Thursday, February 16, 2012

എണ്ണ നല്‍കില്ലെന്ന് യൂറോപ്പിന് മുന്നറിയിപ്പ്

ആണവ വിഷയത്തില്‍ തങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഉപരോധത്തില്‍നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍ , സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാരെ ഇറാന്‍ വിദേശമന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. യൂറോപ്പിലെ കൊടുംശൈത്യം കണക്കിലെടുത്തും മാനുഷികപരിഗണനയാലുമാണ് തല്‍ക്കാലം അവയ്ക്കുള്ള എണ്ണവിതരണം നിര്‍ത്താത്തതെന്നും ഇറാന്‍ വ്യക്തമാക്കി.

ഇതിനിടയില്‍ ആണവപദ്ധതിയില്‍ ഇറാന്‍ ബുധനാഴ്ച രണ്ട് സുപ്രധാനമുന്നേറ്റം കൈവരിച്ചു. ആദ്യമായി സ്വയം നിര്‍മിച്ച ആണവ ഇന്ധനദണ്ഡുകള്‍ ഇറാന്‍ വടക്കന്‍ തെഹ്റാനിലെ ഗവേഷണ റിയാക്ടറില്‍ സ്ഥാപിച്ചു. അതേസമയം മധ്യ ഇറാനിലെ നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണകേന്ദ്രത്തില്‍ നാലാം തലമുറ സെന്‍ട്രിഫ്യൂജുകള്‍ ഘടിപ്പിച്ചതാണ് രണ്ടാമത്തെ നേട്ടം. ഇറാന്റെ ആണവപദ്ധതിക്കെതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ പാശ്ചാത്യരാഷ്ട്രങ്ങളും ഇസ്രയേലും ആക്രമണഭീഷണി മുഴക്കുമ്പോഴാണ് അതവഗണിച്ച് മുന്നോട്ടുപോകുന്നത്. റിയാക്ടറുകള്‍ക്ക് ഇന്ധനം ലഭ്യമാകുന്ന ദണ്ഡുകള്‍ സ്വയം നിര്‍മിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതമായത് അവ പുറത്തുനിന്ന് വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനാലാണെന്ന് ഇറാന്‍ വ്യക്തമാക്കി. പൂര്‍ണ ആണവ ഇന്ധനചക്രത്തിലെ അവസാന ചുവടാണ് ഇറാന്‍ പൂര്‍ത്തിയാക്കിയതെന്ന് ഇറാന്റെ ഐആര്‍എന്‍എ വാര്‍ത്താഏജന്‍സി പ്രഖ്യാപിച്ചു. മധ്യ ഇറാല്‍ ഇസ്ഫഹാനിലെ ആണവ ഇന്ധന ഫാബ്രിക്കേഷന്‍ പ്ലാന്റിലാണ് ദണ്ഡുകള്‍ നിര്‍മിച്ചത്. തദ്ദേശനിര്‍മിതമായ ആദ്യ ഇന്ധനദണ്ഡ് റിയാക്ടറില്‍ കടത്തിയത് പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദാണ്. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള 3000 സെന്‍ട്രിഫ്യൂജുകള്‍ കൂടി ഇറാന്‍ ഘടിപ്പിച്ചതായി അഹ്മദിനെജാദ് പ്രഖ്യാപിച്ചു. ഇതോടെ മൊത്തം സെന്‍ട്രിഫ്യൂജുകളുടെ എണ്ണം 9000 ആയി.

ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണവിതരണം നിര്‍ത്തി എന്നായിരുന്നു ആദ്യം ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ലോകവിപണികളില്‍ എണ്ണവില കുത്തനെ കൂടിയതിനെ തുടര്‍ന്നാണ് തല്‍ക്കാലം നിര്‍ത്തിയിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയത്. പെട്രോളിയം ഉല്‍പ്പാദക രാഷ്ട്ര സംഘടനയില്‍ സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് ഇറാനാണ്. പ്രതിദിനം ഇറാന്‍ പമ്പ് ചെയ്യുന്ന 35 ലക്ഷം വീപ്പ എണ്ണയില്‍ 25 ലക്ഷവും കയറ്റി അയക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ 10 മാസത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിദിനം 600000 വീപ്പയാണ് ഇറാനില്‍നിന്ന് വാങ്ങിയത്. ഇറ്റലിയും സ്പെയിനും സാമ്പത്തിക തകര്‍ച്ചയിലായ ഗ്രീസുമാണ് ഇറാന്റെ പ്രധാന യൂറോപ്യന്‍ ഇടപാടുകാര്‍ .
വിപണിയില്‍ ഇറാന്‍ എണ്ണ ഇല്ലാതായാല്‍ എന്തുസംഭവിക്കാമെന്നതിന്റെ നേരിയ സൂചനയാണ് ബുധനാഴ്ച പെട്ടെന്നുണ്ടായ വിലക്കയറ്റം. ഇറാന്‍ എണ്ണവിതരണം നിര്‍ത്തിയാല്‍ തങ്ങളെ ബാധിക്കില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ മറ്റ് വിതരണക്കാരിലേക്ക് തിരിഞ്ഞതായും യൂറോപ്യന്‍ കമീഷന്‍ പ്രതികരിച്ചിട്ടുണ്ട്. ഉല്‍പ്പാദനം കൂട്ടാമെന്ന സൗദി അറേബ്യയുടെ ഉറപ്പാണ് ഇറാനെതിരെ പ്രഖ്യാപിച്ച കടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ യൂറോപ്യന്‍ യൂണിയന് പ്രോത്സാഹനം. എണ്ണ ഉല്‍പ്പാദനം കൂട്ടിയാല്‍ അത് ശത്രുതാപരമായി കാണുമെന്ന് ഇറാന്‍ സൗദിക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇറാനെ ഒറ്റപ്പെടുത്താന്‍ സഹായിക്കണം എന്ന് അമേരിക്ക ഇന്ത്യയടക്കമുള്ള സഖ്യരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണിയാണ് ഈ ആവശ്യമുന്നയിച്ചത്. ഊര്‍ജാവശ്യത്തിനെന്ന് ഇറാന്‍ വ്യക്തമാക്കുന്ന ആണവപദ്ധതി ബോംബ് നിര്‍മാണത്തിനാണ് എന്ന് ആരോപിച്ചാണ് പാശ്ചാത്യനീക്കം.

ആരോപണം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല: ഇറാന്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസി ജീവനക്കാരിയെ ലക്ഷ്യംവച്ച് നടത്തിയ കാര്‍ സ്ഫോടനത്തിനുപിന്നില്‍ ഇറാനാണെന്ന ഇസ്രയേലിന്റെ ആരോപണം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മെഹ്ദി നബിസാദെഹ്. ഇന്ത്യ കേസ് അന്വേഷിച്ച് യഥാര്‍ഥ സ്ഥിതി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. സംഭവം നടന്നത് ഇന്ത്യയിലാണ്. ഇന്ത്യന്‍ അധികൃതരാണ്പരിശോധിച്ച് നിലപാടില്‍ എത്തേണ്ടത്. യഥാര്‍ഥ സ്ഥിതി അന്വേഷണത്തില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ അന്തിമപ്രതികരണം വന്നിട്ടില്ല. അത് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരോപണങ്ങള്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. - ഇറാന്‍ അംബാസഡര്‍ പറഞ്ഞു.

deshabhimani 160212

1 comment:

  1. ആണവ വിഷയത്തില്‍ തങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഉപരോധത്തില്‍നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍ , സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാരെ ഇറാന്‍ വിദേശമന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. യൂറോപ്പിലെ കൊടുംശൈത്യം കണക്കിലെടുത്തും മാനുഷികപരിഗണനയാലുമാണ് തല്‍ക്കാലം അവയ്ക്കുള്ള എണ്ണവിതരണം നിര്‍ത്താത്തതെന്നും ഇറാന്‍ വ്യക്തമാക്കി.

    ReplyDelete