Thursday, February 16, 2012

പ്രക്ഷോഭച്ചൂടില്‍ത്തന്നെ സര്‍ക്കാര്‍ തകരും: പിണറായി

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രക്ഷോഭച്ചൂടില്‍ യുഡിഎഫ് സര്‍ക്കാര്‍ തനിയെ താഴെപ്പോകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഉപജാപങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിനെതിരെ വമ്പിച്ച ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐ എമ്മും എല്‍ഡിഎഫും തീരുമാനിച്ചിട്ടുള്ളത്. സിപിഐ എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റിക്കുവേണ്ടി നിര്‍മിച്ച കുഞ്ഞാലി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് പ്രതിപക്ഷത്തിരിക്കണമെന്നാണ് ജനവിധി. പാര്‍ലമെന്ററി ഉപജാപങ്ങളിലൂടെ ചിലരെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് എല്‍ഡിഎഫ് നേരത്തെ പറഞ്ഞതാണ്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചവര്‍ ഇന്ന് പശ്ചാത്തപിക്കുന്നു. വലിയ അബദ്ധം കാണിച്ചെന്ന ചിന്ത അവര്‍ക്കുണ്ട്. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നാടിന്റെ വികസനം അട്ടിമറിക്കുന്ന തീരുമാനങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നിയമവ്യവസ്ഥ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ശിശുക്ഷേമ സമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ , കോടതി വിധിപോലും അംഗീകരിക്കുന്നില്ല. മന്ത്രിമാരുടെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു.

സംസ്ഥാനത്ത് വര്‍ഗീയവികാരവും വര്‍ഗീയ സംഘടനകളും ശക്തിപ്പെട്ടതാണ് ഗുരുതരമായ സ്ഥിതിവിശേഷം. ജാതി-മത ശക്തികളുടെ സൃഷ്ടിയായ സര്‍ക്കാരിന് ഫലപ്രദമായ നടപടി സ്വീകരിക്കാനാവുന്നില്ല. ഒരു മതന്യൂനപക്ഷ വിഭാഗവും ഇപ്പോള്‍ സിപിഐ എമ്മിനെ അകറ്റി നിര്‍ത്തുന്നില്ല. അവര്‍ക്കുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ പൂര്‍ണമായും മാറി. മതന്യൂനപക്ഷ വിഭാഗങ്ങളില്‍ പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. മുസ്ലിം ബഹുജനങ്ങളിലെ പാവപ്പെട്ടവരുടെ പ്രശ്നങള്‍ കൂടുതല്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം വിപുലമാക്കും. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും സംഘപരിവാറിനെതിരായ ചെറുത്തുനില്‍പ്പിലും സിപിഐ എമ്മിന്റെ ഉറച്ച നിലപാട് മതന്യൂനപക്ഷങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. എങ്കിലും ഇടപെടലിന്റെ കുറവ് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.


നുണപ്രചാരണം തുടരുന്നു

സമ്മേളനം കഴിഞ്ഞിട്ടും പാര്‍ടിക്കെതിരെ നുണപ്രചാരണം നടക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത വാര്‍ത്തകളും തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളുമാണ് ചില മാധ്യമങ്ങളില്‍ വരുന്നത്. സമ്മേളനത്തെക്കുറിച്ച് ഒരു മോശം കാര്യവും പറയാനില്ലാത്തതുകൊണ്ടാണ് തരംതാണ പ്രചാരണം അഴിച്ചുവിടുന്നത്.

സമാപന സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രസംഗിക്കുന്നത് ഒഴിവാക്കാന്‍ അധ്യക്ഷനായ സംസ്ഥാന സെക്രട്ടറി പ്രസംഗിച്ചെന്നാണ് വാര്‍ത്ത. സമ്മേളനത്തില്‍ അധ്യക്ഷന്‍ പ്രസംഗിക്കുന്നത് പുതിയ സംഭവമല്ല. വേദിയിലുള്ള എല്ലാവരും അറിഞ്ഞിട്ടാണ് യെച്ചൂരി പോയത്. വിമാനത്താവളത്തില്‍ നേരത്തെ എത്താനാണ് അദ്ദേഹം പുറപ്പെട്ടത്. അത് നേരത്തെ നിശ്ചയിച്ചതുമാണ്. ഉദ്ഘാടകന്‍ ആദ്യം പ്രസംഗിച്ചാലും അദ്ദേഹത്തിന് പ്രസംഗിച്ച് പേകാനാവില്ല. നേരത്തെ തീരുമാനിച്ചപ്രകാരമാണ് സമാപന സമ്മേളനം നടന്നത്. ഇതുസംബന്ധിച്ച് നോട്ടീസും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത കൊടുത്ത ഡല്‍ഹിയിലെ ലേഖകന്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാകില്ല. ഏതുവിധേനയും സിപിഐ എമ്മിന്റെ മേക്കിട്ടുകയറാനാണ് ശ്രമമമെന്ന് പിണറായി പറഞ്ഞു.


deshabhimani 160212

1 comment:

  1. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രക്ഷോഭച്ചൂടില്‍ യുഡിഎഫ് സര്‍ക്കാര്‍ തനിയെ താഴെപ്പോകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഉപജാപങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിനെതിരെ വമ്പിച്ച ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐ എമ്മും എല്‍ഡിഎഫും തീരുമാനിച്ചിട്ടുള്ളത്.

    ReplyDelete