെക്കുറിച്ച് കോടതി വിശദമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും രക്ഷപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഒറിജിനല്‍ ചാര്‍ജ്ഷീറ്റില്‍നിന്ന് വിരുദ്ധമായ റിപ്പോര്‍ട്ടായതിനാലാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചത്. കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിലപാട് വ്യക്തമായശേഷം മേല്‍ക്കോടതിയെ സമീപിക്കും. ജുഡീഷ്യറിയെ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് നിയമവാഴ്ച സംരക്ഷിക്കാന്‍ ജുഡീഷ്യറി ഇടപെടണമെന്നും കോടിയേരി അഭ്യര്‍ത്ഥിച്ചു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പാടില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലായാലും ബജറ്റിലായാലും പുതിയ പ്രഖ്യാപനങ്ങളുണ്ടായാല്‍ അത് വോട്ടര്‍മാരെ സ്വാധീനിക്കും. തെരഞ്ഞെടുപ്പില്‍ ഭരണസംവിധാനം ഉപയോഗിക്കാന്‍ യുഡിഎഫ് ശ്രമിച്ചാല്‍ എല്‍ഡിഎഫ് ചെറുക്കും.
പിറവത്ത് എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന കാര്യം ഉറപ്പാണ്. ഒമ്പതുമാസത്തെ യുഡിഎഫ് ഭരണത്തില്‍ അതൃപ്തിയുള്ള ജനങ്ങള്‍ എല്‍ഡിഎഫിനെ അനുകൂലിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍പ്പോലും യുഡിഎഫ് ഘടകകക്ഷികള്‍ക്ക് യോജിപ്പില്ല. കേരള കോണ്‍ഗ്രസ് പ്രത്യേകം സമരം നടത്തുകയാണ്. ഇടുക്കി തമിഴ്നാടിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടത് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. അതിനെതിരെ കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എപോലും പ്രതികരിച്ചിട്ടില്ല. കെഎസ്യു തെരഞ്ഞെടുപ്പിന്റെ പേരില്‍ തെരുവുയുദ്ധമാണ് നടന്നത്. ഒരു എംഎല്‍എ ഉള്ളവര്‍പോലും പോരടിച്ചു നില്‍ക്കുന്നു- കോടിയേരി വ്യക്തമാക്കി.
deshabhimani 180212

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വിജിലന്‍സ് വ്യാജരേഖ ചമയ്ക്കുകയാണെന്നതിന് വ്യക്തമായ തെളിവുകള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പുറത്തുവിട്ടു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന രേഖകള്‍ എസ്പി ശശിധരന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെയുണ്ടെന്ന് വിഎസ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ReplyDelete