Thursday, February 16, 2012

ഗണേശിന്റെ പിഎയെ പിള്ള അടിച്ചുവീഴ്ത്തി

മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പിഎ യെ ആര്‍ ബാലകൃഷ്ണപിള്ള മര്‍ദിച്ചു. മന്ത്രിയുടെ പി എ കോട്ടാത്തല പ്രദീപിനെയാണ് ഗണേശന്റെ പത്തനാപുരത്തെ വീടിനോട് ചേര്‍ന്നുള്ള എംഎല്‍എ ഓഫീസില്‍നിന്ന് വിളിച്ചിറക്കി അടിച്ച് വീഴ്ത്തിയത്. പ്രദീപ് കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സതേടി. ബുധനാഴ്ച പകല്‍ 11.30നാണ് സംഭവം. "എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം നീയാണെ"ന്ന് ആക്രോശിച്ച് പ്രദീപിന്റെ മുഖത്തും കഴുത്തിലും അടിക്കുകയായിരുന്നു. പിള്ളയ്ക്കൊപ്പം അനന്തരവനും പാര്‍ടി നേതാവുമായ മനോജ്കുമാര്‍ (ശരണ്യ മനോജ്), ഇളമ്പല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കരിക്കത്തില്‍ തങ്കപ്പന്‍പിള്ള എന്നിവരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പ്രദീപ് പറഞ്ഞു.

ഇവര്‍ കാറില്‍ മന്ത്രി ഗണേശന്റെ വീടിന്റെ മുന്‍വശത്ത് എത്തി "കൊച്ചുമന്ത്രി പ്രദീപ് എന്തിയേ" എന്ന് വിളിച്ചുചോദിച്ചു. ഈ സമയം വീടിനുള്ളില്‍നിന്ന് പ്രദീപ്, പിള്ളയുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അടി തുടങ്ങി. അടി തുടര്‍ന്നപ്പോള്‍ പ്രദീപ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വീടിനു മുന്നില്‍ കിടന്ന പ്രദീപിന്റെ കാറിന്മേല്‍ കാല്‍വച്ച്, മന്ത്രിയുടെ മറ്റൊരു സ്റ്റാഫായ ഇടത്തറ ഷാജിയോട് നീയാണോടാ ഗുണ്ട എന്നു ചോദിച്ചു. പത്തനാപുരത്ത് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് കാരണക്കാര്‍ ഇവന്മാരാണെന്നും ഗുണ്ടാപ്പടയാണ് ഇവിടെയുള്ളതെന്നും പറഞ്ഞശേഷം പിള്ള സമീപത്തെ ഒരുവീട്ടില്‍ കയറിയിരുന്നു. തുടര്‍ന്ന് കൊട്ടാരക്കരയിലേക്ക് പോയി.

സംഭവം സംബന്ധിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് "റിട്ടയേര്‍ഡ് അധ്യാപകനും പാര്‍ടിയുടെ ജില്ലാ ജനറല്‍സെക്രട്ടറിയുമായ തൃക്കണ്ണമംഗലം ജോയിക്കുട്ടിയെ മര്‍ദിച്ചത് പ്രദീപാണെന്നും ഇങ്ങനെയുള്ളവനെ ആരെങ്കിലും മര്‍ദിച്ചുകാണും, മര്‍ദിച്ചിട്ടുണ്ടെങ്കില്‍ കേസ് കൊടുക്കട്ടെയെന്നും" പിള്ള പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ടിന് തലവൂര്‍ തത്തമംഗലം മന്നം മെമ്മോറിയല്‍ സ്കൂളില്‍ നടന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിനെത്തിയ പിള്ളയുടെ അനുയായി ജോയിക്കുട്ടിയെ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഗണേശ് അനുകൂലികള്‍ മര്‍ദിക്കുകയും ജോയിക്കുട്ടിയുടെ കാറില്‍ കല്ലെറിയുകയും ചെയ്തിരുന്നു. ഗണേശിന്റെ അനുയായികള്‍ പിന്നീട് പിള്ളയുടെ അനന്തരവന്‍ മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസുകള്‍ അഞ്ചെണ്ണം തല്ലിത്തകര്‍ത്തു.

പാര്‍ടിയെ നേരെയാക്കാനാകാത്ത പിള്ള സഭയില്‍ ഇടപെടേണ്ട: യാക്കോബായസഭ

കൊച്ചി: സ്വന്തം പാര്‍ടിയിലെ പ്രശ്നങ്ങള്‍ നേരെയാക്കാന്‍ കഴിയാത്ത കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് നീതിക്ക് നിരക്കാത്തതാണെന്ന് യാക്കോബായ സഭ. സഭയുടെ ക്രിസ്തീയ മനോഭാവം ബലഹീനതയായി പിള്ള കാണരുത്. പിള്ളയുടെ പൊതുജന കാഴ്ചപ്പാട് തിമിരം ബാധിച്ച മനുഷ്യനെപ്പോലെയാണ്. മന്തുള്ള കാല്‍ മണലില്‍ പൂഴ്ത്തിവച്ച് മന്തില്ലാത്തവനെ "മന്താ" എന്ന് വിളിക്കുന്നതിന് തുല്യമാണ് സഭയ്ക്കുമേലുള്ള പിള്ളയുടെ പരാമര്‍ശം. അദ്ദേഹം സഭാംഗങ്ങള്‍ക്ക് പൗരോഹിത്യ ഉപദേശങ്ങള്‍ നല്‍കിത്തുടങ്ങിയത് പുതിയ അറിവാണ്. പിള്ള രാഷ്ട്രീയജീവിതം ഉപേക്ഷിച്ച് ഇനി വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കണമെന്നും യാക്കോബായ സഭവിശ്വാസ സംരക്ഷണസമിതി പ്രസിഡന്റ് ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്തയും പബ്ലിസിറ്റി കണ്‍വീനര്‍ ഷെവ. മോന്‍സി വാവച്ചനും പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani 160212

1 comment:

  1. മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പിഎ യെ ആര്‍ ബാലകൃഷ്ണപിള്ള മര്‍ദിച്ചു. മന്ത്രിയുടെ പി എ കോട്ടാത്തല പ്രദീപിനെയാണ് ഗണേശന്റെ പത്തനാപുരത്തെ വീടിനോട് ചേര്‍ന്നുള്ള എംഎല്‍എ ഓഫീസില്‍നിന്ന് വിളിച്ചിറക്കി അടിച്ച് വീഴ്ത്തിയത്. പ്രദീപ് കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സതേടി. ബുധനാഴ്ച പകല്‍ 11.30നാണ് സംഭവം. "എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം നീയാണെ"ന്ന് ആക്രോശിച്ച് പ്രദീപിന്റെ മുഖത്തും കഴുത്തിലും അടിക്കുകയായിരുന്നു. പിള്ളയ്ക്കൊപ്പം അനന്തരവനും പാര്‍ടി നേതാവുമായ മനോജ്കുമാര്‍ (ശരണ്യ മനോജ്), ഇളമ്പല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കരിക്കത്തില്‍ തങ്കപ്പന്‍പിള്ള എന്നിവരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പ്രദീപ് പറഞ്ഞു.

    ReplyDelete